Crime News

കഞ്ചാവ് കേസിലെ പ്രതി ഒരുകിലോ കഞ്ചാവുമായി അറസ്റ്റില്‍

Posted on: 14 Aug 2015


ഉപ്പള: ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയ സംഘത്തിലെ മുഖ്യകണ്ണികളിലൊരാള്‍ ഒരുകിലോ കഞ്ചാവുമായി അറസ്റ്റില്‍. ബേക്കൂര്‍ ശാന്തിഗുരിയിലെ ജാഫര്‍ അലി (49)യെയാണ് മഞ്ചേശ്വരം എസ്.ഐ. പി.പ്രമോദും സംഘവും അറസ്റ്റുചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ ശാന്തിഗുരി ബസ്സ്‌റ്റോപ്പിനടുത്ത് പ്ലാസ്റ്റിക് സഞ്ചിയില്‍ കഞ്ചാവുമായി നില്ക്കുമ്പോഴാണ് ജാഫര്‍ പിടിയിലായത്. മുന്നൂറോളം ചെറിയ പായ്ക്കറ്റുകളിലും പ്ലാസ്റ്റിക് കവറിലുമാണ് സൂക്ഷിച്ചിരുന്നത്. ഇയാള്‍ക്കെതിരെ രണ്ട് കഞ്ചാവ് കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളില്‍ കഞ്ചാവ് വില്പനയും ഉപയോഗവും കൂടിയതായി പരാതിയുണ്ട്. ഉപ്പള പ്രതാപ് നഗറില്‍ ഒരു വീട്ടുപരിസരത്ത് സംശയാസ്പദമായനിലയില്‍കണ്ട യുവാവിനെ നാട്ടുകാര്‍ പിടികൂടിയെങ്കിലും പോലീസെത്തുമ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്നുനടത്തിയ പരിശോധനയില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ സ്‌കൂട്ടറില്‍നിന്ന് കഞ്ചാവ് പൊതികള്‍ കണ്ടെടുത്തു. സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമാക്കിയാണ് കഞ്ചാവ് മാഫിയ പ്രവര്‍ത്തിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജയന്‍, ഗോകുല്‍, നിശാന്ത്, രാജേഷ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

 

 




MathrubhumiMatrimonial