Crime News

ടി.പി. വധഗൂഢാലോചനക്കേസ് കോടതി തള്ളി

Posted on: 12 Sep 2015


മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി


കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് രണ്ടരവര്‍ഷം മുമ്പ് വടകര ചോമ്പാല്‍ പ്രദേശത്തുെവച്ച് വധഗൂഢാലോചന നടത്തിയെന്ന കേസ് സെഷന്‍സ് കോടതി തള്ളി. ൈക്രംബ്രാഞ്ച് പ്രതി ചേര്‍ത്ത 14 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി.

വധഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസിന്റെ വിചാരണ നടത്താന്‍ ആവശ്യമായ തെളിവുകളോ സാക്ഷി മൊഴികളോ അന്വേഷണസംഘവും പ്രോസിക്യൂഷനും ഹാജരാക്കിയിട്ടില്ല എന്ന് നിരീക്ഷിച്ചാണ് കോഴിക്കോട് മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.ജെ. വിന്‍സെന്റ് കേസിന്റെ കുറ്റപത്രം തള്ളിയത്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കെ.സി. രാമചന്ദ്രന്‍, അണ്ണന്‍ സിജിത്ത്, ടി.കെ. രജീഷ്, കിര്‍മാണി മനോജ് എന്നിവരും സി.പി.എം. തലശ്ശേരി ഏരിയാകമ്മിറ്റി അംഗം പി.പി. രാമകൃഷ്ണന്‍, സി.പി.എം. ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗം കെ.കെ.കൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ 14 പേരെയാണ് കോടതി വധഗൂഢാലോചന കേസില്‍ കുറ്റവിമുക്തരാക്കിയത്. സി.പി.എം.ഒഞ്ചിയം ഏരിയ സെക്രട്ടറിയായിരുന്ന സി.എച്ച്. അശോകനായിരുന്നു ഈ കേസിലെ ഒന്നാം പ്രതി. അശോകന്‍ 2013 ജൂലായ് അഞ്ചിന് മരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം പ്രതിപട്ടികയില്‍ നിന്ന് നീക്കപ്പെട്ടു.

കണ്ണൂര്‍ ചമ്പാട് കുന്നോത്ത് പീടിക പന്ന്യന്നൂര്‍ പറമ്പത്ത് വീട് പി. ഷാജി എന്ന പോണ്ടി ഷാജി (43), കണ്ണൂര്‍ പന്ന്യന്നൂര്‍ ചമ്പാട് അരയാക്കൂല്‍ ബിജു എന്ന ജന്‍മീന്റവിട ബിജു (43), കണ്ണൂര്‍ കൂത്തുപറമ്പ് ആയിത്തറ ജെ.എസ്. നിവാസില്‍ ജെ.എസ്. സന്തോഷ് (35), കോടിയേരി മൂഴിക്കര കാട്ടില്‍പ്പറമ്പത്ത് മാറോളി വീട്ടില്‍ അഭി എന്ന അഭിനേഷ് (31), മാഹി പന്തക്കല്‍ പിര്യാട്ടത്ത് വീട്ടില്‍ കജൂര്‍ അജേഷ് (31), കണ്ണൂര്‍ അരയാക്കൂല്‍ പന്ന്യന്നൂര്‍ ചമ്പാട് വരിക്കോളീന്റവിടെ ചെട്ടി ഷാജി (35), കണ്ണൂര്‍ അരയാക്കൂല്‍ പന്ന്യന്നൂര്‍ കുറുക്കന്റവിടെ വീട്ടില്‍ അനീഷ് (29), കണ്ണൂര്‍ കൂത്തുപറമ്പ് പഴയനിരത്ത് പുത്തന്‍ പറമ്പത്ത് വീട്ടില്‍ പി.എം. നാരായണന്‍ എന്ന മനോരാജ് (33) എന്നിവരാണ് കുറ്റവിമുക്തരാക്കപ്പെട്ട മറ്റുള്ളവര്‍.

വിധി പ്രസ്താവിക്കുന്നത് കേള്‍ക്കാന്‍ പ്രതികളാരും കോടതിയില്‍ എത്തിയിരുന്നില്ല.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണത്തിനിടെ അറസ്റ്റിലായ അണ്ണന്‍ സിജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വധഗൂഢാലോചന കേസ് ചോമ്പാല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്.

ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നതിലൂടെ സി.പി.എമ്മിന് തലവേദന സൃഷ്ടിക്കുന്ന ആര്‍.എം.പി.യെ ഉന്മൂലം ചെയ്യാനും തീരുമാനിച്ച് 2009 ആഗസ്ത് മാസം ഒഞ്ചിയം, മാഹി, തലശ്ശേരി എന്നിവിടങ്ങളില്‍ വധഗൂഢാലോചന നടത്തിയെന്നും ആയുധങ്ങളുമായി കാറില്‍ കറങ്ങി നടന്ന് വധിക്കാനായി അന്വേഷിച്ചെന്നുമായിരുന്നു കേസ്.
പ്രതികള്‍ക്ക് വേണ്ടി അഡ്വ,. കെ. ഗോപാലകൃഷ്ണന്‍, അഡ്വ.പി.എന്‍.സുകുമാരന്‍, അഡ്വ. കെ. വിശ്വന്‍, അഡ്വ. അരുണ്‍ ബോസ് എന്നിവരും പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരായ അഡ്വ. സി.കെ. ശ്രീധരന്‍, അഡ്വ. പി. കുമാരന്‍കുട്ടി, അഡ്വ. സഫല്‍ കല്ലരംകെട്ടില്‍ എന്നിവരും ഹാജരായി. വിധിക്ക് എതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അഡ്വ. കുമാരന്‍കുട്ടി പറഞ്ഞു.






 

 




MathrubhumiMatrimonial