Crime News

ആത്മഹത്യാ കുറിപ്പുമായെത്തിയ കമിതാക്കള്‍ മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായി

Posted on: 16 Sep 2015


മംഗളൂരു: ആത്മഹത്യാ കുറിപ്പുമായി ഹാസനില്‍നിന്നെത്തിയ കമിതാക്കള്‍ മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായി. 17ഉം 18ഉം വയസ്സുള്ള വിദ്യാര്‍ഥികളാണ് പിടിയിലായത്. പ്ലൂറ്റ്‌ഫോമില്‍ കറങ്ങിനടക്കുകയായിരുന്ന ഇവര്‍ ടിക്കറ്റ് പരിശോധനയ്ക്കിടയിലാണ് കുടുങ്ങിയത്.

തലേന്നാള്‍ ഹാസനില്‍നിന്ന് മംഗലാപുരെേത്തക്കടുത്ത ടിക്കറ്റാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ടിക്കറ്റാണെന്നുകരുതി പഴ്‌സില്‍നിന്ന് പെണ്‍കുട്ടി പുറത്തെടുത്ത് പരിശോധകന് കൈമാറിയത് ആത്മഹത്യാ കുറിപ്പായിരുന്നു. കന്നടയില്‍ എഴുതിയ കുറിപ്പ് വായിക്കാനാവാതെ ഉത്തരേന്ത്യക്കാരനായ ടിക്കറ്റ് പരിശോധകന്‍ കുഴങ്ങി. സംശയത്തിന്റെ നിഴലിലായിരുന്ന ഇവര്‍ തങ്ങള്‍ സഹോദരങ്ങളാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. രണ്ടുപേരെയും മാറ്റിനിര്‍ത്തി മേല്‍വിലാസം ചോദിച്ചപ്പോള്‍ എഴുതിനല്‍കിയത് വ്യത്യസ്ത വിലാസങ്ങള്‍.

റെയില്‍വേ പോലീസ് സ്ഥലത്തെത്തി കത്ത് വായിച്ചതോടെ പിടിയിലായത് കമിതാക്കളാണെന്നും മാതാപിതാക്കളുടെ എതിര്‍പ്പുകാരണം വീടുവിട്ടിറങ്ങി ആത്മഹത്യയ്ക്ക് ഒരുങ്ങുകയായിരുന്നെന്നും ബോധ്യമായി. ഇതിനിടെ നിക്കര്‍ ധരിച്ച് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയോട് വനിതകളുടെ കാത്തിരിപ്പുമുറിയില്‍ ചെന്ന് വേഷം മാറിവരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ അധികൃതര്‍ പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്ന് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളോടൊപ്പം ഇവരെ വിട്ടയച്ചു.

 

 




MathrubhumiMatrimonial