Crime News

വീട്ടമ്മയുടെ കൊലപാതകത്തില്‍ ഞെട്ടി നെടുമ്പ്രം

Posted on: 03 Sep 2015


പൊടിയാടി: നെടുമ്പ്രത്ത് വീട്ടമ്മ കൊല്ലപ്പെടുകയും ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ കാണപ്പെടുകയുംചെയ്ത സംഭവം ഞെട്ടലോടെയാണ് ഗ്രാമ വാസികള്‍ കേട്ടത്.ദമ്പതിമാര്‍ വീട്ടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയിലെന്നാണ് ആദ്യ മണിക്കൂറുകളില്‍ വാര്‍ത്ത പരന്നത്.മരിച്ചുകിടന്ന വിജയമ്മയുടെ കഴുത്തിലെ മുറിവുകള്‍ ആരും ആദ്യം ശ്രദ്ധിച്ചില്ല.കൈത്തണ്ടമുറിഞ്ഞ് രക്തം പടര്‍ന്നതായി കരുതി.കുളിമുറിയില്‍ ഭര്‍ത്താവ് ദിവാകരെനയും കൈത്തണ്ട മുറിഞ്ഞനിലയില്‍ കണ്ടതോടെ ആത്മഹത്യയെന്ന് ഉറപ്പിച്ചു.ദിവാകരനെ ആസ്പത്രിയിലേക്ക് മാറ്റിയശേഷം നടത്തിയ പരിശോധനയിലാണ് വിജയമ്മയുടെ കഴുത്തിലെ വെട്ടേറ്റപാടുകള്‍ കാണുന്നത്.ഇതോടെ കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസെത്തി.

എപ്പോഴാണ് സംഭവം നടന്നിരിക്കുകയെന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ വ്യക്തമാവുകയുള്ളൂ.നെടുമ്പ്രത്തുനിന്ന് 7 കിലോമീറ്റര്‍ അകലെയുള്ള പരുമലയില്‍ താമസിക്കുന്ന മകളും മരുമകനും വീട്ടിലെത്തുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.രാവിലെ മുതല്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിട്ടും മറുപടിയില്ലാത്തതിനെ ത്തുടര്‍ന്നാണ് ഇവര്‍ വീട്ടിലെത്തുന്നത്.അകത്തുനിന്ന് അടച്ചിരുന്ന വീടിന്റെ ജനാലച്ചില്ല് നാട്ടുകാരുടെ സഹായത്തോടെ ഇവര്‍ പൊട്ടിച്ചുനോക്കിയപ്പോഴാണ് രക്തം തളംകെട്ടിയ കിടപ്പുമുറി കാണുന്നത്.ഉടന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.ദിവാകരന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചതായാണ് പോലീസ് കരുതുന്നത്.ആസ്പത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്ന ദിവാകരനെ ചോദ്യം ചെയ്യാനായിട്ടില്ല.സംഭവത്തിനുപിന്നിലെ കാരണം പോലീസിന് വ്യക്തമായിട്ടില്ല.

പായിപ്പാട് നാലുകോടി ചെമ്പന്‍കുളം കുടുംബത്തുനിന്ന് എട്ടുവര്‍ഷംമുമ്പാണ് ഇവര്‍ നെടുമ്പ്രത്തുവന്ന് താമസം തുടങ്ങിയത്. സമീപവാസികളോടൊന്നും ഇവര്‍ കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല. ഒരു വര്‍ഷം മുന്‍പ് വിജയമ്മയുടെ അച്ഛന്‍ അന്തരിച്ചപ്പോള്‍ ഭര്‍ത്താവ് ചെല്ലാത്തതിനെത്തുടര്‍ന്ന് മകളുടെകൂടെയാണ് വിജയമ്മ പോയത്.ഈ അകല്‍ച്ച ഇപ്പോഴും തുടരുന്നതായി ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു.വിദേശത്ത് ജോലിചെയ്തിരുന്ന മകന്‍ അജേഷും കുടുംബവും ബുധനാഴ്ച രാവിലെതന്നെ നാട്ടിലെത്തി.

 

 




MathrubhumiMatrimonial