Crime News

പുളിയറയില്‍ ആറുപേര്‍ മരിച്ച അപകടം കൊലപാതകമെന്ന് പോലീസ്

Posted on: 12 Sep 2015


തെന്മല: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പുളിയറയിലെ പുതൂരില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം ആസൂത്രിത കൊലപാതകമാണെന്ന് പോലീസ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും സൂചനയുണ്ട്.
വ്യാഴാഴ്ചയാണ് ആര്യങ്കാവിന് സമീപം തമിഴ്‌നാട്ടിലെ പുളിയറ പുതൂരില്‍ ലോറി ഇടിച്ചുകയറി ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന ആറുപേര്‍ മരിച്ചത്. അപകടത്തില്‍ കൊല്ലപ്പെട്ട കര്‍ക്കുടി സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ കറുപ്പസ്വാമി (35), സുഹൃത്തുക്കളായ മഹേഷ് (30), അടിവെട്ടി (60) എന്നിവരും ലോറി ഡ്രൈവര്‍ തിരുമലകുമാറും (27) തമ്മിലുണ്ടായിരുന്ന മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തമിഴ്‌നാട് പോലീസ് പറയുന്നു. തിരുമലകുമാര്‍ കസ്റ്റഡിയിലായതായി സൂചനയുണ്ടെങ്കിലും പോലീസ് നിഷേധിച്ചു.
പുളിയറയിലേക്ക് ഓട്ടോ വരുംവഴി കൈകാണിച്ച് കയറിയ കേശവപുരം സ്വദേശികളാണ് മരിച്ച മറ്റ് മൂന്നുപേര്‍. അപകടം നടന്നയുടന്‍ ലോറി ഡ്രൈവര്‍ തിരുമലകുമാര്‍ ഓടി രക്ഷപ്പെട്ടു. കേരളത്തില്‍നിന്ന് ചരക്ക് കയറ്റാന്‍ തമിഴ്‌നാട്ടിലേക്ക് പോകുന്ന വ്യാഴാഴ്ചതന്നെ കൊല നടത്താന്‍ ഇയാള്‍ ആലോചിച്ചിരുന്നതായാണ് വിവരം. സംഭവസമയത്ത് ലോറിയില്‍ ഇയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും സംഭവത്തില്‍ മറ്റ് ചിലരുടെ പങ്ക് പോലീസ് ഉറപ്പിക്കുന്നുണ്ട്.
കര്‍ക്കുടിയിലെ പ്രധാന കുളത്തില്‍നിന്ന് മീന്‍ പിടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അഞ്ചുവര്‍ഷമായി മീന്‍ പിടിക്കാന്‍ കരാറെടുത്തിരുന്നത് തിരുമലകുമാറായിരുന്നു. എന്നാല്‍ ഇക്കുറി കറുപ്പസ്വാമിക്കാണ് കരാര്‍ ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കറുപ്പസ്വാമിയും തിരുമലകുമാറുമായി പലതവണ അടിപിടിയുണ്ടായി. ഇത് രണ്ടുപേരുടെയും സുഹൃത്തുക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കും നയിച്ചു. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ പഞ്ചായത്ത് സമിതി കൂടിയെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
തെങ്കാശി എ.എസ്.പി. അരവിന്ദന്റെ നേതൃത്വത്തില്‍ മൂന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മുന്ന് സംഘങ്ങളായി തിരിഞ്ഞാണ് കേസ് അന്വേഷിക്കുന്നത്. കര്‍ക്കുടിയില്‍നിന്ന് ഓട്ടോറിക്ഷ തിരിച്ചപ്പോള്‍ വിവരം കൈമാറിയവരെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നണ്ട്. സംഭവത്തില്‍ പങ്കാളികളായ ചിലര്‍ ഒളിവിലാണ്.

 

 




MathrubhumiMatrimonial