
പോലീസിനെതിരെ ആരക്രമം നടത്തിയാലും നടപടി -ആഭ്യന്തരമന്ത്രി
Posted on: 06 Sep 2015
കാഞ്ഞങ്ങാട്: വിദ്യാര്‍ഥി സംഘടനകളോടുള്ള പോലീസിന്റെ മൃദുസമീപനം ദൗര്‍ബല്യമായി കാണരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അവരോട് പ്രത്യേകപരിഗണന പോലീസ് കാട്ടുന്നുണ്ട് എന്ന് കരുതി അവര്‍ നടത്തുന്ന അക്രമത്തെ ന്യായീകരിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊടുപുഴ ന്യൂമാന്‍കോളേജില്‍ കെ.എസ്.യുക്കാര്‍ പോലീസിനെ കൈയേറ്റം ചെയ്തതിനോടുള്ള പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു ആഭ്യന്തര മന്ത്രി. പോലീസിനെതിരെ ആര് അക്രമം നടത്തിയാലും കര്‍ശനമായി നേരിടും. കെ.എസ്.യുക്കാര്‍ അക്രമം നടത്തിയ സംഭവം കെ.പി.സി.സി. പ്രസിഡന്റുമായി ചര്‍ച്ചചെയ്യുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പോലീസിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ ബി.ജെ.പി. നേതാവ് വി.വി.രാജേഷിനെതിരെ കര്‍ശന നിയമനടപടി കൈക്കൊള്ളുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. കാസര്‍കോട്ട് വര്‍ഗീയകേസുകള്‍ രാഷ്ട്രീയ ഇടപെടലിലൂടെ പിന്‍വലിപ്പിക്കുന്നുവെന്ന ജില്ലാപോലീസ് മേധാവിയുടെ ചൂണ്ടിക്കാട്ടല്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഒരു കേസ് പോലും പിന്‍വലിക്കരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. പ്രോസിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള നടപടിയും സ്വീകരിക്കും-അദ്ദേഹം പറഞ്ഞു.
