
എ.ടി.എം. കവര്‍ച്ച; അന്വേഷണം മറ്റുജില്ലകളിലേക്കും
Posted on: 23 Aug 2015

നിലവില്‍ ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ച കാഞ്ഞങ്ങാട്ടെ എ.ടി.എം. കവര്‍ച്ചക്കേസ് പുനരന്വേഷിക്കുമെന്നും എസ്.പി. പറഞ്ഞു. കഴിഞ്ഞദിവസമാണ് ഹൈടെക് എ.ടി.എം. മോഷ്ടാവായ സര്‍വീസ് എന്‍ജിനീയര്‍ ആലുവ സ്വദേശി സി.ജി.വിനോദ് (25) കാസര്‍കോട്ട് പിടിയിലാകുന്നത്. ഇയാളെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഇയാള്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ജനറല്‍ മാനേജരെയും പോലീസ് ചോദ്യംചെയ്തു.
നെറ്റ്വര്‍ക്ക് എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയുള്ള വിനോദ് 2014-ലാണ് എ.ടി.എം. മെഷീനുകള്‍ സര്‍വീസിങ് നടത്തുന്ന സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നത്. കുറച്ചുകാലം എറണാകുളത്തായിരുന്നു. പിന്നീടാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ ചുമതല ലഭിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ ബദിയടുക്കയിലെ കനറാ ബാങ്ക് എ.ടി.എമ്മില്‍നിന്ന് ഒരുലക്ഷം രൂപ കവര്‍ന്ന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് വിനോദ് കാസര്‍കോട് എസ്.പി.യുടെ മേല്‍നോട്ടത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലാവുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ കാസര്‍കോട് ജില്ലയില്‍ മൂന്ന് എ.ടി.എം. കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
2014 ജൂണിലാണ് ജില്ലയിലെ ആദ്യത്തെ കവര്‍ച്ച കാഞ്ഞങ്ങാട്ട് നടത്തിയത്. എസ്.ബി.ടി.യുടെ എ.ടി.എം. കൗണ്ടറിന്റെ തകരാര്‍ പരിഹരിച്ചതിന് പിന്നാലെയായിരുന്നു കവര്‍ച്ച. രണ്ടുലക്ഷം രൂപയാണ് അന്ന് കവര്‍ന്നത്. സൗമ്യമായ പെരുമാറ്റമായതിനാല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ഇതുവരെ സര്‍വീസ് എന്‍ജിനീയറായിരുന്ന വിനോദിനെ സംശയിച്ചിരുന്നില്ല. മോഷണത്തിനുശേഷം ക്യാമറാദൃശ്യങ്ങള്‍ വിദഗ്ധമായി മായ്ച്ച് കളയുന്നതിനാല്‍ വിനോദ് പിടിക്കപ്പെട്ടില്ല.
എസ്.ബി.ടി. എ.ടി.എമ്മിലെ കവര്‍ച്ചയെത്തുടര്‍ന്ന് കേസന്വേഷിച്ച കാഞ്ഞങ്ങാട് പോലീസ് ബാങ്കിലെ രണ്ടുജീവനക്കാര്‍ക്കെതിരെ വഞ്ചനയ്ക്ക് കേസെടുത്ത് ചാര്‍ജ് ഷീറ്റ് കൊടുത്തിരുന്നു. വിനോദിന്റെ അറസ്റ്റോടെ ഈ കേസിന്റെ പുനരന്വേഷണത്തിനാണ് വഴിതെളിഞ്ഞിരിക്കുന്നത്. എ.ടി.എമ്മില്‍ കവര്‍ച്ചനടന്നതിന് പിന്നാലെ ബാങ്കിലെ രണ്ടുജീവനക്കാര്‍ അച്ചടക്കനടപടിക്കും വിധേയരായിരുന്നു. 2015 മാര്‍ച്ചില്‍ ഉദിനൂരില്‍ നടന്ന എ.ടി.എം. കവര്‍ച്ചയും വിനോദാണ് നടത്തിയത്. ഇതിന് ചന്തേര പോലീസ് കേസെടുത്തിരുന്നു.
