Crime News

ട്രാക്കിലൂടെ ബൈക്ക് ഓടിച്ച സംഭവം: ദീപു തങ്കപ്പന്‍ കുറ്റം സമ്മതിച്ചു

Posted on: 23 Aug 2015


റെയില്‍വേ പാളത്തില്‍ മൂന്നിടങ്ങളിലും തടസ്സമുണ്ടാക്കിയത് ദീപുവെന്ന് മൊഴി


മൂലേടം:
റെയില്‍വേ പാളത്തില്‍ മൂന്നിടങ്ങളിലും തടസ്സമുണ്ടാക്കിയത് ദീപുതന്നെ. തടസ്സമുണ്ടാക്കിയത് താനാണെന്ന് പോലീസ് പിടിയിലായ പൂവന്തുരുത്ത് സ്വദേശി ദീപു തങ്കപ്പന്‍(35) സമ്മതിച്ചു. ചിങ്ങവനം സ്റ്റേഷനില്‍ ശനിയാഴ്ച വിശദമായി ചോദ്യംചെയ്തപ്പോഴാണ് ദീപു കുറ്റം സമ്മതിച്ചത്. എറണാകുളത്ത് വച്ച് പിടിയിലായ ഇയാളെ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ചിങ്ങവനം സ്റ്റേഷനില്‍ എത്തിച്ചത്. ശനിയാഴ്ച രാവിലെ ഡിവൈ.എസ്.പി. ശ്രീകുമാര്‍, ചങ്ങനാശ്ശേരി സി.ഐ. നിഷാദ്‌മോന്‍, ചിങ്ങവനം എസ്.ഐ. കെ.പി.തോംസണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്തത്.

തന്നെ പിടികൂടാന്‍ മൂലേടത്ത് വച്ച് ആരോ വന്നുവെന്നും അതില്‍നിന്ന് രക്ഷപ്പെടാനാണ് ട്രാക്കിലൂടെ വണ്ടി ഓടിച്ചതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. റെയില്‍വേ എന്‍ജിനിയറുടെ കാര്‍ തകര്‍ത്തതും ട്രാക്കില്‍ കല്ലുകള്‍ വച്ചതും ഇയാള്‍തന്നെയാണെന്ന് പോലീസിനോട് സമ്മതിച്ചു. തന്നെ പിടിക്കാന്‍ വന്നവരുടെ കാറാണെന്നു കരുതിയാണ് കാര്‍ തകര്‍ത്തതെന്ന് ഇയാള്‍ പറഞ്ഞു. തികച്ചും മനോനില തെറ്റിയ രീതിയിലായിരുന്നു ഇയാളുടെ സംസാരമെന്ന് പോലീസ് പറഞ്ഞു.

ഇയാളുടെ ബാഗില്‍നിന്ന് നിരവധി പുസ്തകങ്ങളും വിലകൂടിയ പ്രത്യേക ആകൃതിയിലുള്ള ഒഴിഞ്ഞ മദ്യക്കുപ്പിയും ബൈബിളുമൊക്കെ പോലീസ് കണ്ടെടുത്തു. ചോദ്യംചെയ്യലിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലെ മാനസികരോഗ വിഭാഗത്തില്‍ ഇയാളെ പരിശോധനയ്ക്കായി പോലീസ് കൊണ്ടുപോയി. പിന്നീട് ഉച്ചയോടെ പൂവന്തുരുത്ത് മേല്‍പ്പാലത്തിനു സമീപം തെളിവെടുപ്പിനായി കൊണ്ടുവന്നു. വിവരമറിഞ്ഞ് നിരവധി ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടി. ഇയാളുടെ വീട്ടിലും കാര്‍ തകര്‍ത്ത സ്ഥലത്തും പാളത്തില്‍ കല്ലുകള്‍ കയറ്റിവച്ചയിടങ്ങളിലും പോലീസ് തെളിവെടുപ്പ് നടത്തി. നാട്ടുകാരോടും അയല്‍ക്കാരോടുമൊക്കെ തമാശകള്‍ പറഞ്ഞാണ് ഇയാള്‍ പോലീസിന്റെ കൂടെ നടന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെ ഇയാളെ ചങ്ങനാശ്ശേരി കോടതിയില്‍ ഹാജരാക്കി.



 

 




MathrubhumiMatrimonial