Crime News

ആനക്കൊമ്പുമായി നാലുപേര്‍ പിടിയില്‍

Posted on: 15 Sep 2015


വണ്ടിപ്പെരിയാര്‍: ആനക്കൊമ്പുമായി എത്തിയ നാലുപെരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറ കല്യാണപന്തല്‍ ടീ എസ്റ്റേറ്റില്‍ താമസിക്കുന്ന ഇളംകോവന്‍(36), ഉത്തമപാളയം സ്വദേശി സ്റ്റാലിന്‍(46), വാല്‍പ്പാറ ആനമല വന്യജീവിസങ്കേതത്തിലെ മഞ്ഞപ്പാറ ആദിവാസിക്കുടിയില്‍ താമസിക്കുന്ന പാണ്ഡ്യന്‍(35), സുദേവന്‍(55) എന്നിവരെയാണ് വള്ളക്കടവ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്. മന്തിപ്പാറ സ്വദേശി ചെട്ടിയാര്‍ എന്നുവിളിക്കുന്ന ബാബു ജോസഫിന് കൊമ്പു കൈമാറാന്‍ കുമളി ഒന്നാംമൈലില്‍ നില്‍ക്കുമ്പോഴാണ് സ്റ്റാലിനും ഇളങ്കോവനും പിടിയിലാകുന്നത്.

ഇവര്‍ വണ്ടിപ്പെരിയാറില്‍ എത്തുമെന്ന് വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. പാണ്ഡ്യന്‍, സുദേവ് എന്നിവരുെട പക്കല്‍നിന്നാണ് കൊമ്പു ലഭിച്ചതെന്ന് ചോദ്യംചെയ്യലില്‍ ഇരുവരും പറഞ്ഞു. വില്പന നടത്തുമ്പോള്‍ പണം നല്കാമെന്ന ഉറപ്പിലാണ് കൊമ്പ് വാങ്ങിയത്.
കൊമ്പ് വില്പന നടത്തിയെന്നും പണം നല്കാമെന്നും പറഞ്ഞ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം സുദേവനെയും പാണ്ഡ്യനെയും ഫോണില്‍ വിളിച്ചുവരുത്തി. പെരിയാര്‍ ടൗണില്‍ എത്തിയ ഇവരെ ഉദ്യോഗസ്ഥര്‍ പിടികൂടി. ഏഴരക്കിലോ വരുന്ന ആനക്കൊമ്പാണ് പിടിച്ചെടുത്ത്.
ഇളങ്കോവന്‍ അന്തസ്സംസ്ഥാന ആനക്കൊമ്പ് വില്പന ശൃംഖലയിലെ കണ്ണിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാബു ജോസഫിന് ആനക്കൊമ്പ് കച്ചവടവുമായി ബന്ധമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പെരിയാര്‍ കടുവസങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ സജ്ജീവ്കുമാര്‍, വള്ളക്കടകവ് റേഞ്ച് ഓഫീസര്‍ അജീഷ് എം., വനംവകുപ്പ് ഉദ്യോഗസ്ഥരായ ജയദാസ്, അഖില്‍ബാബു, വിജേഷ്, സുധാകരന്‍ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

 




MathrubhumiMatrimonial