Crime News

നിഷാമിന്റെ വിടുതല്‍ ഹര്‍ജി തള്ളി; വിചാരണ നടപടികള്‍ 24ന് നിശ്ചയിക്കും

Posted on: 13 Aug 2015


തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിഷാമിന്റെ വിടുതല്‍ ഹര്‍ജി തള്ളി. ഇതോടെ കുറ്റപത്രത്തില്‍ ചേര്‍ത്ത കൊലക്കുറ്റമുള്‍പ്പെടെയുള്ളവ നിലനില്‍ക്കും. വിചാരണ നടപടികള്‍ സംബന്ധിച്ച്, കേസ് വീണ്ടും പരിഗണിക്കുന്ന ആഗസ്ത് 24ന് തീരുമാനമായേക്കും. മാധ്യമങ്ങള്‍ക്കെതിരെയുള്ളതുള്‍പ്പെടെ പ്രതിഭാഗം നല്‍കിയ ഹര്‍ജികളും 24ന് പരിഗണിക്കും.

ബുധനാഴ്ചയാണ് തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിഷാം കേസ് പരിഗണനയ്ക്കു വന്നത്. വിടുതല്‍ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. മനഃപൂര്‍വ്വമായ നരഹത്യയല്ലെന്നും ചികിത്സാപ്പിഴവാണ് ചന്ദ്രബോസിന്റെ മരണകാരണം എന്നുമാണ് പ്രതിഭാഗം വാദിച്ചിരുന്നത്. ഇതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി വിടുതല്‍ ഹര്‍ജി തള്ളിയത്.

കേസ് സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നതിനെതിരെയും നിഷാമിന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുന്നതിന് അനുമതി ചോദിച്ചുകൊണ്ടുമാണ് പ്രതിഭാഗം പുതിയ ഹര്‍ജികള്‍ നല്‍കിയത്. കുറ്റപത്രം വായിക്കരുതെന്ന ആവശ്യവും ഹര്‍ജിയായി നല്‍കിയെങ്കിലും ഇത് കോടതി തള്ളി.

ബുധനാഴ്ച രാവിലെ 11.20ഓടെയാണ് കോടതി കേസ് പരിഗണിച്ചത്. കുറ്റം ചെയ്തിട്ടുണ്ടോയെന്ന ജഡ്ജ് കെ.പി. സുധീറിന്റെ ചോദ്യത്തിന് നിഷാം കുറ്റം നിഷേധിക്കുന്നതായി അറിയിച്ചു. തുടര്‍ന്നാണ് പുതിയ ഹര്‍ജികള്‍ പരിഗണിക്കാനും വിചാരണ നടപടികള്‍ നിശ്ചയിക്കാനുമായി കേസ് 24ലേക്കു മാറ്റിയത്.

ആഗസ്ത് നാലിന് നിഷാമിനെ കോടതിയില്‍ ഹാജരാക്കാനത്തെിയപ്പോള്‍ നിഷാമിന് ഹോട്ടലില്‍ സത്കാരം നല്‍കിയ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് തൃശ്ശൂര്‍ സി.ജെ.എം കോടതി 24ന് പരിഗണിക്കുന്നുണ്ട്. നിഷാമിനെ കണ്ണൂരില്‍നിന്ന് പ്രത്യേക വാഹനത്തിലായിരുന്നു തൃശ്ശൂരിലെ കോടതിയിലെത്തിച്ചത്. കോടതി പരിസരത്ത് വെസ്റ്റ് പോലീസ് സുരക്ഷയുമൊരുക്കിയിരുന്നു. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനുവും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. സുജേഷ് ബി. മേനോനും ഹാജരായി .

 

 




MathrubhumiMatrimonial