Crime News

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ ജാഗ്രതവേണമെന്ന് ഡി.ജി.പി.

Posted on: 06 Aug 2015


മുന്നറിയിപ്പ് ഐ.എസ്. ഭീഷണി സംബന്ധിച്ച ആഭ്യന്തരമന്ത്രാലയത്തിന്റെ സുപ്രധാന യോഗത്തിനുപിന്നാലെ


പാലക്കാട്:
സോഷ്യല്‍ മീഡിയകളില്‍ അപരിചിതരില്‍നിന്നുള്ള സൗഹൃദ അഭ്യര്‍ഥനകള്‍ (ഫ്രണ്ട്‌സ് റിക്വസ്റ്റുകള്‍) ഒഴിവാക്കണമെന്നും വ്യാജ പ്രൊഫൈലുകള്‍ സൂക്ഷിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ഔദ്യോഗിക ഫേയ്‌സ്ബുക്കിലാണ് ഡി.ജി.പി.യുടെ പോസ്റ്റ്. ഇസ്ലാമിക സ്റ്റേറ്റ് ഭീകരവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കേരളമുള്‍പ്പെടെയുള്ള പന്ത്രണ്ട് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും ഡി.ജി.പി.മാരെയും പങ്കെടുപ്പിച്ച് ആഭ്യന്തരമന്ത്രാലയം നടത്തിയ സുപ്രധാന യോഗത്തിനുശേഷമാണ് ടി.പി. സെന്‍കുമാറിന്റെ പോസ്റ്റ്. യോഗത്തില്‍ ഡി.ജി.പി.യും പങ്കെടുത്തിരുന്നു.

സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ഭീഷണികള്‍, അനുചിതമായ പോസ്റ്റുകള്‍ മുതലായവ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും നിര്‍ദേശമുണ്ട്. ഫേസ്ബുക്കിലൂടെ മതസ്പര്‍ധ വളര്‍ത്തുന്നതോ, വ്യക്തിപരമായി അധിക്ഷേപിക്കുന്നതോ ആയ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

സോഷ്യല്‍ മീഡിയകളില്‍ പ്രൊഫൈലായി സ്വന്തം ചിത്രങ്ങള്‍ ഉപയോഗിക്കണമെന്നും അക്കൗണ്ട് തുടങ്ങുമ്പോള്‍ യഥാര്‍ഥപേര് നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനുംമുമ്പ് പ്രൊഫൈല്‍ വിവരങ്ങള്‍ വ്യക്തമായി മനസ്സിലാക്കണമെന്ന് പോസ്റ്റില്‍ പറയുന്നു. അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കുമാത്രം കാണാന്‍കഴിയുന്ന വിധത്തില്‍ സെറ്റിങ്‌സില്‍ മാറ്റം വരുത്തുക, ഫോട്ടോ ഇല്ലാത്ത പ്രൊഫൈലുകളില്‍നിന്ന് ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ തള്ളുക, വ്യാജന്മാരെന്ന് സംശയം തോന്നിയാല്‍ അത്തരക്കാരുടെ പഴയ പോസ്റ്റുകള്‍ പരിശോധിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം കുറിച്ചിട്ടുണ്ട്.

പബ്ലിക്, ഫ്രണ്ട്‌സ് ഓഫ് ഫ്രണ്ട്‌സ് എന്നീ ഭാഗങ്ങളില്‍ ഫോട്ടോകളോ വ്യക്തിപരമായ പോസ്റ്റുകളോ ഇടാതിരിക്കുക, ഫേസ്ബുക്കില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കുമ്പോള്‍ കഴിയുന്നതും അടുത്ത സുഹൃത്തുക്കളെയും അടുത്തറിയാവുന്നവരെയുംമാത്രം ഉള്‍പ്പെടുത്തുക എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

ഫേസ്ബുക്കിലെ പ്രൊഫൈല്‍ സെറ്റിങ്‌സില്‍ മാറ്റം വരുത്താതെയുള്ള ഉപയോഗം ഫേസ്ബുക്ക് വിവരങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ അപരിചിതര്‍ കാണാന്‍ ഇടയാക്കുമെന്ന് ഓര്‍മപ്പെടുത്തുന്നു. പബ്ലിക് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ അനുചിതമല്ലാത്തവ ഷെയര്‍, ലൈക് ചെയ്യാതിരിക്കുക. പരിചയമില്ലാത്തവരുടെ ഫേസ്ബുക്കിലൂടെയുള്ള ക്ഷണം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

 

 




MathrubhumiMatrimonial