goodnews head

രോഗം തളര്‍ത്തിയ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കി സതീര്‍ത്ഥ്യര്‍

Posted on: 10 Sep 2015




മാള: രോഗം തളര്‍ത്തിയ കുടുംബത്തിന് കൈത്താങ്ങായി സതീര്‍ത്ഥ്യരെത്തി. പുത്തന്‍ചിറ ശാന്തിനഗറില്‍ കൊട്ടുപറമ്പില്‍ തോമസിനാണ് പുതിയവീടുവച്ച് നല്‍കി പഴയ സഹപാഠികള്‍ താങ്ങായത്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ സ്ഥാപിച്ച പുത്തന്‍ചിറ ഹോളിഫാമിലി എല്‍.പി. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ് സഹപാഠികളായിരുന്ന നിര്‍ധനരെ സഹായിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. സ്‌കൂളിന്റെ ശതാബ്ദി ആഘോഷവേളയിലായിരുന്നു കാരുണ്യത്തിന്റെ കനിവുമായി സഹപാഠികള്‍ ഒത്തുകൂടിയത്.

തോമസും ഭാര്യ കൊച്ചുത്രേസ്യയും രോഗികളാണ്. നിര്‍ധനരായ മൂന്ന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് വീടുവെച്ച് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇതില്‍ ആദ്യവീടാണ് പണിപൂര്‍ത്തിയായി കഴിഞ്ഞ ദിവസം കൈമാറിയത്. 550 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് വീടിന്റെ എല്ലാ പണികളും പൂര്‍ത്തിയായി. വീടിന്റെ നിര്‍മ്മാണത്തിന് അഞ്ച് ലക്ഷത്തോളം രൂപ ചെലവാകുകയും ചെയ്തു. പൂര്‍വവിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരുമെത്തിയാണ് വീടിന്റെ താക്കോല്‍ തോമസിനെ ഏല്പിച്ചത്. പുത്തന്‍ചിറ ഫൊറോന പള്ളി മുന്‍ വികാരി ഫാ. ജോയ് പാല്യേക്കര വീടിന്റെ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. വികാരി ഫാ. ജോണ്‍സന്‍ മാനാടന്‍, ഫാ. ജോസഫ് സാവിയോ, വിന്‍സന്റ് മഞ്ഞളി, പ്രധാനാധ്യാപിക സിസ്റ്റര്‍ റിന്‍സി എന്നിവര്‍ നേതൃത്വം നല്‍കി.

 

 




MathrubhumiMatrimonial