goodnews head

ആരോരുമില്ലാത്തവര്‍ ഭയക്കേ, ബാബു ഇവിടെയു്‌

Posted on: 15 Mar 2008


തലശ്ശേരി: തലശ്ശേരി ജനറല്‍ ആസ്​പത്രിയിലെത്തുന്ന ആരോരുമില്ലാത്തവര്‍ക്ക് പരിചരണവും സംരക്ഷണവും നല്കുകയാണ് ബാബു പാറാല്‍. പരിചരിക്കാന്‍ ആളില്ലാത്തവര്‍ ആസ്​പത്രിയിലെത്തിയാല്‍ സഹായത്തിന് ബാബു തയ്യാര്‍. അത്തരക്കാര്‍ എത്തിയാല്‍ ആസ്​പത്രിജീവനക്കാര്‍ ബാബുവിനെ അന്വേഷിക്കും. പരിചരണം ഏറ്റെടുത്താല്‍ പിന്നീട് രോഗിയെ ബാബു നോക്കിക്കൊള്ളും.

ആയിരത്തിലേറെ രോഗികളെ പരിചരിച്ച ബാബുവിന്റെ സംരക്ഷണത്തില്‍ ഇപ്പോഴും ഏഴ് പേരു്. ഇതില്‍ പലര്‍ക്കും വീടും നാടും കൃത്യമായി ഓര്‍മ്മയില്ല. അന്‍പതിനു മുകളില്‍ പ്രായമുള്ളവരാണ് മിക്കവരും. ഇവരെ കുളിപ്പിക്കുന്നതും ഭക്ഷണം നല്കുന്നതുമെല്ലാം ബാബുവാണ്. പുഴുവരിക്കുന്ന ശരീരവുമായെത്തുന്നവരെ പരിചരിക്കാനും ബാബുവിന് മടിയില്ല. അത് തന്റെ കടമയാണെന്നാണ് ബാബുവിന്റെ നിലപാട്.
ആസ്​പത്രിയില്‍ ബാബുവിന്റെ പരിചരണയില്‍ കഴിയുന്നതില്‍ ഒരാള്‍ അന്ധനാണ്. ഒരാഴ്ച മുന്‍പ് പാനൂരില്‍നിന്ന് ആരൊക്കെയോ ആസ്​പത്രിയിലെത്തിച്ചതാണ്. ചന്ദ്രന്‍ എന്നാണ് പേര്. വീട് പാനൂര്‍ നാലാം പെരിയയിലാണെന്ന് പറയുന്നു. കഴിഞ്ഞാഴ്ച ആസ്​പത്രിയില്‍ കൊുവന്ന ഇരിട്ടി നെല്ല്യാട്ട് കോളനിയുടെ മൂപ്പനായിരുന്ന മണിയെ പരിചരിക്കുന്നതും ബാബുവാണ്. കൈകാലുകള്‍ തളര്‍ന്ന് മരുന്നും ഭക്ഷണവുമില്ലാതെ കഴിയുന്ന മൂപ്പനെക്കുറിച്ച് മാതൃഭൂമിയില്‍ വാര്‍ത്ത വന്നശേഷം ബാബു മുന്‍കൈയെടുത്താണ് ജനറല്‍ ആസ്​പത്രിയിലെത്തിച്ചത്. മൂപ്പന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു.

ക്ഷയരോഗ വാര്‍ഡില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശി തങ്കരാജ്, പെരിങ്ങത്തൂരിലെ അഹമ്മദ്, സര്‍ജിക്കല്‍ വാര്‍ഡില്‍ കഴിയുന്ന ഉക്കാസ് എന്നിവരും ബാബുവിന്റെ സംരക്ഷണത്തിലാണ്. 4 വര്‍ഷത്തിലേറെയായി ആരോരുമില്ലാത്തവര്‍ക്ക് സാന്ത്വനമായിമാറിയ ബാബു തുടക്കത്തില്‍ റോഡില്‍ കിടന്നിരുന്നവരെയാണ് സഹായിച്ചിരുന്നത്. റോഡില്‍ കിടന്നവരെ സ്നേഹഭവന്‍ പോലുള്ള സ്ഥാപനങ്ങളിലെത്തിച്ചു. പിന്നീട് ആസ്​പത്രിയില്‍ എത്തുന്നവരെ പരിചരിക്കാന്‍ തുടങ്ങി.

രാവിലെ 8.30 ന് ആസ്​പത്രിയിലെത്തുന്ന ബാബു വൈകിട്ടുവരെ എല്ലാ ദിവസവും ആസ്​പത്രിയിലുാവും. ആസ്​പത്രിയിലെ ജീവനക്കാരെല്ലാം ബാബുവിന് പരിചിതരാണ്. ആസ്​പത്രി അധികൃതരുടെ സഹകരണമുള്ളതിനാലാണ് ബുദ്ധിമുട്ടില്ലാതെ സഹായം ചെയ്തുകൊടുക്കാന്‍ കഴിയുന്നതെന്ന് ബാബു പറഞ്ഞു. ചാരായതൊഴിലാളിയായിരുന്ന ബാബു അഞ്ചുവര്‍ഷം മുന്‍പുവരെ കുത്തഴിഞ്ഞ ജീവിതത്തിന്റെ ഉടമയായിരുന്നു. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ പോയി വന്നശേഷമാണ് മാനസിക പരിവര്‍ത്തനം വന്നത്. ചൊക്ലി പാറാല്‍ സ്വദേശിയാണ് ബാബു. നിര്‍മ്മലയാണ് ഭാര്യ. കബനി, നേദിത എന്നിവര്‍ മക്കളാണ്.

 

 




MathrubhumiMatrimonial