Crime News

രവീന്ദര്‍കുമാര്‍ പീഡിപ്പിച്ചുകൊന്നത് മുപ്പതിലേറെ കുട്ടികളെ

Posted on: 22 Jul 2015


നിതാരിയെ വെല്ലുന്ന ക്രൂരത


ന്യൂഡല്‍ഹി: കൊലപാതകപരമ്പര നടത്തി പോലീസ് പിടിയിലായ രവീന്ദര്‍കുമാര്‍ മുപ്പതിലേറെ പെണ്‍കുട്ടികളെ പീഡിപ്പിച്ചുകൊന്നെന്ന് വെളിപ്പെടുത്തി. 2006ല്‍ യു.പി.യിലെ നിതാരിയില്‍ നടന്ന കൊലപാതകപരമ്പരയെ കവച്ചുവെക്കും രവീന്ദര്‍കുമാറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍. മുപ്പതിലേറെ കുട്ടികളെ താന്‍ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതായി രവീന്ദര്‍കുമാര്‍ സമ്മതിച്ചെന്ന് ഡല്‍ഹി പോലീസ് വെളിപ്പെടുത്തി. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുംവെച്ചാണ് ഇതില്‍ ഭൂരിഭാഗം കുറ്റകൃത്യങ്ങളും നടന്നത്.

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ജ് സ്വദേശിയായ രവീന്ദര്‍കുമാര്‍ ഡല്‍ഹിയിലായിരുന്നു താമസം. തെളിവെടുപ്പിന്റെ ഭാഗമായി നരേല, ബവാന, ആലിപ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലും രവീന്ദറിനെ കൊണ്ടുപോയി. ഈ അന്വേഷണത്തിലാണ് മുപ്പതിലേറെ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാനായതെന്ന് പോലീസ് അറിയിച്ചു.

ഇയാള്‍ നടത്തിയ ആകെ കൊലപാതകങ്ങളുടെ എണ്ണം നാല്‍പ്പതായേക്കും. 15 കുട്ടികളെ രവീന്ദര്‍ കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ ഇതുവരെയുള്ള വിലയിരുത്തല്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കാണാതായ പെണ്‍കുട്ടികളുടെ കണക്കെടുത്തുള്ള അന്വേഷണവും പോലീസ് നടത്തി. വിജയ്‌നഗര്‍, ബവാന, നരേല, ആലിപ്പുര്‍, ബേഗംപുര്‍, കഞ്ജാവ്‌ല, സമയ്പുര്‍ ബാദ്‌ലി എന്നിവിടങ്ങളില്‍ കാണാതായ കുട്ടികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

2008ലാണ് ഇരുപത്തിനാലുകാരനായ രവീന്ദര്‍കുമാര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞവര്‍ഷം തെക്കന്‍ ഡല്‍ഹിയിലെ ബേഗംപുരില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. വീടിനടുത്തുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കഴുത്തുമുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലായിരുന്നു അറസ്റ്റ്. കുട്ടി മരിച്ചെന്നുകരുതി രവീന്ദര്‍ കടന്നുകളഞ്ഞതായിരുന്നു. എന്നാല്‍, പോലീസ് സ്ഥലത്തെത്തി തക്കസമയത്ത് കുട്ടിയെ രക്ഷപ്പെടുത്തി. ഈ കേസില്‍ രവീന്ദര്‍കുമാര്‍ പിന്നീട് കുറ്റവിമുക്തനായി. അപ്പോഴൊന്നും ഇയാളുടെ കൊടുംകൃത്യങ്ങളെക്കുറിച്ച് പോലീസിന് അറിവുണ്ടായിരുന്നില്ല. ഈ മാസം 16ന് ബേഗംപുരില്‍ ആറുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായപ്പോഴാണ് നടുക്കുന്ന ക്രൂരകൃത്യങ്ങളെക്കുറിച്ച് അറിയുന്നത്.

 

 




MathrubhumiMatrimonial