Crime News

കൊമ്പ്ര പ്രദീപന്‍ കൊലക്കേസ്: പ്രതികളെ വെറുതെവിട്ടു

Posted on: 16 Sep 2015


തലശ്ശേരി: സി.പി.എം. അനുഭാവിയായ കണ്ണൂര്‍ വാരം സ്വദേശി കൊമ്പ്ര പ്രദീപനെ(35) കൊലപ്പെടുത്തിയ കേസില്‍ 12 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി ആര്‍.നാരായണപിഷാരടി വെറുതെവിട്ടു.

സംഭവം സംബന്ധിച്ച് 14 പേര്‍ക്കെതിരെയാണ് കേസ്. നാലാംപ്രതി കണ്ണൂര്‍ താവക്കരയിലെ പി.രാഗേഷ് (40) വിചാരണവേളയില്‍ ഹാജരായില്ല. രാഗേഷിനെതിരെയുള്ള കേസ് പിന്നിട് പരിഗണിക്കും.

13-ാം പ്രതി വേണുഗോപാല്‍ സംഭവശേഷം മരിച്ചു. ക്ഷേത്രോത്സവത്തിന് കലശംവരവുമായി ബന്ധപ്പെട്ട അടിപിടിയാണ് പിന്നിട് കൊലപാതകത്തില്‍ കലാശിച്ചത്. കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിക്കുമുന്നില്‍ 2004 മാര്‍ച്ച് 14-ന് രാത്രി എട്ടരയ്ക്കാണ് സംഭവം. ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അച്ഛനെ കണ്ടുവരുമ്പോഴാണ് പ്രദീപനെ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്.

കേസിലെ ഒന്നാംപ്രതി വാരത്തെ മീത്തലെപറമ്പത്ത് രാജീവന്‍ (45) കൊല്ലപ്പെട്ട പ്രദീപന്റെ ബന്ധുവാണ്. തലശ്ശേരി എടത്തിലമ്പലത്തിനുസമീപത്തെ എം.പി.രജില്‍ (33), കാവുംഭാഗത്തെ വി.കെ.അനീഷ് (32), തലശ്ശേരി നിട്ടൂരിലെ മാളികക്കണ്ടിവീട്ടില്‍ എം.കെ.ശ്രീലേഷ് (38), തലശ്ശേരി കുയ്യാലി ചെറുമഠത്തില്‍ സി.സജു (31), കാവുംഭാഗത്തെ പി.സുജിത് (30), കൊളശ്ശേരി വാവാച്ചിമുക്കിലെ പി.കെ.പ്രജീഷ് (34), എളയാവൂരിലെ കെ.പി.രഞ്ജിത്ത് (40), എളയാവൂരിലെ എ.വി.സുഭാഷ് (37), എളയാവൂരിലെ എം.ബിജു (32), മുണ്ടയാട്ടെ പി.സുജിത് (35), കണ്ണൂര്‍ തളാപ്പിലെ ഗോവിന്ദന്‍കുട്ടി (51) എന്നിവരെയാണ് വെറുതെവിട്ടത്.

14-ാം പ്രതി ഗോവിന്ദന്‍കുട്ടിയുടെ വീട്ടില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കലശംവരവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട പ്രദീപനും ഒന്നാംപ്രതി രാജീവനും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു.

ഇതിന് പ്രതികാരമായി കൊലനടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ സി.കെ.ശ്രീധരന്‍, ടി.സുനില്‍കുമാര്‍, സി.പി.ബിജോയ്, സി.കെ.രത്‌നാകരന്‍, കിഷോര്‍കുമാര്‍ എന്നിവര്‍ ഹാജരായി.

 

 




MathrubhumiMatrimonial