Crime News

സി.പി.എം.-ബി.ജെ.പി. സംഘര്‍ഷം: കാഞ്ഞങ്ങാട്ട് ഏഴുപേര്‍ക്ക് കുത്തേറ്റു

Posted on: 31 Aug 2015


കാഞ്ഞങ്ങാട്: കൊളവയല്‍ കാറ്റാടിയില്‍ ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ നാല് സി.പി.എം. പ്രവര്‍ത്തകര്‍ക്കും മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും കുത്തേറ്റു. കാറ്റാടിയിലെ ഷിജു (30), ശ്രീജേഷ് (28), രതീഷ് (30), ശ്രീജിത്ത് (22) എന്നീ സി.പി.എം. പ്രവര്‍ത്തകര്‍ക്കും കെ.വി.ഗണേശന്‍ (40), കെ.വി.സുനില്‍ (35), ശ്രീജിത്ത് (18) എന്നീ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുമാണ് കുത്തേറ്റത്. സംഘര്‍ഷം കണക്കിലെടുത്ത് ഹൊസ്ദുര്‍ഗ്, അമ്പലത്തറ പോലീസ് സ്റ്റേഷന്‍സ്റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ശ്രീജിത്ത് ഒഴികെയുള്ള സി.പി.എം. പ്രവര്‍ത്തകരെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീജിത്ത് കാഞ്ഞങ്ങാട്ട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. ബൈക്കിലെത്തിയ സംഘമാണ് അക്രമത്തിനു പിന്നിലെന്ന് പറയുന്നു.

കുത്തേറ്റ ബി.ജെ.പി. പ്രവര്‍ത്തകരായ ഗണേശനും സുനിലും സഹോദരങ്ങളാണ്. ഇവരെയും മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീജിത്ത് ജില്ലാ ആസ്പത്രിയിലാണുള്ളത്.

ജന്മാഷ്ടമിയുടെ ഭാഗമായി കൊളവയല്‍ ബാലഗോകുലം ശാഖ സംഘടിപ്പിച്ച ആഘോഷത്തിനൊടുവിലാണ് സംഘര്‍ഷം ഉണ്ടായത്. ആഘോഷത്തിന്റെ ഭാഗമായി നടന്ന ഉറിയടി മത്സരത്തില്‍ പങ്കെടുക്കാനെത്തിയവരും സി.പി.എം.പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക് തര്‍ക്കമാണ് പിന്നീട് സംഘര്‍ഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്.

 

 




MathrubhumiMatrimonial