Crime News

അമ്മയെ തൊഴുത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഏഴ് മക്കള്‍ക്കും മരുമകനുമെതിരെ കേസെടുത്തു

Posted on: 15 Sep 2015


ുത്തൂര്‍: ചെറുപൊയ്കയില്‍ വയോധികയെ തൊഴുത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മക്കള്‍ക്കും മരുമകനുമെതിരെ പുത്തൂര്‍ പോലീസ് കേസെടുത്തു. ചെറുപൊയ്ക പാലത്തിന്‍ തലയ്ക്കല്‍ കുഞ്ഞമ്മയെ സംരക്ഷിക്കാതെ നരകതുല്യമായ അവസ്ഥയില്‍ തള്ളിയെന്ന കുറ്റത്തിനാണ് മക്കള്‍ക്കും മരുമകനുമെതിരെ കേസ്. കുഞ്ഞമ്മയുടെ മക്കളായ ഓമന, രാധ, ശ്യാമള, വിജയന്‍, സദാശിവന്‍, ശശി, തമ്പാന്‍ എന്നിവര്‍ക്കെതിരെയും കുഞ്ഞമ്മയെ തൊഴുത്തില്‍ ഉപേക്ഷിച്ച വീട്ടിലെ മകളുടെ ഭര്‍ത്താവ് ഗോപകുമാറിനെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

ദീര്‍ഘകാലമായി കേരളത്തിനുപുറത്ത് താമസിക്കുന്ന മകളെ കേസില്‍നിന്ന് ഒഴിവാക്കിയതായും പുത്തൂര്‍ എസ്.ഐ. വി.പി.സുധീഷ് പറഞ്ഞു. പ്രദേശവാസികളാണ് പരാതി നല്‍കിയത്. പരാതിയില്‍ പറഞ്ഞകാര്യങ്ങള്‍ സത്യമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നും ഇതേത്തുടര്‍ന്നാണ് കേസെടുക്കുന്നതെന്നും പോലീസ് പറഞ്ഞു.

വീടിന് സമീപത്തെ തൊഴുത്തില്‍ വെറും നിലത്ത് കഴിഞ്ഞ കുഞ്ഞമ്മയുടെ ദുരിതജീവിതത്തെപ്പറ്റി മാതൃഭൂമി വാര്‍ത്തനല്‍കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ജഡ്ജി ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ ഇടപെട്ടു. വിവിധ മനുഷ്യാവകാശ സംഘടനകള്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. കലയപുരം സങ്കേതം അധികൃതര്‍ ഞായറാഴ്ച ഏറ്റെടുത്ത കുഞ്ഞമ്മ ഇപ്പോള്‍ കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.

 

 




MathrubhumiMatrimonial