goodnews head

ദേശീയപാതയില്‍ നഷ്ടപ്പെട്ട 9.74 ലക്ഷംരൂപ തിരികെ ലഭിച്ചു

Posted on: 23 Aug 2015


തുമ്പായത് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ നല്കിയ സൂചന


ഉദുമ:
ദേശീയപാതയില്‍ നഷ്ടപ്പെട്ട 9,74,424 രൂപ മംഗളൂരുവില്‍നിന്ന് തിരികെ കിട്ടി. പാക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാര്‍ക്ക് ഓണശമ്പളം നല്കാന്‍, ട്രഷറിയില്‍നിന്ന് കൊണ്ടുവരുമ്പോള്‍ നഷ്ടപ്പെട്ട തുകയാണ് മംഗളൂരുവില്‍നിന്ന് ലഭിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നും ഒരുമണിക്കും ഇടയില്‍, ദേശീയപാതയിലാണ് പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. സ്‌കൂളിലെ അധ്യാപകന്‍ പയ്യന്നൂരിലെ രാജേഷ് ചട്ടഞ്ചാല്‍ ട്രഷറിയില്‍നിന്ന് പണമെടുത്ത് മോട്ടോര്‍സൈക്കിളില്‍ വരുമ്പോള്‍ ബാഗ് ദേശീയപാതയില്‍ വീഴുകയായിരുന്നു. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പണം കണ്ടെത്തിയത്. പെരിയാട്ടടുക്കം പോലീസ് ക്വാര്‍ട്ടേഴ്‌സിനുമുന്നിലെ ദേശീയപാതയില്‍നിന്ന് ടാങ്കര്‍ ലോറി ഡ്രൈവര്‍ ഒരുബാഗ് എടുക്കുന്നതു കണ്ടുവെന്ന് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ നല്‍കിയ വിവരമാണ് അന്വേഷണത്തിന് നിര്‍ണായകമായത്.

ബേക്കല്‍ സ്റ്റേഷനിലെ എസ്.ഐ. ചട്ടഞ്ചാല്‍ ട്രഷറിയില്‍ അന്വേഷണം നടത്തുമ്പോഴാണ് പെരിയ ബി.എസ്.എന്‍.എല്ലിലെ അനില്‍കുമാര്‍ ലോറി ഡ്രൈവര്‍ ബാഗ് എടുക്കുന്നത് കണ്ടവിവരം കൈമാറുന്നത്. ഈ വാഹനത്തിന്റെ ഏകദേശ നമ്പറും അദ്ദേഹം പോലീസിന് നല്‍കി. തുടര്‍ന്ന് പോലീസ് പ്രസ്തുതനമ്പറിലുള്ള ഗ്യാസ് ടാങ്കര്‍ അന്വേഷിച്ച് മംഗലാപുരത്തേക്ക് പോയി. നന്നായി ഹിന്ദി സംസാരിക്കാനറിയുന്ന ചെര്‍ക്കപ്പാറയിലെ ഗോപിയെയും പോലീസ് ഒപ്പം കൂട്ടി. മംഗലാപുരത്ത് ഡ്രൈവറെ കണ്ടെത്തി ചോദ്യംചെയ്‌തോടെ ശനിയാഴ്ച വൈകിട്ടോടെ ബാഗ് തിരികെ ലഭിച്ചു. ബേക്കല്‍ പോലീസ് രണ്ടുപകലും ഒരു രാത്രിയും നടത്തിയ കുറ്റമറ്റ അന്വേഷണമാണ് പാക്കം സ്‌കൂളിലെ അമ്പതോളം ജീവനക്കാര്‍ക്ക് ഓണമാഘോഷിക്കാന്‍ വഴിയൊരുക്കിയത്.

അന്വേഷണസംഘത്തില്‍ എസ്.ഐ. എ.ആദംഖാന്‍, അഡീഷണല്‍ എസ്.ഐ. ശശിധരന്‍, എ.എസ്.ഐ. ബാലചന്ദ്രന്‍, എസ്.ഐ. പ്രശാന്ത്കുമാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സജിത്ത്, സന്ദീപ്, മധു എന്നിവരാണുണ്ടായിരുന്നത്.

 

 




MathrubhumiMatrimonial