Crime News

30 ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങള്‍ മണ്ണാര്‍ക്കാട്ട് പിടികൂടി

Posted on: 31 Jul 2015



പാലക്കാട് :
കേരളത്തില്‍ നിരോധിച്ചിട്ടുള്ള പുകയില ഉത്പന്നങ്ങള്‍ തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവരികയായിരുന്ന വാഹനം എക്‌സൈസ് സംഘം പിടികൂടി. ഒരുലക്ഷം പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളാണ് വാഹനസഹിതം പിടിച്ചെടുത്തത്. ഇതിന് 30 ലക്ഷം വിലവരും. സംഭവവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് കാരാകുറുശ്ശി കൊച്ചുപറമ്പില്‍ ഷൈജു (31), വാക്കടപ്പുറം കൊടമക്കാട് ശങ്കരനാരായണന്‍ (28) എന്നിവരെ അറസ്റ്റ് ചെയ്തു.

കോയമ്പത്തൂരില്‍നിന്ന് അട്ടപ്പാടിവഴി മണ്ണാര്‍ക്കാട്ടേക്ക് കൊണ്ടുവരികയായിരുന്നു പുകയില ഉത്പന്നങ്ങള്‍. ഇവയുടെ പായ്ക്കറ്റ് ഒന്നിന് ആവശ്യക്കാര്‍ക്കിടയില്‍ 30 രൂപ വിലയുണ്ട്. രണ്ടുവര്‍ഷംമുമ്പ് കേരളത്തില്‍ നിരോധിച്ചതാണ് ഈ ഉത്പന്നങ്ങള്‍. കേരളത്തിലെ ഇതര സംസ്ഥാനക്കാര്‍ക്കിടയില്‍ ഇതിന്റെ ആവശ്യക്കാര്‍ ഏറെയുണ്ട്. അവര്‍ക്ക് വിറ്റഴിക്കാനായാണ് ഇവ കൊണ്ടുവന്നത്. പ്രതികളെ മണ്ണാര്‍ക്കാട് പോലീസിന് കൈമാറി.

എക്‌സൈസിന്റെ ഇന്റലിജന്‍സ് വിഭാഗമാണ് വാഹനം പിടികൂടിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി. മുരളീധരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ. ഷൗക്കത്തലി, പി. സുരേഷ്, ആര്‍. റിനോഷ്, സി. ശെന്തില്‍കുമാര്‍, മണ്ണാര്‍ക്കാട് സി. െഎ. എം. രാകേഷ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

 

 




MathrubhumiMatrimonial