Crime News

കടബാധ്യത തീര്‍ക്കാമെന്നു പറഞ്ഞ് യുവാവിന്റെ പത്തു ലക്ഷം കവര്‍ന്നു

Posted on: 01 Aug 2015


കുമളി: ബാങ്കിലെ കടബാധ്യതകള്‍ തീര്‍ക്കുന്നതിന് തുക കണ്ടെത്തി നല്‍കാമെന്നു വിശ്വസിപ്പിച്ച് തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് പത്തു ലക്ഷം രൂപയും അന്‍പതു ചെക്ക് ലീഫുകളും തട്ടിയെടുത്തതായി പരാതി.
വെള്ളിയാഴ്ച ഉച്ചയോടുകൂടി കുമളി തേക്കടി ജങ്ഷനിലാണ് സംഭവം.
തിരുപ്പൂര്‍ സ്വദേശി മാണിക്യ(40) ത്തിനാണ് പണവും ചെക്ക് ലീഫുകളും നഷ്ടമായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: തിരുപ്പൂര്‍ സ്വദേശിയായ മാണിക്യത്തിന് തിരുപ്പൂരിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 2 കോടി 40 ലക്ഷം രൂപ ബാധ്യതയുണ്ടായിരുന്നു. ഈ തുക അടച്ചുതീര്‍ക്കാന്‍ നിര്‍വാഹമില്ലാതെയിരിക്കുമ്പോഴാണ് കുമളിയില്‍ ആര്‍.ആര്‍. കമ്പനിയുടമകള്‍ എന്നുപറഞ്ഞ് രണ്ടുപേര്‍ മാണിക്യത്തിനെ സമീപിക്കുന്നതും കടബാധ്യതകള്‍ തീര്‍ക്കാമെന്ന് വാക്ക് നല്‍കുന്നതും.
പത്തു ലക്ഷം രൂപയും 50 ചെക്ക് ലീഫുകളും നല്‍കിയാല്‍ 2 കോടി രൂപ വെള്ളിയാഴ്ച തരപ്പെടുത്താമെന്ന് ഉറപ്പ് നല്‍കി.
ഇതിന്‍പ്രകാരം മാണിക്യം കുമളിയിലെത്തി 10 ലക്ഷം രൂപയും 50 ചെക്ക് ലീഫുകളും ഇവര്‍ക്ക് കൈമാറി. കുമളി തേക്കടി ജങ്ഷനിലെ ബാങ്കില്‍ നിന്ന് എടുത്തതാണെന്നും 2 കോടി രൂപയുണ്ടെന്നും പറഞ്ഞ് ഒരു പെട്ടി മാണിക്യത്തിനെ ഏല്‍പ്പിച്ചു.
തുറന്നുനോക്കിയപ്പോള്‍ 2 കോടിയുടെ ആയിരത്തിന്റെ കെട്ടുകള്‍ കാണുകയും ചെയ്തു. തട്ടിപ്പുകാര്‍ സ്ഥലംവിടുകയും ചെയ്തു. പിന്നീട് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ആയിരത്തിന്റെ നോട്ടുകള്‍ ഇരുപുറവും വെച്ചിട്ടുള്ള വെള്ളകടലാസുകളായിരുന്നുവെന്ന് മനസ്സിലായത്.
ഉടന്‍തന്നെ മാണിക്യം കുമളി പോലീസിലെത്തി പരാതി നല്‍കി. പോലീസ് അന്വേഷണത്തില്‍ ഇങ്ങനെയൊരു കമ്പനിയില്ലെന്നും കണ്ടെത്തി. കര്‍ണ്ണാടക രജിസ്‌ട്രേഷനുള്ള വാഹനത്തിലാണ് തട്ടിപ്പ് സംഘം എത്തിയതും കടന്നതും.

 

 




MathrubhumiMatrimonial