
വൈകല്യത്തെ തോല്‍പിച്ച് ജീവിതവഴിയില്‍ ആദിവാസി യുവാവ്
Posted on: 28 Oct 2007

മുളച്ചീളുകള്‍കൊണ്ട് പണിത മനോഹരമായ മൂന്നുനില വീടിന്റെ മാതൃകനോക്കി ഇത് തന്റെ സ്വപ്‌നഗൃഹമാണെന്ന് പ്രഭുകുമാര്‍ പറയുന്നു. പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിച്ചിട്ടില്ലാത്ത ഈ യുവാവ് ചെയ്യാത്ത ജോലികളില്ല. ടി.വി., റേഡിയോ മെക്കാനിക്ക്, തയ്യല്‍പ്പണി, ആശാരിപ്പണി, മേസന്‍പണി, വണ്ടി റിപ്പയറിങ്, മരം കയറ്റം, കരകൗശലവസ്തു നിര്‍മാണം തുടങ്ങി എല്ലാം പ്രഭുകുമാറിന് വഴങ്ങുന്നു.
പോളിയോമൂലം ബാല്യത്തിലേ തളര്‍ന്നതാണ് പ്രഭുവിന്റെ ഇടത്തേക്കാല്. വലതുകാലിനും വേണ്ടത്ര ശേഷിയില്ല. എന്നിട്ടും തന്റെ ദുര്‍വിധിയില്‍ പകച്ചിരിക്കാതെ അംഗവൈകല്യത്തെ തോല്‍പിച്ച് ആത്മവിശ്വാസത്തോടെ ഈ 23 കാരന്‍ താഴെമുള്ളി ഊരുകാര്‍ക്ക് പ്രിയങ്കരനാവുന്നു.
മുളന്തണ്ടുകള്‍ ഉപയോഗിച്ച് പ്രഭു നിര്‍മിച്ച മൂന്നുനിലയുള്ള വീടിന്റെ മാതൃക ആരെയും ആകര്‍ഷിക്കും. വീട്ടിലെ ഓരോ മുറിയും വാതില്‍, ജനല്‍ തുടങ്ങിയവയും ഒരു മികച്ച വാസ്തുശില്‍പിയുടെ നൈപുണ്യത്തോടെയാണ് ചെയ്തിരിക്കുന്നത്.
പ്രഭുവിനെ പ്രസവിച്ച് പത്തുമാസം കഴിഞ്ഞപ്പോഴാണ് പോളിയോ ബാധിച്ചതെന്ന് അമ്മ രേശി പറയുന്നു. അന്ന് ഒരാള്‍പോലും എത്തിനോക്കാത്ത സ്ഥലമായിരുന്നു താഴെമുള്ളി. പോളിയോ വാക്‌സിനെക്കുറിച്ച് ആര്‍ക്കും അറിവില്ല. പ്രഭുവിനെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും സമപ്രായക്കാര്‍ കളിയാക്കുമെന്ന പേടിയില്‍ പോകാന്‍ കൂട്ടാക്കിയില്ല.
മറ്റുള്ളവര്‍ ചെയ്യുന്ന ജോലികള്‍ കണ്ട് പഠിക്കുകയായിരുന്നു പ്രഭുകുമാര്‍. ഈ പ്രദേശത്തെ പ്രധാന വണ്ടി മെക്കാനിക്കാണ് പ്രഭു. ബൈക്കായാലും ജീപ്പ്പായാലും ഇവിടത്തുകാരും ഇതിലൂടെയുള്ള യാത്രക്കാരും ചെറിയ പണികള്‍ക്ക് പ്രഭുവിനെയാണ് സമീപിക്കുക. ഊരിലെ തയ്യല്‍പ്പണി ചെയ്യുന്നതും പ്രഭുവാണ്. താഴെമുള്ളിയിലെ ഭൂരിഭാഗം പേരും പ്രഭുവിന്റെ കൈയിലാണ് തുണികള്‍ തുന്നാന്‍ കൊടുക്കുന്നത്. ഊരിലെ ആശാരിപ്പണി, മേസന്‍പണി, റേഡിയോ മെക്കാനിക്ക്, ടിവി. റിപ്പയറിങ് തുടങ്ങി ഏത് ജോലി ചെയ്യുന്നതിനും ആളുകള്‍ പ്രഭുവിനെ ആശ്രയിക്കുന്നു. ഊരിലെ 33 വീടുകളുടെ മേല്‍ക്കൂര മേഞ്ഞ് ഓടിട്ടത് പ്രഭുവാണെന്ന് ഊരുകാര്‍ പറഞ്ഞു. ഊരിലെ വൈദ്യുത ലൈനില്‍ എന്തെങ്കിലും ചെറിയ പ്രശ്‌നമുണ്ടെങ്കില്‍ അതും പരിഹരിക്കും. ഒറ്റക്കാലില്‍ മരം കയറുന്ന പ്രഭുവിന് വൈദ്യുത പോസ്റ്റ് ഒരു പ്രശ്‌നമേയല്ല.
ഊരുകാരില്‍നിന്ന് ചെറിയ കൂലിമാത്രമേ പ്രഭു വാങ്ങുകയുള്ളൂ. ഊരിലെ എല്ലാവര്‍ക്കും എന്നും പണിയൊന്നുമില്ല. മാത്രമല്ല, അവര്‍ക്കും കുറഞ്ഞ കൂലിയാണ് കിട്ടുന്നത്. പിന്നെ ഞാന്‍ അവരില്‍നിന്ന് പൈസ അധികം വാങ്ങുന്നത് ശരിയല്ല -പ്രഭു തുറന്നുപറഞ്ഞു.
ഊരില്‍ ജലനിധി നടപ്പിലാക്കുന്ന കുടിവെള്ളപദ്ധതിയുടെ പമ്പ് ഓപ്പറേറ്റര്‍ കൂടിയാണ് പ്രഭു. പലപ്പോഴും ഇയാള്‍ക്ക് ഇതിന് പ്രതിഫലം കൊടുക്കാറില്ലെന്ന് ഊരുകാര്‍ പരാതിപ്പെടുന്നു. ഊരിലെ കേബിള്‍ ടി.വി. ഓപ്പറേറ്ററും പ്രഭുവാണ്. കേബിള്‍ ലൈന്‍ നന്നാക്കുന്നതിനായി പ്രഭു തന്റെ ഒറ്റക്കാലും വെച്ച് ബൈക്കില്‍ അതിവേഗം പോകുന്നത് അത്ഭുതക്കാഴ്ചയാണ്.
അമ്മയുടെ ചേച്ചിയുടെ മകനായ ശിവരാജനാണ് പ്രഭുവിനെ പ്രധാനമായും സഹായിക്കുന്നത്. ചേട്ടത്തിയമ്മ വള്ളിയും കൂടെയുണ്ട്. തനിക്ക് ഒരു വര്‍ക്ഷോപ്പിടാന്‍ വേണ്ടി ഐ.ടി.ഡി.പി. യോടും അഹാഡ്‌സിനോടും സഹായമഭ്യര്‍ഥിച്ചെങ്കിലും അവരാരും തന്നെ പരിഗണിച്ചില്ലെന്ന് പ്രഭു പരാതിപ്പെടുന്നു.
