Crime News

മായംകലര്‍ന്ന വെളിച്ചെണ്ണ വീണ്ടും

Posted on: 07 Aug 2015


എടപ്പാള്‍: സംസ്ഥാനത്ത് മായംകലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പന വീണ്ടും. വ്യാജ പ്രചാരണങ്ങളും വാഗ്ദാനങ്ങളും സൗജന്യങ്ങളും നല്‍കി സ്വകാര്യകമ്പനികള്‍ മാര്‍ക്കറ്റില്‍ നടത്തുന്ന കടന്നുകയറ്റത്തിനെതിരെ കേരഫെഡിന്റെ പ്രതിരോധവും വിലപ്പോവുന്നില്ല.

സംസ്ഥാനത്ത് നാളികേരത്തിന്റെ പേരിനോടു സാമ്യമുള്ള ബ്രാന്‍ഡുകളിലാണ് പല വ്യാജന്‍മാരും മാര്‍ക്കറ്റിലിറങ്ങുന്നത്. പാംകെര്‍ണല്‍ ഓയില്‍, പാരഫീന്‍ തുടങ്ങിയവ കലര്‍ത്തിയ വെളിച്ചെണ്ണയാണ് ശുദ്ധമായ വെളിച്ചെണ്ണ എന്ന നിലയില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത്.
അഗ്മാര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ എന്നതിനുപകരം അഗ്മാര്‍ക്ക് ക്വാളിറ്റി എന്നെഴുതി കബളിപ്പിക്കുന്ന പരസ്യങ്ങളും ഇത്തരം കമ്പനികള്‍ നല്‍കുന്നുണ്ട്. ചില കമ്പനികള്‍ അരി, പഞ്ചസാര എന്നിവ വാങ്ങുമ്പോള്‍ ഒരു പായ്ക്കറ്റ് സൗജന്യം എന്ന നിലയിലും ഇത്തരം വെളിച്ചെണ്ണകള്‍ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്.

ശുദ്ധമായ വെളിച്ചെണ്ണയുണ്ടാക്കുന്ന കേരഫെഡിനുപോലും ഇത്തരം വെളിച്ചെണ്ണകള്‍ ഭീഷണിയായതോടെ അത്തരം പ്രചാരണവും മായംകലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പനയും തടയണമെന്നാവശ്യപ്പെട്ട് അവര്‍ കോടതിയെ സമീപിച്ചിരുന്നു. താത്കാലിക സ്റ്റേ വാങ്ങിയാണ് ഇപ്പോള്‍ ഈ കമ്പനികള്‍ വില്‍പ്പന തുടരുന്നത്. നിയമനടപടിക്കൊരുങ്ങുകയാണ് കേരഫെഡ് അധികൃതര്‍.

തമിഴ്‌നാട്ടിലെ കാങ്കയം, വെള്ളക്കോവില്‍ തുടങ്ങിയ സ്ഥലങ്ങളിലെ മില്ലുകളില്‍ കൊപ്ര ആട്ടിയുണ്ടാക്കുന്ന വെളിച്ചെണ്ണയില്‍ പാരഫീന്‍, പാംകെര്‍ണല്‍ ഓയില്‍ എന്നിവ കൂട്ടിച്ചേര്‍ത്താണ് കേരളത്തിലേക്കയയ്ക്കുന്നത്. വ്യാപാരികള്‍ക്കും ലാഭം കൂടുതല്‍കിട്ടുന്ന ഈ വെളിച്ചെണ്ണയോടാണ് താത്പര്യം. സാധാരണ വെളിച്ചെണ്ണയില്‍നിന്ന് കാഴ്ചയിലും മണത്തിലുമൊന്നും ഒരു വ്യത്യാസവുമില്ലാത്തതിനാല്‍ സാധാരണക്കാരന് ഇതു തിരിച്ചറിയാനുമാകില്ല. ഇവയുടെ പരിശോധനയ്ക്ക് കേരളത്തില്‍ സംവിധാനമില്ല. ബെംഗളൂരുവിലേക്ക് അയച്ചുവേണം പരിശോധന നടത്താന്‍.

 

 




MathrubhumiMatrimonial