
ബംഗാളി യുവാവ് തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
Posted on: 31 Aug 2015
അടൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബംഗാളി യുവാവ് തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ ജയ്പാല്‍ഗുഡി ജില്ലയില്‍ എക്ത്യശാല്‍ വില്ലേജില്‍ തിലക്ഷറി ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന ധനേശ്വര്‍ റോയിക്കാണ്(22) കഴിഞ്ഞ 27ന് രാത്രി 9ന് അടൂര്‍ ടൗണ്‍ യു.പി.സ്‌കൂളില്‍ അടൂര്‍ ഫെസ്റ്റ് നടക്കുന്ന സ്ഥലത്തുവച്ച് തലയ്ക്ക് അടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ധനേശ്വര്‍ റോയിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും 29ന് രാത്രി 1.30ന് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ സ്വദേശികളായ കുച്ച് ബിഹാര്‍ ജില്ലയില്‍ ഹല്‍ഡിബാരി താലൂക്കില്‍ കഷ്യബാഡി ബാദ്ഹല്‍ദിബാരിയില്‍ നാരായണ്‍ റോയി(27), പ്രസന്‍ ജയ്(31) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തടസ്സംപിടിക്കുമ്പോഴാണ് ധനേശ്വര്‍ റോയിക്ക് തലയ്ക്ക് അടിയേറ്റത്.
