
മാവോവാദി നേതാവ് അനൂപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
Posted on: 12 Sep 2015

കോയമ്പത്തൂര്‍ ജയിലില്‍നിന്ന് കനത്ത പോലീസ് കാവലിലാണ് അനൂപിനെ കൊണ്ടുവന്നത്. പോലീസ് വാഹനത്തില്‍നിന്നിറക്കി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴും മടങ്ങിപ്പോകുമ്പോഴും അനൂപ് മാവോയിസം തീവ്രവാദമല്ല, യു.എ.പി.എ. തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി. കൊട്ടാരക്കര ഡിവൈ.എസ്.പി. എസ്.അനില്‍ദാസ്, കുണ്ടറ സി.ഐ. കെ.സദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കുണ്ടറയിലേക്ക്് കൊണ്ടുപോയത്.
കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോടതി നിര്‍ദ്ദേശാനുസരണം വ്യാഴാഴ്ച രാത്രി 12 ഓടെയാണ് കൊല്ലം ജില്ലാ ജയിലിലെത്തിച്ചത്.വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് കൊല്ലം കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ കോടതിയുടെ അനുമതിയോടെ അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്.പി. അനില്‍ദാസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. സുധീര്‍ ജേക്കബ് മുഖേന കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുകയായിരുന്നു. ജില്ലാ ജഡ്ജി ജോര്‍ജ് മാത്യു അപേക്ഷ അനുവദിച്ചു.
കേസില്‍ അറസ്റ്റിലായ മാവോവാദി പ്രവര്‍ത്തകരായ ഭരണിക്കാവ് ഊക്കന്‍മുക്ക് നൈതികാലയത്തില്‍ ആനന്ദന്‍ (50), കരിന്തോട്ടുവ കോണത്തുവീട്ടില്‍ അനില്‍കുമാര്‍ എന്ന രമണന്‍ (44) എന്നിവര്‍ മൂന്നുമാസമായി റിമാന്‍ഡിലാണ്. കുണ്ടറയിലെ രണ്ട് സ്ത്രീകളുടെ പേരില്‍ സിം കാര്‍ഡുകളെടുത്ത്് ആനന്ദനും രമണനും നല്‍കിയെന്നാണ് കേസ്.
മൈക്രോഫിനാന്‍സ് വായ്പ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് സ്ത്രീകളുടെ പക്കല്‍നിന്ന് ഫോട്ടോകളും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുകളും വാങ്ങിയാണ് സിം കാര്‍ഡുകള്‍ എടുത്തത്. മാവോവാദികളുടെ അര്‍ബന്‍ ആക്ഷന്‍ ടീമിലെ പ്രധാനിയാണ് അനൂപ്. രമണനും ആനന്ദനുമായി ബന്ധപ്പെടാന്‍ അനൂപ് പലതവണ കൊല്ലം ജില്ലയില്‍ വന്നുപോയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
