
കാണാതായ കുട്ടികളെ കണ്ടെത്താന്‍ ഓപ്പറേഷന്‍ വാത്സല്യ വരുന്നു
Posted on: 15 Sep 2015
ടി.ജി.ബേബിക്കുട്ടി

തിരുവനന്തപുരം: കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ ഹരിയാണ മോഡലില്‍ സംസ്ഥാനത്ത് 'ഓപ്പറേഷന്‍ വാത്സല്യ' പദ്ധതി നടപ്പാക്കുന്നു. പോലീസ്, റെയില്‍വേ, കെ.എസ്.ആര്‍.ടി.സി. തുടങ്ങിയവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന തീവ്രയത്‌നപരിപാടിക്ക് സാമൂഹ്യനീതിവകുപ്പാണ് ചുക്കാന്‍പിടിക്കുന്നത്.
കാണാതാവുന്ന കുട്ടികളെ കണ്ടെത്താന്‍ ഗാസിയാബാദില്‍ 'ഓപ്പറേഷന്‍ സ്‌മൈല്‍' എന്ന പരിപാടി നടപ്പാക്കിയിരുന്നു. ഇത് വിജയമെന്നുകണ്ടതോടെ എല്ലാ സംസ്ഥാനങ്ങളിലും സമാന പരിപാടി ആവിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടികളെ കണ്ടെത്താന്‍ വിശദമായ പരിശോധനകളും മറ്റ് നടപടികളും അടങ്ങിയ 'ഓപ്പറേഷന്‍ വാത്സല്യ' നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഒക്ടോബര്‍ ഒന്ന് മുതല്‍ 31 വരെയാണ് സംസ്ഥാനത്ത് ഓപ്പറേഷന്‍ വാത്സല്യ നടപ്പാക്കുന്നത്. വീടുവിട്ടിറങ്ങുന്ന കുട്ടികളെ കണ്ടെത്തുക, അന്യസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന കുട്ടികളെ തിരികെയേല്പിക്കുക എന്നിവയാണ് 'ഓപ്പറേഷന്‍ വാത്സല്യ'യുടെ ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍നിന്ന് കുട്ടികള്‍ എത്താനും താമസിക്കാനും സാധ്യതയുള്ള സ്ഥലങ്ങളില്‍ വ്യാപക പരിശോധന നടത്തും. കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സംബന്ധിച്ച് പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, സര്‍ക്കാരിതര സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുക.
അന്യസംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെത്താന്‍ സാധ്യതയുള്ള റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡ്, തീര്‍ഥാടനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധനയും ജാഗ്രതാസംഘങ്ങളും ഉണ്ടാകും. ഇതിനായി റെയില്‍വേയുടെ സഹായവും തേടിയിട്ടുണ്ട്. ഇങ്ങനെ കണ്ടെത്തുന്ന കുട്ടികളുടെ ചിത്രവും പൂര്‍ണവിവരവും http://www.trackthemissingchild.gov.in/ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അന്യസംസ്ഥാനങ്ങളുമായി യോജിച്ചാവും ഈ വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിക്കുകയെന്നതിനാല്‍ രക്ഷിതാക്കളെ കണ്ടെത്താന്‍ എളുപ്പമാകുമെന്ന് സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എ.ഷാജഹാന്‍ പറഞ്ഞു.
അനാഥാലയങ്ങളിലെയും ചിന്‍ഡ്രന്‍സ് ഹോമുകളിലെയും കുട്ടികളെ സംബന്ധിച്ച് പരിശോധനകളുണ്ടാകും. അനാഥാലയങ്ങളിലെ രജിസ്റ്ററിലുള്ള കുട്ടികള്‍ ഉണ്ടോ എന്നും എല്ലാവരും രക്ഷിതാക്കളുള്ളവരാണോയെന്നും പരിശോധിക്കും.
ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിക്കാണ് ഓപ്പറേഷന്‍ വാത്സല്യയുടെ നടത്തിപ്പുചുമതല. 19ന് ചേരുന്ന ഉന്നതതല യോഗം ഇതിന് അന്തിമരൂപം നല്കും.
പദ്ധതി വിജയമെന്നുകണ്ടാല്‍ തുടര്‍ന്നും ഇത്തരം തീവ്രയത്‌ന പരിപാടികള്‍ നടത്താനാണ് ആലോചന.
