goodnews head

അജിതയ്ക്ക് പൊന്നോണസമ്മാനമായി വീടൊരുങ്ങി

Posted on: 30 Aug 2015


വീട് യാഥാര്‍ഥ്യമാക്കിയത് അധ്യാപകര്‍

കട്ടപ്പന: ഇടിഞ്ഞുവീഴാറായ ഒറ്റമുറി വീടിന്റെ ഭയവിഹ്വലതയില്‍നിന്ന് അജിതയ്ക്കും അമ്മയ്ക്കും മോചനമായി. ഓണസമ്മാനമായി ഗുരുക്കന്മാര്‍ നിര്‍മിച്ചുനല്‍കിയ പുതിയ വീട്ടില്‍ ഭയംകൂടാതെ ഉണ്ടും ഉറങ്ങിയും അജിതയ്ക്ക് ഇനി സ്‌കൂളിലെത്താം. മുരിക്കാട്ടുകുടി(സ്വരാജ്) ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ അജിതയുടെ വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത് ഈ സ്‌കൂളിലെ ഗുരുനാഥന്മാരുടെ നല്ല മനസ്സും പ്രയത്‌നവുമാണ്.

കൂലിപ്പണിക്കാരിയായ അമ്മയുടെ തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. ഇവരുെട ദുരവസ്ഥയ്ക്ക് പരിഹാരംതേടിയുള്ള അപേക്ഷകള്‍ അധികാരകേന്ദ്രങ്ങള്‍ എല്ലാം കൈയൊഴിഞ്ഞപ്പോള്‍ കൈത്താങ്ങായി സ്‌കൂളിലെ അധ്യാപകരെത്തി. അജിതയുടെ അധ്യാപികയായ ലബ്ബക്കട സ്വദേശിനി, കൊച്ചുപറമ്പില്‍ ലിന്‍സി ടീച്ചര്‍ സഹപ്രവര്‍ത്തകരോട് അജിതയുടെ നിസ്സഹായാവസ്ഥ വിവരിക്കുകയും വീട് പണിതുനല്‍കാന്‍ മുന്‍കൈയെടുക്കുകയുംചെയ്തു. ടീച്ചര്‍തന്നെ പ്ലാന്‍ വരച്ച്, എസ്റ്റിമേറ്റ് തയ്യാറാക്കി. പണം സമാഹരിക്കാന്‍ അധ്യാപകരായ സുരേഷ്‌കുമാര്‍, സജിമോന്‍, പി.ടി.എ. പ്രസിഡന്റ് അബ്ദുള്‍ ജബ്ബാര്‍ എന്നിവരും സഹായിച്ചു. മറ്റ് അധ്യാപകരെല്ലാം ആശയത്തോട് സഹകരിച്ചു.

ടീച്ചറിന്റെ ഭര്‍ത്താവ് കുട്ടിക്കാനം മരിയന്‍ കോളേജിലെ ജീവനക്കാരന്‍ സെബാസ്റ്റ്യന്‍ ജോര്‍ജുകുട്ടിയും പ്രോത്സാഹനവുമായി മുന്‍പന്തിയില്‍ എത്തിയതോടെ വീടുപണി ധൃതിയില്‍ പുരോഗമിച്ചു. മരിയന്‍ കോളേജിലെ എന്‍.എസ്.എസ്. പ്രവര്‍ത്തകരുടെ സഹായംകൂടി ചേര്‍ന്നതോടെ വീട് യാഥാര്‍ഥ്യമായി. ഇതേസ്‌കൂളിലെ അഭിജിത്തിനും മുരിക്കാട്ടുകുടി ട്രൈബല്‍ എല്‍.പി.സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥി ആകാശിനും ഈ അധ്യാപകരുടെ നേതൃത്വത്തില്‍ നേരത്തെ വീട് പണിതുനല്‍കിയിരുന്നു. ഉത്രാടനാളില്‍ വീട്ടിലെത്തി പുതിയ വീടിന്റെ താക്കോല്‍ അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി. അജിതയുടെ അമ്മയ്ക്കു കൈമാറി. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഷിജി സിബി ഭദ്രദീപം തെളിച്ചു. വൈസ് പ്രസിഡന്റ് ജോയി തോമസ്, പഞ്ചായത്തംഗങ്ങളായ കെ.സി.ബിജു, സൂസമ്മ സാബു, മരിയന്‍ കോളേജ് എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ജോബി സാബു, പി.ടി.എ. പ്രസിഡന്റ് എന്നിവര്‍ ചടങ്ങിന് സാക്ഷ്യംവഹിച്ചു.

 

 




MathrubhumiMatrimonial