AnnaChandam Head

ചിറയ്ക്കല്‍ മഹാദേവന്‍

Posted on: 28 Sep 2009

-ശ്രീകുമാര്‍ അരൂക്കുറ്റി



ആനക്കാര്യത്തിനിടെ ആന്‍ഡമാനിലേക്ക് എത്താന്‍ മലയാളികള്‍ക്ക് ഒരു എളുപ്പ വഴിയുണ്ട്; ചിറയ്ക്കല്‍ മഹാദേവന്‍ എന്ന ആനച്ചന്തം. ആന്‍ഡമാനില്‍ നിന്നുമെത്തിയ സ്‌നേഹസ്വരൂപന്‍.

ഒരു കാലത്ത് നാട്ടിലെ കുഴപ്പക്കാരെയും, നാട്ടില്‍ നിര്‍ത്തിയാല്‍ തങ്ങള്‍ക്ക് കുഴപ്പമെന്ന് ഭരണകൂടങ്ങള്‍ വിലയിരുത്തിയവരെയും നാടുകടത്തിയിരുന്ന സ്ഥലമാണ് ആന്‍ഡമാര്‍-നിക്കോബാര്‍ ദ്വീപുകള്‍. വന്‍കരയില്‍ നിന്ന് കാതങ്ങള്‍ക്കപ്പുറം കടലിന്റെ കൈക്കുമ്പിളില്‍ സ്ഥിതിചെയ്യുന്ന ആന്‍ഡമാന്‍ ദ്വീപിലെ സെല്ലുലാര്‍ ജയില്‍ ഇപ്പോള്‍ ഒരു ചരിത്രസ്മാരകം മാത്രം. എങ്കിലും വീര്‍സവര്‍ക്കര്‍ ഉള്‍പ്പടെ ഒട്ടേറെ ധീരദേശാഭിമാനികളുടെ ചെറുത്തുനില്‍പ്പിന്റെയും മുറവിളികളുടെയും മാറ്റൊലികള്‍ ഇന്നും ആ 'രാവണന്‍കോട്ട'യില്‍ മാറ്റൊലിക്കൊള്ളുന്നുണ്ടാവണം.

'ആനക്കാര്യത്തിനിടെ ഇതെന്ത് ആന്‍ഡമാന്‍ കാര്യം' എന്നാവും വായനക്കാരന്റെ മനസിലുയരുന്ന ചോദ്യം. ആനയില്‍ നിന്ന് ആന്‍ഡമാനിലേക്കുള്ള ഈ മാനസസഞ്ചാരത്തിന് ഹേതു യഥാര്‍ഥത്തില്‍ അവന്‍ തന്നെയാണ്; ചിറയ്ക്കല്‍ മഹാദേവന്‍ എന്ന താരം. ആന്‍ഡമാനില്‍ നിന്ന് കടല്‍കടന്ന് എത്തിയവനാണ് ചിറയ്ക്കല്‍ മഹാദേവന്‍. ഇന്നവന്‍ മലയാളമണ്ണില്‍ എണ്ണംപറഞ്ഞ ഗജകേസരികള്‍ക്കിടയില്‍ സ്വന്തമായൊരു സ്ഥാനവും മാനവും സിംഹാസനവും ആര്‍ജിച്ചു കഴിഞ്ഞു.

'ആനയുടെ നിറം കറുപ്പ്' എന്ന് ഇത്തിരിയില്ലാപ്രായം മുതല്‍ നമ്മള്‍ പറഞ്ഞും അറിഞ്ഞും പഠിക്കുന്നതാണ്. നല്ല കരിങ്കറുപ്പ് നിറം, അഥവാ കരിവീട്ടിയുടെ കാതല്‍ പോലുള്ള കടുംകറുപ്പന്‍ നിറം ആനയുടെ ഉത്തമ ലക്ഷണങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെടുന്നു. പക്ഷേ, നമ്മുടെ ഉത്സവനഗരികളിലേക്ക് കടന്നു ചെന്നാല്‍ ഗജവീരന്‍മാരിലെ സൂപ്പര്‍താരങ്ങളടക്കം നല്ലൊരു ശതമാനം ആനകളും മുഖത്ത് ചെഞ്ചായം പൂശിയവരോ കളഭം കോരിത്തേച്ചവരോ ആണെന്ന് കാണാം. ആനകളുടെ മുഖത്തും, പിന്നെ തുമ്പികൈയിലേക്കും വ്യാപിക്കുന്ന ഈ 'വെള്ളപ്പാണ്ട്' മദഗിരിയെന്നും പതഗിരിയെന്നുമൊക്കെയാണ് വിൡക്കപ്പെടുന്നത്.

എന്നാല്‍, തൃശൂരോ പാലക്കാട്ടോ ഉള്ള ഏതെങ്കിലും പേരുകേട്ട പൂരപ്പറമ്പിലെ ആനകള്‍ക്കിടയില്‍, ഭൂതക്കണ്ണാടി വെച്ച് അരിച്ചുപെറുക്കിയാല്‍ പോലും വെളുപ്പിന്റെ ഒരു തരിപ്പൊട്ട് പോലും കണ്ടുപിടിക്കാന്‍ കഴിയില്ലാത്ത ഒരുത്തന്‍ ശിരസ്സുയര്‍ത്തിപ്പിടിച്ച് നിന്ന് കാഴ്ചക്കാരെ ആവേശം കൊള്ളിക്കുന്നുവെങ്കില്‍ ഉറപ്പിക്കാം; അത് ചിറയ്ക്കല്‍ മഹാദേവന്‍ തന്നെ! കറുത്തുകൊഴുത്ത ലക്ഷണമൊത്ത ശരീരം, ഭംഗിയാര്‍ന്ന കൊമ്പുകള്‍, ഏതാണ്ട് ഒമ്പതേമുക്കാല്‍ അടിയോളമെത്തുന്ന ഉയരം. ആവശ്യത്തിന് ഉയരവും അത്യാവശ്യം തലയെടുപ്പുമൊക്കെ ഉണ്ടെങ്കിലും ശരി, ഒന്നുറപ്പ്, കാണുന്ന മാത്രയില്‍ ആരെയും ആകൃഷ്ടരാക്കുന്ന മഹാദേവന്റെ തുറുപ്പുചീട്ട് എന്തെന്ന് ചോദിച്ചാല്‍ അത് അവന്റെയാ നിറംതന്നെ. ചിറയ്ക്കല്‍ മധുവെന്ന ആനയുടമയുടെ മാനസപുത്രനാണ് മഹാദേവന്‍.

ആന്‍ഡമാന്‍ ദ്വീപുകളില്‍ ആദ്യം ആനകള്‍ ഉണ്ടായിരുന്നില്ല. അവിടുത്തെ കാടുകള്‍ വെട്ടി തടിക്കച്ചവടം കൊഴുത്തപ്പോഴാണ്, തടിപിടിക്കാന്‍ ആനകളുടെ ആവശ്യം വന്നതും ആവയെ ദ്വീപുകളിലെത്തിക്കുന്നതും. അങ്ങനെ വിവിധ ദേശങ്ങളില്‍ നിന്ന് ആന്‍ഡമാനില്‍ തടിപിടിക്കാനെത്തിയവരുടെ നിരയിലെ ഒരു ഇത്തിരിക്കുറുമ്പന്‍, അതായിരുന്നു പഴയ മഹാദേവന്‍. കോട്ടയം സ്വദേശിയായ ഒരു തടിവ്യാപാരിയാണ് മഹാദേവനെ അവിടെക്കയച്ചത്. അത്തരത്തില്‍ അവിടെ എത്തപ്പെട്ട ഒത്തിരിയൊത്തിരി ആനകള്‍ അവസാനം അവിടുത്തെ കാടുകളില്‍ രാസലീലകളാടി പെറ്റുപെരുകി. കുറെ ആനകള്‍ സര്‍ക്കാരിന്റെ സ്വന്തമായിരുന്നു; കുറെയെണ്ണം സ്വകാര്യവ്യക്തികളുടെയും.

ആന്‍ഡമാനില്‍ തടിപ്പണി കുറയുകയും ആനകളുടെ എണ്ണം പെരുകുകയും ചെയ്ത സാഹചര്യത്തിലാണ് മുന്തിയ ആനകളെത്തേടി മലയാളികള്‍ കപ്പലേറി അവിടെയും എത്തുന്നത്. പരമ്പരാഗതമായി ഒട്ടേറെ ആനപ്രഭുക്കന്‍മാരെ പരിപാലിച്ചിരുന്ന പൂമുള്ളി തറവാട്ടിലെ ഉണ്ണിത്തമ്പുരാന്‍ ആണ് ആന്‍ഡമാനില്‍ നിന്ന് മഹാദേവനെ കണ്ടെത്തുന്നതും സ്വന്തമാക്കുന്നതും. ഇങ്ങനെ കണ്ടെത്തുന്ന സമയം യഥാര്‍ഥത്തില്‍ അവന്റെ 'ബെസ്റ്റ് ടൈം' ആയിരുന്നു. നാലുചുറ്റും മുട്ടിയുരുമ്മി കൊഞ്ചിക്കുഴയുന്ന പ്രേയസിമാരുടെ നടുവില്‍ ശരിക്കും ഒരു കാമദേവനെപ്പോലെ, ജീവിതമെന്ന മുന്തിരിച്ചാറ് ആവേളം നൊട്ടിനുണഞ്ഞ് ആസ്വദിക്കുന്ന ഒരു ഭാഗ്യവാന്‍. അവിടെ നിന്നാണ്, ആ കാളിന്ദീപുളിനങ്ങളില്‍ നിന്നാണ്, മഹാദേവനെന്ന കാര്‍വര്‍ണനെ മലയാളികള്‍, അവന്റെ അഴക് കണ്ട് കൊതിച്ച്, പിടിച്ചപിടിയാലെ കൂട്ടിക്കൊണ്ടു പോരുന്നത്.

വന്‍കരയിലേക്കുള്ള ആ രണ്ടാംവരവില്‍ ദ്വീപുജീവിതത്തിന്റെ ബാക്കിപത്രമായി ഒരു മകനും അവന്റെയൊപ്പം കപ്പലില്‍ ഉണ്ടായിരുന്നു. കപ്പലില്‍ അച്ഛന്റെ വിരല്‍ത്തുമ്പില്‍ നിന്ന് പിടിവിടാതെ ഒപ്പമുണ്ടായിരുന്ന ആ മകന്‍, കേരളത്തില്‍ എത്തിയ ശേഷവും ഏറെക്കാലം അച്ഛനോടൊപ്പം ജീവിതം തുടര്‍ന്നു. ഇതിനിടെ പൂമുള്ളി ഉണ്ണിത്തമ്പുരാനില്‍ നിന്നും മഹാദേവന്റെ ഉടമസ്ഥാവകാശം തൃശൂരിനടുത്തുള്ള ചിറയ്ക്കല്‍ മധുവിന്റെ കൈകളിലെത്തി. അങ്ങനെ അവന്‍ ചിറയ്ക്കല്‍ മഹാദേവനായി.

ഇതിനിടെ, വിധി മഹാദേവനോടും അവന്റെ അരുമ മകനോടും ചെറുതല്ലാത്ത ഒരു ക്രൂരത കാട്ടുകയും ചെയ്തു. കൊമ്പന്‍കുട്ടിയാണെന്ന വിശ്വാസത്തില്‍ ഇവിടെയെത്തിച്ച ആ മകന്‍, പോകെപ്പോകെ ഒരു മോഴക്കുട്ടിയാണെന്ന സത്യം വേണ്ടപ്പെട്ടവരെല്ലാം അറിഞ്ഞു. ആനകളെ തടിപ്പണിക്ക് അയയ്ക്കാതെ എഴുന്നള്ളിപ്പുകള്‍ക്ക് മാത്രം അയയ്ക്കുന്ന ചിറയ്ക്കല്‍ മധുവിനെപ്പോലുള്ള ഒരു ഉടമയ്ക്ക്, മോഴക്കുട്ടിയെ പോറ്റുകയെന്നത് തീര്‍ത്തും അപ്രായോഗികമായിരുന്നു. കാരണം, തൃശൂര്‍-പാലക്കാട് പ്രദേശത്ത് ഉത്സവങ്ങള്‍ക്ക് സാധാരണ മോഴകളെ എഴുന്നള്ളിക്കാറില്ല.

അങ്ങനെ അവര്‍ തമ്മിലുള്ള വഴിപിരിയല്‍ ഏത് നിമിഷവും സംഭവിക്കാം എന്ന ഒരു സാഹചര്യത്തിലാണ്, ഏതാണ്ട് നാല് വര്‍ഷം മുമ്പ്, ഞങ്ങള്‍ മഹാദേവന്റെയും മകന്റെയും അരികിലെത്തുന്നത്. ഇത്തിരി നേരത്തേക്കെങ്കിലും അച്ഛന്റെ പക്കല്‍ നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടു പോകുമ്പോള്‍, വിഷ്ണുവെന്ന ആ മകന്‍ അലറിക്കരഞ്ഞ ആ കരച്ചില്‍ ഇന്നും മനസിലുണ്ട്. 'ഈ ഫോര്‍ എലിഫന്റ്' എന്ന പരമ്പരയില്‍ ഇന്നേവരെയുണ്ടായിട്ടുള്ള എപ്പിസോഡുകളില്‍ വെച്ച് വ്യക്തിപരമായും, ഒരു സംവിധായകന്‍ എന്ന നിലയ്ക്കും, ഈ ലേഖകന്റെ ഹൃദയത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന അധ്യായങ്ങള്‍ ഏതെന്ന് ചോദിച്ചാല്‍, അത് മഹാദേവന്റെയും മകന്‍ വിഷ്ണുവിന്റെയും 'രക്തബന്ധം' അക്ഷരാര്‍ഥത്തില്‍ തന്നെ പകര്‍ത്തിയെടുക്കാന്‍ കഴിഞ്ഞ ആ എപ്പിസോഡുകള്‍ തന്നെ.

അച്ഛനും മകനും പിന്നീട് വഴിപിരിഞ്ഞു. മകനെ തിരുവനന്തപുരം ഭാഗത്തേക്ക് കച്ചവടം ചെയ്തുപോയി. ഇന്നിപ്പോള്‍ മലയാളക്കരയിലെ പേരുകേട്ട ഉത്സവങ്ങളിലെ നിറസാന്നിധ്യമായി ചിറയ്ക്കല്‍ മഹാദേവന്‍ എന്ന ഗജരാജപ്രമുഖന്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുമ്പോള്‍, പ്രത്യേകിച്ചും തെക്കന്‍ കേരളത്തിലെ ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ കിട്ടുന്ന അവസരങ്ങളില്‍, ന്യായമായും അവന്റെ കണ്ണുകള്‍ ഒരാളെ തിരയുന്നുണ്ടാവും. വനവാസത്തിനയയ്ക്കപ്പെട്ട രാമന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന തപ്തഹൃദയനായ ദശരഥനെപ്പോലെ, മഹാദേവനും തന്റെ മകന്‍ വിഷ്ണുവിന്റെ ഒരു നോട്ടത്തിനായി....ഗന്ധത്തിനായി കണ്ണും മൂക്കും വിടര്‍ത്തി കാത്തിരിക്കുന്നുണ്ടാവാം.

sreekumararookutty@gmail.com



Tags:    Elephant, Kerala Festivals, Anachantham, Chirackal Mahadevan



MathrubhumiMatrimonial