
ഒരു മകനും; ഒരച്ഛനും ഈ ഗതി വരരുതേ
Posted on: 16 Sep 2015

തന്റെ ഏഴു വയസ്സുകാരനായ മകന്‍ അഭിനവിന് ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആസ്പത്രിയില്‍ വേണ്ട സമയത്ത് വേണ്ട മരുന്ന് ലഭിച്ചിരുന്നെങ്കില്‍ അല്ലെങ്കില്‍ രോഗം മൂര്‍ച്ഛിച്ചപ്പോള്‍ എതെങ്കിലുമൊരു ആസ്പത്രിയില്‍ ഒരു ബെഡ് ലഭിച്ചിരന്നെങ്കില്‍ അഭിനവ് ഇന്നും മനോജ് ശര്‍മക്കൊപ്പമുണ്ടായേനെ. മകന് വേണ്ടി ആ അച്ഛന്‍ വേണ്ടതൊക്കെ ചെയ്തു. കേവലം 10,000 രൂപ മാത്രമാണ് മനോജിന്റെ ശമ്പളമെങ്കിലും ചികിത്സക്ക് പണം പോലും പരിമിതിയായില്ല. ഒരു ലക്ഷം രൂപയോളം ചികിത്സക്ക് ചിലവാക്കി. പക്ഷെ ആസ്പത്രി ജീവനക്കാരുടെ അനാസ്ഥ കാരണം വേണ്ട സമയത്ത് മകന് വേണ്ട ചികിത്സ ലഭിക്കാതെ വന്നപ്പോള്‍ ചെയ്തുകൂട്ടിയതൊന്നും മതിയാവാതെ വന്നു.
എതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അമന് പനി തുടങ്ങിയത്. പനി മാറാതെ വന്നപ്പോള്‍ അടുത്തുള്ള ഡോക്ടറെ കാണിച്ചു. ഡോക്ടര്‍ നല്‍കിയ മരുന്നുകള്‍ ഫലിക്കാതെ വന്നപ്പോള്‍ മകനെ മറ്റൊരു നേഴ്‌സിങ് ഹോമില്‍ കാണിച്ചു. അവിടെ നടത്തിയ രക്ത പരിശോധനയിലാണ് ഡങ്കിപ്പനിയാണെന്ന് അറിയുന്നത്. സപ്തംബര്‍ 9നായിരുന്നു ഇത്.
ഉടന്‍ തന്നെ മെച്ചപ്പെട്ട ചികിത്സക്കായി സഫ്ദര്‍ജങ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ മകനെ പരിശോധിക്കാന്‍ പോലും തയ്യാറായിരുന്നില്ല. പനിക്കുള്ള ഗുളികക നല്‍കി പറഞ്ഞയക്കുകയാണുണ്ടായത്. എന്നാല്‍, അമന്റെ പനി കുറഞ്ഞില്ല. പകരും ആരോഗ്യം തീരെ മോശമാവുകയും ചെയ്യ്തു. ശര്‍ദ്ദി കൂടി തുടങ്ങിയപ്പോള്‍ മനോജ് അമനുമായി മറ്റൊരു സ്വകാര്യ ആസ്പത്രിയായിലേക്ക് പോയി. ജീവന്‍ ഹോസ്പിറ്റലില്‍ രണ്ടു ദിവസം അഡ്മിറ്റ് ചെയ്‌തെങ്കിലും അമനെ മികച്ച ചികിത്സ ആവശ്യമായതിനാല്‍ കൂടുതല്‍ നല്ല ആസ്പത്രിയിലേക്ക് കൊണ്ടുപോവാന്‍ ആസ്പത്രി അധികൃതര്‍ ആവശ്യപ്പെട്ടു.
അപ്പോഴേക്കും അമന്‍ നന്നേ തളര്‍ന്നിരുന്നു. പിന്നീട് മൂല്‍ചന്ദ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അവിടെ ഒരു ബെഡ് പോലും ഒഴിവുണ്ടായിരുന്നില്ല. അസ്പത്രി അധികൃതര്‍ മാകസ്, ബാത്ര എന്നീ ആസ്പത്രികളിലേക്ക് ഫോണ്‍ വിളിച്ചന്വേഷിച്ചെങ്കിലും അവിടെയൊന്നും ബെഡ് ഒഴിവില്ലെന്ന വിവരമാണ് ലഭിച്ചത്. പിന്നീട് ഒരുവഴിയുമില്ലാതെ സഫ്ദര്‍ജങ് ആസ്പത്രിയിലേക്ക് തന്നെ മകനുമായി ഓടുകയായിരുന്നു. എന്നാല്‍, സഫ്ദര്‍ജങ് ആസ്പത്രിയിലും അമന് ബെഡ് ലഭിച്ചില്ല. അധികൃതര്‍ കാത്തുനില്‍ക്കാന്‍ മാത്രം പറഞ്ഞു. അതിനിടയിലാണ് ഹോളി ഫാമിലി ആസ്പത്രിയില്‍ ബെഡ് ഒഴിവുണ്ടെന്ന വിവരം മനോജിന്റെ അയല്‍വാസി വിളിച്ചറിയിക്കുന്നത്. ഉടന്‍ മകനെ അവിടെയെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് അധികം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഹോളി ഫാമിലി ആസ്പത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ സപ്തംബര്‍ 13ന് രാവിലെ അമന്‍ അന്ത്യയാത്രയായി...
