Crime News

മരണത്തിലും ആറ് പേര്‍ക്ക് പുതുജീവനേകി വിനയകുമാര്‍

Posted on: 16 Sep 2015


കൊച്ചി: വിനയകുമാര്‍ മരിക്കുന്നില്ല, ആറ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ഇനിയും ജീവിക്കും. റോഡപകടത്തില്‍ പെട്ട് മസ്തിഷ്‌ക മരണം സംഭവിച്ച പടിഞ്ഞാറെ കടുങ്ങല്ലൂര്‍ വൃന്ദാവന്‍ തെക്കുമുറ്റത്ത് വിനയകുമാറി (48) ന്റെ ബന്ധുക്കളാണ് അവയവ ദാനത്തിലൂടെ ആറ് പേര്‍ക്ക് പുതുവെളിച്ചം പകരാന്‍ സമ്മതമേകിയത്. ഏലൂര്‍ ഇ.എസ്.ഐ. ആശുപത്രിക്ക് സമീപത്തുവച്ച് ഞായറാഴ്ച സ്‌കൂട്ടര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വിജയകുമാറിനെ ലൂര്‍ദ് ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നര മണിയോടെ മസ്തിഷ്‌ക മരണം സംഭവിക്കുകയും രാത്രി ഒമ്പതര മണിയോടെ സ്ഥിരീകരിക്കുകയും ചെയ്തു. വിനയകുമാറിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഭാര്യ ബിന്ദുവും മറ്റു ബന്ധുക്കളും ആസ്പത്രി അധികൃതരെ സമ്മതം അറിയിച്ചു. തുടര്‍ന്ന് ആസ്പത്രിയില്‍ നിന്ന് സര്‍ക്കാറിന്റെ മൃതസഞ്ജീവനി പദ്ധതിയുടെ നടത്തിപ്പിനു വേണ്ടി കെഎന്‍ഒഎസ്സില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരുന്ന രോഗികളിലേക്ക് ഉടനടി അവയവം എത്തിക്കുന്നതിനുള്ള തുടര്‍ നടപടികളുണ്ടാവുകയുമായിരുന്നു.

ലൂര്‍ദില്‍ രാത്രി പന്ത്രണ്ടരയ്ക്ക് ആരംഭിച്ച ശസ്ത്രക്രിയ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് വിജയകരമായി പൂര്‍ത്തിയാക്കി. മൂന്നരയോടെ വിജയകുമാറിന്റെ ഹൃദയം കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുപോകുകയായിരുന്നു. കരള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ കോന്നി സ്വദേശി ഗിരീഷ് കുമാറിനും (41) വൃക്കകളില്‍ ഒരെണ്ണം ലൂര്‍ദില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഡയാലിസിസ് ചെയ്തുവരുന്ന എറണാകുളം ഉദയംപേരൂര്‍ സ്വദേശിനിയായ ഗ്രേസി റോയിക്കും (47) രണ്ടാമത്തേത് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്കും കണ്ണുകള്‍ ആലുവ ടോണി ഫെര്‍ണാണ്ടസ് കണ്ണാശുപത്രിയിലേക്കും ദാനം ചെയ്തു.
ലൂര്‍ദ് ഉള്‍പ്പെടെയുള്ള അഞ്ച് ആശുപത്രികളിലെ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരുന്ന രോഗികള്‍ക്കാണ് ജീവന്റെ പുതുവെളിച്ചം പകരാനായതെന്ന് ആസ്പത്രി ഡയറക്ടര്‍ ഫാ. സാബു നെടുനിലത്ത് അറിയിച്ചു. കെഎന്‍ഒഎസ്സിന്റെയും ലൂര്‍ദ് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും ക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ വിഭാഗം ജീവനക്കാരുടെയും ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റേഴ്‌സിന്റെയും പ്രയത്‌നത്തിന്റെ ഫലമായിട്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. കൃഷ്ണമൂര്‍ത്തി, ഡോ. ബിനു ഉപേന്ദ്രന്‍, ഡോ. വിമല്‍ ഐപ്പ്, ഡോ. ശോഭ ഫിലിപ്പ്, ഡോ. ബിജു പിള്ള, ഡോ. പുന്നൂസ് തോമസ് പുത്തുവീട്ടില്‍ തുടങ്ങി ലൂര്‍ദ് ആസ്പത്രിയിലെ ഡോക്ടര്‍മാരോടൊപ്പം മറ്റ് ആസ്പത്രികളില്‍ നിന്നുമുള്ള മൂപ്പത് ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

 

 




MathrubhumiMatrimonial