
പ്രാര്‍ത്ഥനയുടെ മറവില്‍ പീഡനം: 'സ്വാമി' അറസ്റ്റില്‍
Posted on: 12 Aug 2015

മമ്മിയൂരില്‍ 'ഹരേകൃഷ്ണ സത്സംഗ്' എന്ന പേരില്‍ ആധ്യാത്മിക കേന്ദ്രം നടത്തുന്ന തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിനടുത്ത് പുത്തന്‍വീട്ടില്‍ പ്രദീപ് മേനോനാണ് (39) അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നതിന് അമ്മയേയും പോലീസ് പിടികൂടിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രില്‍ 18 ന് രാത്രിയായിരുന്നു സംഭവം. അമ്മയ്ക്കും അനിയത്തിക്കുമൊപ്പമായിരുന്നു പെണ്‍കുട്ടി ഭജനയ്‌ക്കെത്തിയത്. ഭജന കഴിഞ്ഞ് രാത്രിയില്‍ ജ്യൂസാണെന്നു പറഞ്ഞ് പെണ്‍കുട്ടിക്ക് ബീര്‍ നല്‍കിയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ അച്ഛന്‍ ഗള്‍ഫിലായിരുന്നു. പീഡനത്തിന് അമ്മ കൂട്ടുനില്‍ക്കുകയാണെന്ന് മനസ്സിലാക്കിയ കുട്ടി വിവരങ്ങള്‍ മുത്തശ്ശിയോടു പറഞ്ഞിരുന്നു.
അവര്‍ ഗള്‍ഫിലുള്ള അച്ഛനെ വിവരമറിയിച്ചു. അയാള്‍ നാട്ടിലെത്തിയാണ് പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു.
നാലുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന സത്സംഗ് കേന്ദ്രത്തില്‍ മനശ്ശാന്തിക്കെന്നു പറഞ്ഞ് അവധിദിവസങ്ങളില്‍ പ്രത്യേക ഭജന നടത്തുന്നുണ്ട്. വലിയ സൗകര്യമുള്ള രണ്ടുനില വീട് വാടകയ്‌ക്കെടുത്താണ് ഇത് നടത്തുന്നത്. അകത്ത് പ്രത്യേകം പൂജാമുറിയുണ്ടാക്കി അതിനുമുന്നിലാണ് വാദ്യത്തിന്റെ അകമ്പടിയോടെയുള്ള ഭജന നടക്കുന്നത്. ഇതിനായി ദൂരദിക്കുകളില്‍ നിന്നടക്കം നിരവധിപേര്‍ എത്താറുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയും അമ്മയും അനുജത്തിയും മിക്കവാറും അവധിദിവസങ്ങളില്‍ സത്സംഗ് കേന്ദ്രത്തില്‍ വരാറുണ്ട്. ഭജന കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസം നിന്നാണ് തിരിച്ചുപോകുക.
ബി.ടെക് യോഗ്യതയുള്ള പ്രദീപ് മേനോന്‍ തൃശ്ശൂരില്‍ ഏറെക്കാലം ഇലക്ട്രോണിക്‌സ് സ്ഥാപനം നടത്തിയിരുന്നു. സാമ്പത്തിക ബാധ്യത വന്നപ്പോഴാണ് മമ്മിയൂരില്‍ സത്സംഗ് കേന്ദ്രം തുടങ്ങിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഗുരുവായൂര്‍ സിഐ എം.യു. ബാലകൃഷ്ണനും എസ്‌ഐ പി.എസ്. ബാലകൃഷ്ണനും സിവില്‍ പോലീസ് ഓഫീസര്‍ പി. ബസന്തും ചേര്‍ന്ന് സത്സംഗ് കേന്ദ്രത്തില്‍നിന്ന് പ്രദീപിനേയും കുട്ടിയുടെ അമ്മയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
