goodnews head

വെറോനിക്ക പന്തലിപ്പാടന്‍ കുട്ടികള്‍ക്കായി ഒരേക്കര്‍ ഭൂമി കൈമാറി

Posted on: 27 Aug 2015




കൊടുങ്ങല്ലൂര്‍:
എഴുപത്തിയെട്ടിന്റെ നിറവിലെത്തിയ വെറോനിക്ക പന്തലിപ്പാടന്‍ കൊടുങ്ങല്ലൂരിലെ കുട്ടികള്‍ക്കായി ഒരേക്കര്‍ ഭൂമി കൈമാറി. ഒരുപാട് വര്‍ഷം ജര്‍മ്മനിയില്‍ നഴ്‌സായി ജോലി ചെയ്ത് സമ്പാദിച്ച പത്തര ഏക്കര്‍ ഭൂമിയില്‍ നിന്നുമാണ് കുട്ടികളുടെ ഗ്രാമത്തിനായി ടി.എന്‍. പ്രതാപന്‍ എം.എല്‍.എ.ചെയര്‍മാനായ സ്‌നേഹപൂര്‍വം ചാരിറ്റബിള്‍ ട്രസ്റ്റിനെ ഏല്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ആദ്യമായി കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിലെ കരിങ്ങാച്ചിറയില്‍ കുട്ടികളുടെ ഗ്രാമം ഒരുങ്ങും.

അവിവാഹിതയായി, ജര്‍മ്മനിയിലെ ജോലി കഴിഞ്ഞ് പുത്തന്‍ചിറ കരിങ്ങാച്ചിറയിലെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന വെറോനിക്ക തന്റെ വീട് സ്ഥിതിചെയ്യുന്ന പത്തര ഏക്കര്‍ സ്ഥലത്തില്‍നിന്നുമാണ് കുട്ടികള്‍ക്കു വേണ്ടി കോടികള്‍ വിലമതിക്കുന്ന ഭൂമിയുടെ രേഖകള്‍ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ.യെ ഏല്പിച്ചത്. കൊടുങ്ങല്ലൂര്‍ ക്ലാസിക് ദര്‍ബാര്‍ ഹാളില്‍ നിറഞ്ഞ സദസ്സില്‍ വെച്ച് വെറോനിക്ക പന്തലിപ്പാടന്‍, ഭൂമി എം.എല്‍.എ.ക്ക് കൈമാറുമ്പോള്‍ സദസ്സ് മുഴുവന്‍ എണീറ്റുനിന്ന് വെറോനിക്കയോട് ആദരവ് പ്രകടിപ്പിച്ചു. എം.എല്‍.എ.യും പ്രൊഫ. പി.സി. തോമസും ചേര്‍ന്ന് നടത്തുന്ന വൃദ്ധജനങ്ങള്‍ക്കായുള്ള സ്‌നേഹഭവനത്തിനും വെറോനിക്ക സ്ഥലം നല്‍കിയിട്ടുണ്ട്.

 

 




MathrubhumiMatrimonial