
കുഞ്ഞുങ്ങള്‍ക്ക് പെന്‍ഷന്‍ തുകയുടെ പങ്കുനല്‍കി റിട്ട.പോലീസുകാരന്‍
Posted on: 21 Jul 2015
ടി.ബി.ബാബുക്കുട്ടന്‍
സ്‌നേഹംനല്‍കാന്‍ അച്ഛനും അമ്മയുമില്ല


ചെറുതോണി: കുരിശിങ്കല്‍ എബ്രാഹം എന്നുപറഞ്ഞാല്‍ അധികമാരും അറിയില്ല.എന്നാല്‍, ഒളിമ്പ്യന്‍ ഷൈനി വില്‍സന്റെ അച്ഛന്‍ എന്നുപറഞ്ഞാല്‍ അറിയാത്തവരുണ്ടാവില്ല. പുണ്യപ്രവൃത്തിയിലൂടെയാണ് അദ്ദേഹം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
അച്ഛനമ്മമാരുടെ സ്നേഹവാല്‍സല്യം ലഭിക്കാതെ, നിര്‍ധനരായ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും തണലില്‍ കഴിയുന്ന ബാലികമാര്‍ക്ക് റിട്ട.പോലീസുകാരനായ എബ്രാഹമിന്റെ തലോടല്‍ അനുഗ്രഹമായി.ഇടുക്കി കരിമ്പന്‍ കുട്ടപ്പന്‍സിറ്റി ഇലവുംചുവട്ടില്‍ ചന്ദ്രന്റെ ഒന്നും രണ്ടുംവയസ്സുള്ള കൊച്ചുമക്കള്‍ക്കാണ് കെ.പി. എബ്രാഹം (75) കൈത്താങ്ങായത്.
കുട്ടികളുടെ ബുദ്ധിമുട്ടുകണ്ട്് നിശ്ചിതതുക പ്രതിമാസം നല്‍കാന്‍ എബ്രാഹവും ഭാര്യ അന്നമ്മയും തീരുമാനിക്കുകയായിരുന്നു.എബ്രാഹമിന്റെ പെന്‍ഷന്‍തുകയില്‍നിന്ന് സാന്ദ്ര(1), സ്നേഹ(2) എന്നിവരുടെ പേരില്‍ ഒരു ലക്ഷം രൂപ ജില്ലാ സഹകരണബാങ്കില്‍ നിക്ഷേപിച്ചു. ഇതിന്റെ പലിശ പ്രതിമാസം കുട്ടികളുടെ ചെലവിനായി ലഭിക്കും. പ്രായപൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തുക അവര്‍ക്ക് വിനിയോഗിക്കാം.ഈ ആശയവുമായി എബ്രാഹം വിവിധ ബാങ്കുകള്‍ കയറിയിറങ്ങിയെങ്കിലും പലിശ പ്രതിമാസം കുട്ടികള്‍ക്ക് എത്തിച്ചുനല്‍കാന്‍ ഒരു ബാങ്കും തയ്യാറായില്ല.അവസാനം ജില്ലാസഹകരണബാങ്ക് ജനറല്‍ മാനേജര്‍ എ.ആര്‍. രാജേഷിനെക്കണ്ട് തന്റെ ലക്ഷ്യം അറിയിച്ചു.
എബ്രാഹമിന്റെ തീരുമാനത്തെ സ്വാഗതംചെയ്ത മാനേജര്‍ ബാങ്കിലെ ജീവനക്കാരുടെ ഒരു വിഹിതംകൂടി കൊടുക്കാമെന്ന് ഉറപ്പുനല്‍കി.കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് കുട്ടികളുടെ അമ്മ ആശയെയും ഭര്‍ത്താവ് ശ്രീലജനെയും വിഷം ഉള്ളില്‍ച്ചെന്നനിലയില്‍ ആശയുടെ വീടിനുസമീപം കണ്ടത്.ജില്ലാആസ്പത്രിയില്‍ എത്തിച്ചെങ്കിലും ആശ മരിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ആത്മഹത്യയ്ക്ക് തയ്യാറെടുത്ത് നടത്തിയ തീരുമാനത്തില്‍നിന്ന് ശ്രീലജന്‍ വിഷംകഴിക്കാതെ ഒഴിവായെന്ന് കണ്ടെത്തി.
ആദ്യവിവാഹത്തിലെ ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച ശ്രീലജന്‍ വിവരം മറച്ചുവച്ച് ആദിവാസിയായ ആശയെ സ്നേഹിച്ച് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.ഇവരുടെ ആദ്യകുട്ടിക്ക് ഒരു വയസ്സും രണ്ടാമത്തെ കുഞ്ഞ് ജനിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളിലുമാണ് ആശ മരിക്കുന്നത്.ശ്രീലജന്‍ പിന്നീടിങ്ങോട്ടുവന്നിട്ടില്ലെന്ന് ചന്ദ്രന്‍ പറഞ്ഞു. ആശയുടെ സഹോദരി അവിവാഹിതയും ഊമയുമായ അശ്വതിയും അച്ഛനമ്മമാരായ ചന്ദ്രനും ഷൈലയുമാണ് കുട്ടികള്‍ക്ക് അച്ഛനമ്മമാരുടെ സ്നേഹം നല്‍കി വളര്‍ത്തുന്നത്.അഞ്ച് സെന്റ് പാറപ്പുറവും അതിലുള്ള ചെറിയ വീടുമാണ് സമ്പാദ്യം.ചന്ദ്രന് വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയാണ് ഇവരുടെ അന്നത്തിന്റെ ഏക മാര്‍ഗം.
ഈ നിര്‍ദ്ധരായ കുട്ടികള്‍ക്ക് സഹായം നല്‍കുന്നതിനായി ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ വാഴത്തോപ്പ് ശാഖയിലെ എസ്.ബി. അക്കൗണ്ടില്‍ നേരിട്ടോ, RTGS/NEFT വഴിയോ പണം അടയ്ക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് നമ്പര്‍ SANDRAMOL EC-120071200420411, IFS കോഡ് UTIB0SIDB99
