
വിജയരാഘവന്റെ അവയവങ്ങള്‍ രക്ഷിച്ചത് മൂന്ന് ജീവന്‍
Posted on: 28 Oct 2007

കുട്ടനാട് സി.പി.എം. നേതാവായിരുന്ന വിജയരാഘവനെ ഒക്ടോബര്‍ 5നാണ് മസ്തിഷ്‌കരക്തസ്രാവത്തെ തുടര്‍ന്ന് അമൃത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പത്ത് മണിയോടെ മസ്തിഷ്‌കമരണമടഞ്ഞ അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. 'അവയവദാനം ജീവന്‍ദാന'മാണെന്ന സനേ്ദശം പ്രചരിപ്പിക്കുന്ന 'സോര്‍ട്ട്' എന്ന സംഘടനയുമായി ഇതിനായി അവര്‍ ബന്ധപ്പെട്ടു. 'സോര്‍ട്ട്' ഭാരവാഹികള്‍ എത്തി നിയമാനുസൃതമായ നടപടികള്‍ സ്വീകരിച്ചു.
'സോര്‍ട്ടി'ന് കൈമാറിയ അവയവങ്ങളില്‍ കരള്‍, കരള്‍വീക്കത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി ഹംസയ്ക്ക് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചു. അമൃത ആസ്പത്രിയില്‍ ഡോ. എസ്. സുധീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന വിജയകരമായ ശസ്ത്രക്രിയയ്ക്കുശേഷം ഹംസ സുഖംപ്രാപിച്ചുവരികയാണ്. വൃക്കത്തകരാറുമൂലം അമൃത ആസ്പത്രിയില്‍ ഡയാലിസിസിന് വിധേയയായി കഴിയുകയായിരുന്ന കണ്ണൂരിലെ സ്വകാര്യ ബി.എഡ്. കോളേജ് അധ്യാപിക വി.പി. സ്മിതയ്ക്ക് വൃക്കമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ നല്‍കാനും വിജയരാഘവന്റെ അവയവദാനത്തിലൂടെ കഴിഞ്ഞു.
അവയവങ്ങള്‍ ലഭിക്കുമ്പോള്‍ അവ 'സോര്‍ട്ടി'ന്റെ അംഗങ്ങളായ മറ്റു ആസ്പത്രികളുമായി പങ്കുവെയ്ക്കണമെന്ന ധാരണപ്രകാരം ഒരു വൃക്ക ലേക്ഷോര്‍ ആസ്പത്രിക്ക് കൈമാറി. വൃക്കരോഗിയായ 20 വയസ്സുകാരന്‍ ഇടപ്പള്ളി സ്വദേശി സിദ്ദിക്കിന് ഈ വൃക്ക മാറ്റിവെച്ചു.
കരളും വൃക്കകളും കൂടാതെ വിജയരാഘവന്റെ കണ്ണുകളും 'സോര്‍ട്ട്' മുഖാന്തിരം അങ്കമാലി ലിറ്റില്‍ ്‌ല്‌ലവര്‍ ആസ്പത്രിക്ക് കൈമാറിയതായി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, ജോയിന്റ് സെക്രട്ടറി എ. വസന്ത് ഷേണായ്, വൈസ് ചെയര്‍മാന്‍ ഡോ. എ.കെ. സഭാപതി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അനുയോജ്യനായ രോഗിയുടെ അഭാവംമൂലം വിജയരാഘവന്റെ ഹൃദയം ഉപയോഗിക്കാനായില്ല.
പരേതനായ കമ്മ്യൂണിസ്റ്റ് നേതാവ് ജോര്‍ജ് ചടയംമുറിയുടെയും എണ്ണയ്ക്കാട്ടുകൊട്ടാരത്തില്‍ സുഭദ്രാമ്മത്തങ്കച്ചിയുടെയും മകളും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞയുമായ ഡോ. എസ്. ലീനാകുമാരിയുടെ ഭര്‍ത്താവാണ് വിജയരാഘവന്‍.
