Crime News

മാവോവാദി സാന്നിധ്യം: സംസ്ഥാന അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി

Posted on: 23 Aug 2015


കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലേക്ക് മാവോവാദികള്‍ നുഴഞ്ഞുകയറി സംഘടിത ആക്രമണംനടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷാസംവിധാനം ശക്തമാക്കി. കാടുകളിലുള്ള മാവോവാദികളുടെ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കേരള, തമിഴ്‌നാട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈമാറിയിട്ടുണ്ട്. വിവിധ പോലീസ് സേനകള്‍ സംയുക്തമായാണ് മാവോവാദികളുടെ നീക്കങ്ങളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നത്. സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പോലീസ് ഏജന്റുമാരെ നിയമിച്ചിട്ടുണ്ട്.

ഭവാനിതീരത്തും നീലഗിരിജില്ലയുടെ കേരള അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന മഞ്ചൂരിലുമാണ് പോലീസ് കൂടുതല്‍ നിരീക്ഷണം നടത്തുന്നത്.ഇവിടെ മാവോവാദി സാനിധ്യമുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദിവാസി ഊരുകളില്‍ പോലീസ് നിത്യ സന്ദര്‍ശകരായിരിക്കയാണ്. ക്ഷേമം അന്വേഷിക്കാനെന്ന വ്യാജേനയാണ് പോലീസ് നിരീക്ഷണം നടത്തുന്നത്.

മേല്‍മുള്ളി പ്രദേശത്ത് മൂന്ന് സ്ത്രീകളുള്‍പ്പെടെ എട്ടുപേരടങ്ങുന്ന ആയുധധാരിസംഘം കാടുകളില്‍ താമസിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. മഞ്ചൂര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്ന വിവരത്തെത്തുടര്‍ന്ന് ഇവിടം സായുധ പോലീസ് സംരക്ഷണയിലാണ്. എ.കെ. 47 തോക്കുകളും മണല്‍ കൊണ്ടുള്ള മതിലുകളും കൊണ്ട് തീര്‍ത്ത സുരക്ഷയിലാണ് പോലീസ് സ്റ്റേഷന്‍.

 

 




MathrubhumiMatrimonial