Crime News

നിഷാമിന്റെ ജാമ്യാപേക്ഷ തള്ളി

Posted on: 12 Sep 2015


തൃശ്ശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ചും അടിച്ചും കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കാപ്പ കാലാവധി തീരുന്നദിവസമായ വെള്ളിയാഴ്ച പരിഗണിച്ച ജാമ്യാപേക്ഷയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി. സുധീര്‍ തള്ളിയത്.
കാപ്പ ചുമത്താന്‍ കാരണമായ സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യാപേക്ഷ തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു. നിഷാമിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.
ചന്ദ്രബോസിന്റെ പോസ്റ്റ്‌മോര്‍ട്ടം ദൃശ്യങ്ങള്‍ കോടതി മുഖാന്തരം പ്രതിഭാഗത്തിനു കൈമാറിയിട്ടുണ്ട്. പ്രതിഭാഗം ആവശ്യപ്പെട്ടതനുസരിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം ദൃശ്യങ്ങളും അനുബന്ധരേഖകളും നല്‍കിയത്.
ഒക്ടോബര്‍ 26ന് തുടങ്ങുന്ന വിചാരണയുടെ വിശദമായ സമയക്രമവും കോടതി തയ്യാറാക്കി. ഇതനുസരിച്ച് വിചാരണ തുടങ്ങുന്ന 26ന് രണ്ടു സാക്ഷികളെയാകും വിസ്തരിക്കുക. നവംബര്‍ 17 വരെ 104 സാക്ഷികളെ വിസ്തരിക്കും. ആകെ കേസില്‍ 108 സാക്ഷികളാണുള്ളത്. നവംബര്‍ അഞ്ചിന് ഒഴിവു നല്‍കിയിട്ടുണ്ട്. വിചാരണത്തീയതി നിശ്ചയിച്ചിട്ടില്ലാത്ത സാക്ഷികളെ ഈ ദിവസം പരിഗണിച്ചേക്കും. ദിവസവും ഉച്ചയ്ക്കു തുടങ്ങി വൈകീട്ട് അഞ്ച് വരെയാണ് വിസ്താരം. വിചാരണ തുടങ്ങുമ്പോള്‍ നിഷാമിനെ കണ്ണൂര്‍ ജയിലില്‍നിന്നു മാറ്റുന്നതും പരിഗണിക്കും.
ജനവരി 29നാണ് ചന്ദ്രബോസിനെ നിഷാം കാറിടിച്ചും അടിച്ചും പരിക്കേല്‍പ്പിച്ചത്. ചികില്‍സയിലായിരുന്ന ചന്ദ്രബോസ് ഫിബ്രവരി 16ന് മരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. റോബ്‌സണ്‍ പോളും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ബൈജു ജോസഫും ഹാജരായി.

 

 




MathrubhumiMatrimonial