
മലയാളത്തിന്റെ മൊഞ്ചായി ഈ മറാഠിപ്പെണ്‍കുട്ടി
Posted on: 08 Sep 2015

കോഴിക്കോട്: ''മൃദുലമനോഹരമലരേ നിന്നുടെ
മേനിക്കെന്തൊരു മൊഞ്ചാണ്
മുള്ളുനിറഞ്ഞൊരു വീട്ടില്‍ നിന്നുടെ
വാസം എന്തൊരു ജോറാണ്
പുഞ്ചിരി തൂകിയിരിക്കുന്നു
പരിമളമാകെ പരത്തുന്നു
തഴുകിവരുന്നൊരു തെന്നലിനൊത്താ
താളത്തില്‍ നീയാടുന്നു.''
മാവൂര്‍ ഗവ. മാപ്പിള യു.പി. സ്‌കൂളിലെ ആയിഷാ ഷേഖിന്റെ കവിതയാണിത്; പനിനീര്‍പ്പൂവിനെപ്പറ്റി. ഈ പ്രപഞ്ചത്തിലെ എന്തിനെപ്പറ്റിയും പറഞ്ഞോളൂ, ആയിഷ എഴുതാന്‍ ശ്രമിക്കും നാലുവരി. ഇതിലെന്തു പുതുമയെന്നാണെങ്കില്‍ അറിയുക, ആയിഷാ ഷേഖ് ഒരു മറാഠിപ്പെണ്‍കുട്ടിയാണ്.
ലോക സാക്ഷരതാദിനമാണ് ചൊവ്വാഴ്ച. 'സാക്ഷരതയും സുസ്ഥിരസമൂഹവും' എന്നതാണ് ഇത്തവണത്തെ ദിനത്തിനുള്ള യു.എന്‍. സാക്ഷരതാ സന്ദേശം. പ്രവാസത്തിനും പലായനങ്ങള്‍ക്കുമിടയിലാണ് ഇന്ന് ലോകസാക്ഷരതാദിനമെത്തുന്നത്. എല്ലാ ഭാഷകളും നഷ്ടമാകുന്നവരുടെ നടുവിലാണ് മലയാളം പഠിച്ച് കവിതയെഴുതി ആയിഷ ശ്രദ്ധേയയാകുന്നത്.

നല്ല ൈകയക്ഷരത്തിനുള്ള സമ്മാനം നേടി സ്‌കൂളില്‍ ആയിഷ. സ്‌കൂള്‍ ലീഡറാണ് ഈ ഏഴാംക്ലാസുകാരി. പ്രാര്‍ഥനചൊല്ലി ആയിഷ തുടങ്ങുന്നു സ്‌കൂള്‍ദിനം. സ്‌കൂളില്‍ പത്രം വായിച്ച് കുട്ടികളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നത് ആയിഷയാണ്. പൊതുവിജ്ഞാനം വര്‍ധിപ്പിക്കാനുള്ള ചോദ്യങ്ങളും എന്നും ചോദിക്കും കൂട്ടുകാരികള്‍ക്ക് പ്രിയങ്കരിയായ ഈ മറാഠിക്കുട്ടി.
അധ്യാപിക സതിട്ടീച്ചര്‍ കുട്ടികളോട് കവിതയെഴുതാന്‍ പറഞ്ഞപ്പോഴാണ് ആയിഷയുടെ കഴിവു പുറത്തറിഞ്ഞത്. ഒഴുക്കുള്ള കവിതകള്‍ കടലാസില്‍ നിറഞ്ഞു. നക്ഷത്രങ്ങളെപ്പറ്റി, നദികളെപ്പറ്റി, പൂക്കളെപ്പറ്റി, കാറ്റിനെയും മഴയെയും പകലിനെയും രാത്രിയെയും പറ്റി.
അപ്പോള്‍ അധ്യാപകര്‍തന്നെ ആയിഷയ്ക്ക് കടലാസും പേനയും നല്‍കി, കവിതയെഴുതാന്‍. ഇരുനൂറിലേറെ കവിതകള്‍ വന്നുകഴിഞ്ഞു ഇതിനകം ഈ കുഞ്ഞെഴുത്തുകാരിയില്‍നിന്ന്. വീട്ടിലെ കഷ്ടപ്പാടിനിടെ ആയിഷ മനസ്സില്‍ കൊണ്ടുനടക്കുന്നു, സ്വപ്നംപോലെ ഒരു സുവര്‍ണമനസ്സ്.
സുഗതകുമാരിക്കവിതകളുടെ ആരാധികയാണ് ആയിഷ. 'സുഗതകുമാരി എഴുതുന്നതുപോലെ എഴുതണം വലുതാകുമ്പോള്‍. അതുപോലെ പുസ്തകങ്ങളെഴുതണം. ടീച്ചറാണെന്നു കേട്ടിട്ടുണ്ട്. എന്നെങ്കിലും കാണാന്‍ പറ്റിയാല്‍ മതി' ആയിഷ പറയുന്നു ആഗ്രഹം.
എഴുതിയ കവിതകള്‍ എന്നെങ്കിലും പുസ്തകമാക്കണമെന്നുണ്ട് ഈ പെണ്‍കുട്ടിക്ക്. അതിനു പക്ഷേ, ഉപ്പയുടെ കൈയില്‍ കാശുണ്ടാവണം. ദീപാവലിക്കാലം മധുരപലഹാരങ്ങള്‍ക്ക് തിരക്കുണ്ടാവും. ചിലപ്പോള്‍ പണം തികഞ്ഞേക്കുമെന്നും ആയിഷ മോഹിക്കുന്നു.
ഈ ലോക സാക്ഷരതാദിനത്തില്‍ ആയിഷ ഓരോ മലയാളിയെയും പഠിപ്പിക്കുന്നു: ഭാഷ സംസ്‌കാരമാണ്, ഏതു ഭാഷയിലും വിടരും നല്ല സംസ്‌കാരം. സഹ്യന്റെ മടിത്തട്ടില്‍ മലയാളി മറക്കുന്ന മലയാളകവിതയുടെ മൊഞ്ചാവുകയാണ് വിന്ധ്യനും കടന്നെത്തിയ ഈ മറാഠിപ്പെണ്‍കുട്ടി.
