
150 ലധികം ബൈക്കുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍
Posted on: 20 Jul 2015
* മോഷണം ഒറ്റയ്ക്ക്
* 70 ബൈക്ക് കണ്ടെടുത്തു

* 70 ബൈക്ക് കണ്ടെടുത്തു

പാറശ്ശാല: 150 ഓളം ബൈക്കുകള്‍ മോഷ്ടിച്ച പ്രതി പിടിയിലായി. ഇയാളുടെ ഗോഡൗണില്‍ നിന്ന് 70 ബൈക്കുകളും 35 എന്‍ജിനുകളും മറ്റ് വാഹനഭാഗങ്ങളും കണ്ടെടുത്തു. പാറശ്ശാലയ്ക്കുസമീപം കാരോട് ചൂഴാല്‍ പനവിള വീട്ടില്‍ രാജന്‍ (36) എന്ന മുരുകനെയാണ് പോലീസ് അറസ്റ്റുെചയ്തത്. തനിച്ചാണ് ഇയാളുടെ ബൈക്ക് മോഷണം. സംസ്ഥാനത്ത് ആദ്യമായാണ് ഒരാളില്‍നിന്ന് ഇത്രത്തോളം ബൈക്കുകള്‍ മോഷ്ടിച്ചനിലയില്‍ കണ്ടെടുക്കുന്നത്.
കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമായിരുന്നു ഇയാള്‍ ബൈക്ക് മോഷ്ടിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നുപോകുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണം. പാറശ്ശാല ആശുപത്രി വളപ്പില്‍നിന്ന് തുടരെ ബൈക്കുകള്‍ മോഷണം നടന്നതിനെത്തുടര്‍ന്ന് പോലീസ് ഇവിടെ നിരീക്ഷണ കാമറവെച്ചു. സ്വന്തംനിലയ്ക്ക് ആശുപത്രി അധികൃതര്‍ അറിയാതെയാണ് കാമറവെച്ചത്. എന്നിട്ടും മോഷണം തുടര്‍ന്നു.
കഴിഞ്ഞദിവസം മാന്യമായി വേഷംധരിച്ച യുവാവ് പ്ലാസ്റ്റിക് കവറില്‍ ഹെല്‍മറ്റ് പൊതിഞ്ഞ് കൊണ്ടുവന്നത് ഷാഡോ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. യുവാവ് ബൈക്കുകള്‍ക്ക് സമീപം കറങ്ങി നടന്നതുകണ്ട പോലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ പലദിവസവും ഇയാള്‍ ഹെല്‍മറ്റ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുകൊണ്ടുവരുന്നത് പതിഞ്ഞിരുന്നു.
പാറശ്ശാല സര്‍ക്കാര്‍ ആശുപത്രി, മാര്‍ത്താണ്ഡം ബസ്സ്‌റ്റേഷന്‍, കളിയിക്കാവിള ചന്ത, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് പതിവായി ഇയാള്‍ ബൈക്കുകള്‍ മോഷ്ടിക്കാറുണ്ടെന്ന് പോലീസിനോട് സമ്മതിച്ചു. ഒരാഴ്ചയില്‍ രണ്ടും മൂന്നും ബൈക്കുകള്‍ വരെ മോഷ്ടിക്കാറുണ്ട്. 60,000 രൂപ വിലുള്ള ബൈക്കുകള്‍ 10,000 രൂപയ്ക്ക് താഴെയാണ് വിറ്റിരുന്നത്. മോഷ്ടിക്കുന്ന ബൈക്കുകള്‍ ചെങ്കവിളയിലുള്ള ഗുണമണിയെന്ന ആളുടെ കടയില്‍വെച്ച് പൊളിച്ച് തിരുനെല്‍വേലിയിലും സേലത്തും കയറ്റി അയയ്ക്കാറാണ് പതിവ്.
ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ടുംമൂന്നും ബൈക്കുകള്‍ ഇയാള്‍ പൊളിക്കാനായി തരാറുണ്ടെന്ന് ഗുണമണി പോലീസിനോട് സമ്മതിച്ചു.
ഓരോ ബൈക്കിനും അഡ്വാന്‍സായി തുക കൈപ്പറ്റുകയാണ് മുരുകന്റെ രീതി. കൃത്യമായി പറഞ്ഞദിവസംതന്നെ ബൈക്ക് എത്തിക്കുകയുംചെയ്യും. മുരുകന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും പോലീസിന് ഒന്നും കണ്ടെടുക്കാനായില്ല. ഇയാളുടെ വീട്ടില്‍നിന്ന് അകലെയായി ഒറ്റപ്പെട്ടനിലയില്‍ അടച്ചിട്ടിരുന്ന വീട് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. വീട് തുറന്ന് പരിശോധിച്ചപ്പോള്‍ 35 മോട്ടോര്‍ സൈക്കിള്‍, 35 എന്‍ജിനുകള്‍, 30 ലധികം സൈലന്‍സര്‍, ഫോര്‍ക്കുകള്‍, മറ്റ് സ്‌പെയര്‍പാര്‍ട്‌സുകള്‍ എന്നിവ കണ്ടെത്തി.
കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ചൂഴാലില്‍നിന്ന് ഒരുകിലോമീറ്ററോളം ഉള്ളിലാണ് ഈ ഗോഡൗണ്‍. വീട്ടിലെത്താന്‍ ഒറ്റയടിപ്പാത മാത്രമാണുള്ളത്. നാല് ലോറികളിലായാണ് ബൈക്കുകള്‍ പാറശ്ശാല പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ഭാര്യയും മക്കളുമായി ആഡംബര ജീവിതം നയിക്കുന്ന മുരുകന്‍ അയല്‍വാസികളെ സാമ്പത്തികമായി സഹായിക്കാറുണ്ടായിരുന്നു. അയല്‍വാസികളോട് പഴയ വാഹനങ്ങള്‍ വാങ്ങി പൊളിച്ചുവില്‍ക്കുന്നതാണ് തൊഴിലെന്ന് പറഞ്ഞിരുന്നതിനാല്‍ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല.
ഡിവൈ.എസ്.പി. എസ്.സുരേഷ്‌കുമാര്‍, പാറശ്ശാല സി.ഐ. എസ്.ചന്ദ്രകുമാര്‍, നെയ്യാറ്റിന്‍കര സി.ഐ. സി.ജോണ്‍, പാറശ്ശാല എസ്.ഐ. ഡി.ബിജുകുമാര്‍, ജൂനിയര്‍ എസ്.ഐ. ലൈലാസ് മുഹമ്മദ്, അഡീഷണല്‍ എസ്.ഐ. കൃഷ്ണന്‍കുട്ടി, ഗ്രേഡ് എസ്.ഐ.മാരായ വിന്‍സെന്റ്, തങ്കരാജ്, സീനിയര്‍ സിവില്‍ പോലീസുകാരായ ശിവകുമാര്‍, ഉണ്ണികൃഷ്ണന്‍, അനില്‍കുമാര്‍, മോഹനകുമാര്‍, വിജയദാസ്, സതീഷ്ബാബു, റോയി, പ്രവീണ്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് മുരുകനെ അറസ്റ്റുചെയ്തത്.
നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. എസ്.സുരേഷ്‌കുമാര്‍, പാറശ്ശാല സി.ഐ. എസ്.ചന്ദ്രകുമാര്‍, എസ്.ഐ. ഡി.ബിജുകുമാര്‍, അന്വേഷണത്തില്‍ പങ്കെടുത്ത മറ്റ് പോലീസുദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഗുഡ്‌സര്‍വീസ് എന്‍ട്രി നല്‍കാനും ഡി.ജി.പി.യുടെ മെറിറ്റോറിയസ് സര്‍വീസ് എന്‍ട്രി നല്‍കാനും ശുപാര്‍ശചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി ഷെഫീന്‍ അഹമ്മദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
