
ചാവക്കാട്ട് നിരോധനാജ്ഞ; ഒരാള്‍ കൂടി അറസ്റ്റില്‍
Posted on: 11 Aug 2015

കേസിലെ മുഖ്യപ്രതി പുത്തന്‍കടപ്പുറം കണ്ണന്‍കേരന്‍ ഷെമീറിനെ (29) ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രഞ്ജിത്ത് കൃഷ്ണന്‍ റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ പുതുവീട്ടില്‍ ഷംസീറി (20)നെ അറസ്റ്റ് ചെയ്തു. 11 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
കേരള പോലീസ് ആക്ട് 78, 79(1) വകുപ്പുപ്രകാരമാണ് തിങ്കളാഴ്ച രാവിലെ പത്തു മുതല്‍ 25ന് രാവിലെ 10വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ പോലീസ് മേധാവി എന്‍. വിജയകുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ദിവസങ്ങളില്‍ പ്രകടനവും പൊതുയോഗവും മാരകായുധങ്ങള്‍ കൊണ്ടുനടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഐ ഗ്രൂപ്പ് തിങ്കളാഴ്ച നടത്താനിരുന്ന പ്രകടനവും പൊതുയോഗവും മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്ന് വേണ്ടെന്നുവെച്ചു.
കേസിലെ ഒന്നാം പ്രതിയായ ഷെമീറിനേയും രണ്ടും മൂന്നും പ്രതികളായ കുണ്ടുപറമ്പില്‍ ഷാഫിയെയും തൊണ്ടംപിരിയന്‍ അന്‍സാറിനേയും കൊലപാതകശേഷം സംഭവസ്ഥലത്ത് നിന്നും ബൈക്കില്‍ കയറ്റി എടക്കഴിയൂരില്‍ എത്തിച്ചയാളാണ് തിങ്കളാഴ്ച അറസ്റ്റിലായ ഷംസീര്‍. പിന്നീട് പ്രതികള്‍ ഒരു കാറില്‍ കയറി പൊന്നാനി ഭാഗത്തേക്ക് പോയി. പ്രതികള്‍ രക്ഷപ്പെട്ടെന്നു കരുതുന്ന കെ.എല്‍. 44 സി. 0770 നമ്പര്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഉടമയെക്കുറിച്ചും മറ്റും അന്വേഷിച്ചുവരികയാണ്.
ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷെമീര്‍. കാപ്പ പ്രകാരം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.കേസിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച രാത്രി 10നായിരുന്നു കൊലപാതകം. കേസിലെ മുഖ്യപ്രതിയായ ഷെമീറും സംഘവും ഹനീഫയുടെ വീടിന് കിഴക്കുഭാഗത്തുള്ള പലചരക്ക് കടയ്ക്ക് സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്നു. അന്നേരം തെരുവത്ത് ഫൈസലും കൂട്ടുകാരന്‍ ഷെക്കീറും ബൈക്കില്‍ ഇതുവഴി വന്നു. ഷെമീറും സംഘവും ഇവരുടെ ബൈക്ക് തടഞ്ഞുനിര്‍ത്തി. വാക്കുതര്‍ക്കം ഉണ്ടായി.
ബൈക്കെടുത്ത് ഫൈസലും ഷെക്കീറും സ്ഥലം വിടുന്നതിനിടെ ഷെമീറിനേയും കൂട്ടുകാരെയും വെല്ലുവിളിച്ചു. ഇതിനെ തുടര്‍ന്ന് ഷെമീറും സംഘവും മറ്റൊരു ബൈക്കില്‍ ഇവരെ പിന്തുടര്‍ന്നു. ഫൈസലും ഷെക്കീറും ഹനീഫയുടെ വീട്ടില്‍ അഭയം തേടുകയായിരുന്നു. ഫൈസലിനേയും ഷെക്കീറിനേയും ഷെമീറും സംഘവും മര്‍ദ്ദിക്കുന്നതു കണ്ട് വീടിന്റെ ഉമ്മറത്തിരുന്നിരുന്ന ഹനീഫ തടയാന്‍ ശ്രമിച്ചു. സംഘട്ടനത്തിനിടെ ഹനീഫയെ ഷെമീര്‍ നെഞ്ചിലും വയറ്റിലും കുത്തി കൊലപ്പെടുത്തുകയായിരുന്നു.
