Crime News

ജനസുരക്ഷയ്ക്കായി 'റെഡ് ബട്ടണ്‍' പദ്ധതി തുടങ്ങി

Posted on: 19 Aug 2015




ആലുവ: സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് 'റെഡ് ബട്ടണ്‍ അലര്‍ട്ട് റോബോട്ടിക് സ്‌പെക്ട്രം' സ്ഥാപിച്ചിരിക്കുന്നത്. പത്തടി ഉയരവും ഒരു ചതുരശ്രയടി വിസ്തീര്‍ണവുമുള്ള യന്ത്രത്തിന്റെ മദ്ധ്യ ഭാഗത്തായാണ് 'ചുവപ്പ് ബട്ടണ്‍' സ്ഥാപിച്ചിരിക്കുന്നത്. യന്ത്രത്തിന്റെ മുകളിലായി ചുവപ്പ്, പച്ച ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പച്ചവെളിച്ചം തെളിഞ്ഞാല്‍ യന്ത്രം പ്രവര്‍ത്തിക്കുന്നതാണെന്ന് സൂചിപ്പിക്കുന്നു. യന്ത്രം സ്ഥാപിച്ച തിരക്കേറിയ സ്ഥലത്ത് നിയമ ലംഘനങ്ങളോ, അപകടങ്ങളോ, സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങളോ ഉണ്ടായാല്‍ റെഡ് ബട്ടണില്‍ അമര്‍ത്തിയാല്‍ മതി. ചുവപ്പ് വെളിച്ചം തെളിയുന്നതിനോടൊപ്പം, അതിന്റെ താഴെയുള്ള ക്യാമറകള്‍ മിഴിതുറക്കും. യന്ത്രത്തിന്റെ ചുറ്റും 360 ഡിഗ്രിയില്‍ ചിത്രങ്ങളും വീഡിയോകളും ക്യാമറയില്‍ ലഭ്യമാക്കും. രാത്രിയിലെ ചിത്രങ്ങള്‍ ലഭ്യമാക്കുന്ന ഹൈ ഡെഫിനിഷന്‍ ക്യാമറയാണ് ഉപയോഗിക്കുന്നത്.

സ്വിച്ചില്‍ അമര്‍ത്തുന്നവര്‍ക്ക് പോലീസുമായി സംസാരിക്കുന്നതിനായി പ്രത്യേകം സംവിധാവും യന്ത്രത്തിലുണ്ട്. യന്ത്രത്തിന്റെ നിയന്ത്രണം റൂറല്‍ എസ്.പി. ഓഫീസില്‍ വെച്ച് തന്നെ നിര്‍വഹിക്കാനാകും.

പോലീസ് വാഹനത്തിലുള്ള 'റെഡ് ബട്ടന്റെ' റിസീവര്‍ ബോക്‌സ് വഴി അലര്‍ട്ട് സംവിധാനം പോലീസിനു കൈമാറും. റെഡ് ബട്ടണ്‍ അമര്‍ന്നു കഴിഞ്ഞാല്‍ ഉടന്‍ തന്നെ യന്ത്രം തൊട്ടടുത്തുള്ള പോലീസ് വാഹനത്തെ െസര്‍ച്ച് ചെയ്ത് കണ്ടെത്തും. കുറ്റകൃത്യങ്ങളുടെ ചിത്രങ്ങളും ശബ്ദങ്ങളും യന്ത്രം തന്നെ ഈ റിസീവര്‍ വാഹനത്തിലേക്ക് അയയ്ക്കും. അതുവഴി പോലീസ് ജീപ്പിന് റെഡ് ബട്ടണ്‍ യന്ത്രത്തിന്റെ അടുത്തേക്ക് ഉടന്‍ എത്താന്‍ കഴിയുകയും ചെയ്യും.

കേരളത്തില്‍ ആദ്യമായി നടപ്പാക്കിയ 'സ്‌പൈഡര്‍ പോലീസ്' വിജയകരമായതിനു പിന്നാലെയാണ് റൂറല്‍ ജില്ലാ പോലീസ് ഇന്ത്യയില്‍ ആദ്യമായി 'റെഡ് ബട്ടണു'മായി പുതിയ പരീക്ഷണം നടത്തുന്നത്. ഒരു യൂണിറ്റിന് ഏകദേശം നാലര ലക്ഷത്തോളം രൂപ ചെലവാകും.

ആലുവ: 'ഓപ്പറേഷന്‍ സുരക്ഷ'യിലൂടെ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ സംസ്ഥാനത്ത് മുപ്പത് ശതമാനം കുറ്റകൃത്യങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന 'റെഡ് ബട്ടണ്‍ അലര്‍ട്ട് റോബോട്ടിക് സ്‌പെക്ട്രം' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഓപ്പറേഷന്‍ സുരക്ഷയിലൂടെ ഇതുവരെ 97,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റകൃത്യം ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് പോലീസ് സേന ശ്രമിക്കുന്നത്. കേരളത്തിലെ മൂന്നരക്കോടി ജനത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് പോലീസിന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

'റെഡ് ബട്ടണ്‍' സംവിധാനം വിജയിച്ചാല്‍ സംസ്ഥാനം മുഴുവന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അന്‍വര്‍ സാദത്ത് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം.ടി. ജേക്കബ്, റൂറല്‍ എസ്.പി. ജി.എച്ച്. യതീഷ് ചന്ദ്ര, റോബോട്ടിക് സ്‌പെക്ട്രത്തിന്റെ ഉപജ്ഞാതാവ് പി.ആര്‍. മോഹന്‍, പി.പി.ജെ. ഗ്രൂപ്പ് ചെയര്‍മാന്‍ പി.ജെ. പോള്‍, ഷെയ്ക്ക് യൂസഫ് സുല്‍ത്താന്‍, ലിസി എബ്രഹാം, എം.ജെ. ജോമി, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം വേദിക്ക് പുറത്തേക്കിറങ്ങി വന്ന മന്ത്രി റെഡ് ബട്ടണ്‍ അമര്‍ത്തി പോലീസ് കണ്‍ട്രോള്‍ റൂമിലെ പോലീസുമായി സംസാരിച്ചു. തൊട്ടുപിന്നാലെ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള പോലീസ് ജീപ്പ് സ്ഥലത്തേക്ക് എത്തുകയും ചെയ്തു.

 

 




MathrubhumiMatrimonial