Crime News

പത്ത് ലക്ഷം രൂപയുടെ കുഴല്‍ പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 17 Aug 2015


തിരുവനന്തപുരം: പത്ത് ലക്ഷംരൂപയുടെ കുഴല്‍ പണവുമായി തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി നാരായണന്‍ (49), വലിയശാല സ്വദേശി വേണു (52) എന്നിവരെയാണ് തമ്പാനൂര്‍ സി.ഐ. സുരേഷ് വി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

തമ്പാനൂര്‍ പോലീസ് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായി കണ്ട നാരായണനെ ചോദ്യം ചെയ്യുന്നതിനിടെയാണ് പണം കണ്ടെത്തിയത്. നാരായണന്‍ വസ്ത്രത്തില്‍ അരയുടെ ഭാഗത്ത് ഒരു സഞ്ചിയുണ്ടാക്കി അതില്‍ പണം അടുക്കി വച്ചിരിക്കുകയായിരുന്നു. 10.2 ലക്ഷം രൂപയായിരുന്നു ഉണ്ടായിരുന്നത്.

മലപ്പുറം ജില്ലയിലെ ഒരാളുടെ നിര്‍ദ്ദേശപ്രകാരം വേണുവിന് എത്തിക്കുന്നതിനാണ് പണം കൊണ്ടുവന്നത്. മലപ്പുറം സ്വദേശിയുടെ നിര്‍ദ്ദേശപ്രകാരം മുമ്പ് പലപ്രാവശ്യം തിരുവനന്തപുരം, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളില്‍ നാരായണന്‍ പണം എത്തിച്ചിട്ടുണ്ട്. മലപ്പുറംകാരന്‍ നല്‍കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാണ് ഇയാള്‍ പണം കൈമാറിയിരുന്നതെന്നും തമ്പാനൂര്‍ പോലീസ് അറിയിച്ചു. ഈ ശൃംഖലയില്‍പെട്ടവരെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. നാരായണനെയും വേണുവിനെയും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

തമ്പാനൂര്‍ എസ്.ഐ.മാരായ പ്രകാശ്, ജോണി, എസ്.സി.പി. ഒ. ആല്‍ഫിന്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ സുധാകരന്‍ പിള്ളയുടെ നേതൃത്വത്തിലാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്.

 

 




MathrubhumiMatrimonial