goodnews head

ആ ഫോണ്‍ ദൈവത്തിന്റെ വിളിതന്നെ.....

Posted on: 16 Sep 2015


ഗാന്ധിനഗര്‍: ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഇനി ഹൃദയംമാറ്റിവെക്കല്‍മാത്രം പോംവഴി എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ പ്രതീക്ഷ അസ്തമിച്ച അവസ്ഥയിലായിരുന്നു ഓമന. പക്ഷേ, ആ ഫോണ്‍കോള്‍..... 'നിങ്ങള്‍ക്ക് അനുയോജ്യമായ ഹൃദയം തയ്യാറാവുന്നു എന്നു കരുതുന്നു' -കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോതൊറാസിക് വിഭാഗത്തില്‍നിന്നായിരുന്ന ആ ഫോണ്‍. അത് ദൈവത്തിന്റെ സന്ദേശംതന്നെയായിരുന്നെന്ന് പറയുമ്പോള്‍ ഓമനയുടെ വാക്കുകള്‍ ഇടറി. ചൊവ്വാഴ്ച പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ പൊടിമോന്റെ ഭാര്യയാണ് ഓമന.

വര്‍ഷങ്ങളായി ഹൃദ്രോഗവിഭാഗത്തില്‍ ചികിത്സയിലായിരുന്നു പൊടിമോന്‍. മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കുമ്പോഴും ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പൊടിമോന്‍ മേസ്ത്രിപ്പണിക്ക് പോയിരുന്നു. ശ്വാസതടസ്സവും നെഞ്ചെരിച്ചിലുംമൂലം രണ്ടുമാസം മുമ്പാണ് കാര്‍ഡിയോളജി വിഭാഗത്തില്‍ രണ്ടുദിവസത്തേക്കെന്നുപറഞ്ഞ് അഡ്മിറ്റായത്. എന്നാല്‍, വിവിധ പരിശോധനകള്‍ക്കുശേഷം അത് പത്തുദിവസംവരെയായി. ഇതിനിടയില്‍ ഹൃദ്രോഗവിഭാഗത്തിലെ ഡോക്ടര്‍മാര്‍ ചില വിദഗ്ധപരിശോധനകള്‍ക്കായി രക്തം എറണാകുളത്തെ ആസ്പത്രിയിലേക്കയച്ചിരുന്നു.

പരിശോധനാഫലം എത്തിയപ്പോള്‍ പ്രശ്‌നം ഗുരുതരമാണെന്ന് ഡോക്ടര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പൊടിമോനെ കാര്‍ഡിയോതൊറാസിക് വിഭാഗത്തില്‍ പരിശോധനയ്ക്കയച്ചത്. ഇനി ഹൃദയം മാറ്റിവെക്കല്‍ മാത്രമാണ് പ്രതിവിധി എന്നും ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ഓമനയുടെ ഹൃദയം തകര്‍ന്നു.

ജീവിക്കാന്‍തന്നെ പണമില്ലാത്ത അവസ്ഥയില്‍ 25 ലക്ഷത്തിലധികം രൂപ മുടക്കി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്ന കാര്യം പൊടിമോനും ഓമനയ്ക്കും ആലോചിക്കാന്‍പോലും കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ചികിത്സ തുടരാനും മറ്റെല്ലാം ദൈവത്തിനു വിട്ടുകൊടുക്കാനും ഇരുവരും തീരുമാനിച്ചത്. ഇതിനിടയില്‍ സര്‍ക്കാരിന്റെ അവയവദാനപദ്ധതിയായ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ചെയ്തു.

ഞായറാഴ്ച രണ്ടുദിവസത്തേക്ക് വീട്ടില്‍ പോകാന്‍ പൊടിമോന്‍ ഡോക്ടറോട് അനുമതി തേടി. തിങ്കളാഴ്ച മൂന്നരയ്ക്കാണ് സ്ഥിതി മാറ്റിമറിച്ച ഫോണ്‍ വരുന്നത്. പിന്നെ എല്ലാം വേഗത്തിലായിരുന്നു. ഏഴുമണിക്ക് ആസ്പത്രിയിലെത്തി അഡ്മിറ്റായി. തുടര്‍ന്ന് ക്രോസ് മാച്ചിങ്ങ് അടക്കമുള്ള പരിശോധനകളും. ഒടുവില്‍ എല്ലാം ഓ.കെ. പിന്നെ നടന്നതെല്ലാം ഒരു സ്വപ്‌നംപോലെ.......

ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ പോടിമോന്റെ ഹൃദയം പ്രവര്‍ത്തിച്ചുതുടങ്ങിയെന്ന ആഹ്ലൂദവാര്‍ത്ത ഡോ. ടി.കെ.ജയകുമാര്‍ അറിയിച്ചപ്പോള്‍ അനുഭവിച്ച വികാരം ഓമനയ്ക്കു പറയാനാകുന്നില്ല. കാര്‍ഡിയോതൊറാസിക് മേധാവി ഡോ. ടി.കെ.ജയകുമാറിനും അത് ജീവിതത്തിലെ അനര്‍ഘനിമിഷമായിരുന്നു.

ഹൃദയം നല്‍കിയ വിനയന്റെ ബന്ധുക്കള്‍ക്കും കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഇതുവരെ സഹായവും പ്രാര്‍ഥനയുമായി ഒപ്പം നിന്നവര്‍ക്കുമെല്ലാം ഓമന നിറകണ്ണുകളോടെ നന്ദി പറയുന്നു.

 

 




MathrubhumiMatrimonial