Crime News

കുഡ്‌ലു ബാങ്ക് കവര്‍ച്ച: പ്രതികളില്‍ രണ്ടുപേര്‍ ഗള്‍ഫിലേക്ക് കടന്നു

Posted on: 16 Sep 2015


കാസര്‍കോട്: കുഡ്‌ലു സഹകരണ ബാങ്ക് കവര്‍ച്ചക്കേസില്‍ പോലീസ് തിരയുന്ന രണ്ടുപേര്‍ ഗള്‍ഫിലേക്ക് കടന്നതായി സൂചന. വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസുകള്‍ നല്കിയിട്ടുണ്ടെങ്കിലും വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇവര്‍ രാജ്യം വിട്ടതെന്നാണ് വിവരം. അതേസമയം കേസുമായി ബന്ധപ്പെട്ട് മറ്റൊരാള്‍ കൂടി അന്വേഷണസംഘത്തിന്റെ പിടിയിലായി. ചൗക്കിസ്വദേശി മുഹമ്മദ് ഷബീറാണ് (25) കസ്റ്റഡിയിയിലുള്ളത്. ഗോവയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. ഇതോടെ കവര്‍ച്ചയില്‍ നേരിട്ട് പങ്കാളികളായവരും കവര്‍ച്ചസംഘത്തിന് സഹായംചെയ്തവരുമുള്‍പ്പെടെ ആറുപേര്‍ കസ്റ്റഡിയിലുണ്ട്.

ബാങ്കില്‍ മുഖംമൂടിസംഘം കൊള്ളനടത്തുമ്പോള്‍ പുറത്ത് കാവല്‍നിന്നിരുന്നത് ഷബീറാണെന്ന് പോലീസ് കണ്ടെത്തി.
കേസിലെ മുഖ്യ ആസൂത്രകന്‍ ചൗക്കി സ്വദേശിയും ബന്തിയോട്ടെ താമസക്കാരനുമായ ഒരാളെയും ചൗക്കി സ്വദേശി മഹ്ഷൂഖിനെയും നേരത്തേ പിടികൂടിയിരുന്നു. ഇവരെ കാസര്‍കോട്ടെത്തിച്ചതായാണ് വിവരം. നേരത്തേ ചെര്‍ക്കള സ്റ്റാര്‍നഗറില്‍ മുളകുപൊടിയെറിഞ്ഞ് ലക്ഷങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയാണ് മഹ്ഷൂഖ്. രണ്ടുപേരെയും ചോദ്യംചെയ്തതില്‍ നിര്‍ണായകവിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കവര്‍ച്ചയ്ക്കുശേഷം പ്രതികള്‍ വഴിപിരിഞ്ഞുവെന്ന നിഗമനങ്ങള്‍ ശരിവെയ്ക്കുന്നതാണ് അറസ്റ്റിലായവരില്‍നിന്ന് ലഭിക്കുന്ന മൊഴികള്‍.

അതിനിടെ കേസിലെ പ്രധാനിയുടെ ബന്തിയോട്ടെ വീട്ടില്‍ ചൊവ്വാഴ്ച വൈകിട്ടും പോലീസ് സംഘം പരിശോധന നടത്തി. കവര്‍ച്ചസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് പോലീസ് പറഞ്ഞു. മഹ്ഷൂഖിനെ ചോദ്യം ചെയ്തതില്‍നിന്ന് സ്വര്‍ണം കടത്തിയിട്ടില്ലെന്ന വിവരം ലഭിച്ചിട്ടുണ്ട്. മുംബൈ, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലാണ് പ്രത്യേക സംഘാംഗങ്ങള്‍ മറ്റു പ്രതികള്‍ക്കായി അന്വേഷണം നടത്തുന്നത്.

 

 




MathrubhumiMatrimonial