Crime News

രത്‌നംകാണിച്ച് പണംതട്ടാന്‍ ശ്രമം: അഞ്ചംഗസംഘം അറസ്റ്റില്‍

Posted on: 16 Sep 2015


പെരിന്തല്‍മണ്ണ: അസംസ്‌കൃതരത്‌നംകാണിച്ച് കോടിക്കണക്കിനു രൂപ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പണംതട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചംഗസംഘം അറസ്റ്റിലായി.

തൃശ്ശൂര്‍ ജില്ലക്കാരായ വാടാനപ്പള്ളി അറക്കവീട്ടില്‍ എ.എം. ജബ്ബാര്‍ (48), ചാവക്കാട് തങ്ങള്‍പ്പടി മഠത്തില്‍പറമ്പില്‍ അന്‍സാര്‍ (26), പേരാമംഗലം പോന്നൂര്‍ ചവറാട്ടില്‍ സുരേഷ് (54), തൃത്തല്ലൂര്‍ പുതിയവീട്ടില്‍ സെയ്ഫുദ്ദീന്‍ (35), പേരാമംഗലം പോന്നൂര്‍ മാങ്ങാപറമ്പില്‍ സുകുമാരന്‍ (43) എന്നിവരെയാണ് സി.ഐ. കെ.എം. ബിജു, എസ്.ഐ. സി.കെ. നാസര്‍ എന്നിവരും പ്രത്യേക അന്വേഷണസംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.

പെരിന്തല്‍മണ്ണയ്ക്കടുത്ത് അമ്മിനിക്കാട് സ്വദേശി നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി പൊന്ന്യാകുര്‍ശ്ശി സ്‌കൂളിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ് സംഘത്തെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

പരാതിക്കാരന്‍ അങ്ങാടിപ്പുറത്തുനിന്ന് പരിചയപ്പെട്ടയാള്‍ മുഖേന ജബ്ബാറുമായി ബന്ധപ്പെടുകയായിരുന്നു. പലതവണ പെരിന്തല്‍മണ്ണയിലെത്തി പരാതിക്കാരനെക്കണ്ട് രത്‌നത്തെക്കുറിച്ച് പറഞ്ഞു വിശ്വസിപ്പിച്ചു. രത്‌നത്തിന് കോടികള്‍ വിലമതിക്കുമെന്നും ഇത് കച്ചവടംനടത്തിയാല്‍ വന്‍തുക ലാഭമുണ്ടാകുമെന്നും വിശ്വസിപ്പിച്ച് പണംതട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംശയംതോന്നിയ പരാതിക്കാരന്‍ പോലീസില്‍ അറിയിച്ചതോടെയാണ് സംഘം വലയിലായത്. എന്നാല്‍ വിശദപരിശോധനയിലൂടെ മാത്രമേ രത്‌നത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കൂയെന്ന് സി.ഐ. പറഞ്ഞു.

സെയ്ഫുദ്ദീന്‍ ബി.ജെ.പി. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും അടിപിടിക്കേസിലും ഉള്‍പ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. അന്‍സാര്‍ ചാവക്കാട് സ്റ്റേഷന്‍ പരിധിയിലെ അടിപിടിക്കേസുകളിലുള്‍പ്പെട്ടയാളാണ്.

പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരായ എ.എസ്.ഐ. വേലായുധന്‍, പി. മോഹന്‍ദാസ്, കെ. സന്ദീപ്, പി.എന്‍. മോഹനകൃഷ്ണന്‍, സി.പി. മുരളി, എന്‍.ടി. കൃഷ്ണകുമാര്‍, അഷ്‌റഫ് കൂട്ടില്‍, ടി. കുഞ്ഞയമു, ടി. സെലീന, ആമിന എന്നിവരടങ്ങിയസംഘമാണ് പ്രതികളെ അറസ്റ്റു ചെയ്ത് തുടരന്വേഷണം നടത്തുന്നത്.

 

 




MathrubhumiMatrimonial