
മന്ത്രിയുടെ പി.എ. ചമഞ്ഞ് വന്‍ തട്ടിപ്പ്: രണ്ടുപേര്‍ പിടിയില്‍
Posted on: 18 Jul 2015

മയ്യഴി: മന്ത്രിയുടെ പി.എ.ആയും ഗണ്‍മാനായും അഭിഭാഷകനുമായുമൊക്കെ തെറ്റിദ്ധരിപ്പിച്ച് വന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടുപേര്‍ മാഹി പോലീസിന്റെ പിടിയിലായി. മാഹിയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഒട്ടേറെ തട്ടിപ്പുകളാണ് നാല് മാസത്തിനകം സംഘത്തിന്റെ നേതൃത്വത്തില്‍ നടന്നത്. കേരള ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ചമഞ്ഞാണ് മിക്കയിടങ്ങളിലും തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് തോലിക്കോട് എ.എം.എ. ഹൗസിലെ നാസര്‍ മുഹമ്മദ് എന്ന സഫറുദ്ദീന്‍ (56), കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരത്തെ കടവത്തൂര്‍ ആയിക്കര ഹൗസില്‍ വഹാബ് (46) എന്നിവരെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്തുനിന്ന് മാഹി പോലീസ് അറസ്റ്റുചെയ്തത്.
മാഹി മെയിന്‍റോഡിലെ വിക്ടറി കലക്ഷന്‍സില്‍നിന്ന് ഈ മാസം എട്ടിന് വാങ്ങിയ തുണിത്തരങ്ങളുടെ വിലയായ 32,000 രൂപ നല്കുന്നതിന് സംഘം എ.ടി.എം. കാര്‍ഡ് നല്കിയിരുന്നു. തുണിക്കടയില്‍ ഈ സൗകര്യം ഇല്ലാതിരുന്നതിനാല്‍ നാസര്‍ മുഹമ്മദ് എന്നയാള്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെക്ക് നല്കി. ബാങ്കിലെ അക്കൗണ്ടില്‍ പണമില്ലെന്നതിനാല്‍ ചെക്ക് മടങ്ങി. തുടര്‍ന്ന് കടയുടമ കെ.വി.ഫൈസല്‍ മാഹി പോലീസിന് പരാതി നല്കുകയായിരുന്നു. 13-ന് നല്കിയ പരാതിയില്‍ ഇവര്‍ സഞ്ചരിച്ച കാറിന്റെയും മൊബൈല്‍ഫോണിന്റെയും നമ്പര്‍ നല്കിയിരുന്നു. ഈ പരാതിയെത്തുടര്‍ന്ന് മാഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആള്‍മാറാട്ടത്തട്ടിപ്പ് പുറത്തുവന്നത്. മാഹി സി.ഐ. കണ്ണന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം കേരളത്തിനകത്ത് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് രണ്ടുപേര്‍ അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ ഷിഹാബുദ്ദീന്‍ നെടുമങ്ങാട് പോലീസിന്റെ കസ്റ്റഡിയിലാണെന്ന് സൂചനയുണ്ട്.
തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ മൊബൈല്‍ കടയില്‍ തട്ടിപ്പ് നടത്തിയതും ഇതേ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 17,650 രൂപയുടെ ഫോണ്‍ വാങ്ങിയ ശേഷം പണത്തിനുപകരം എ.ടി.എം. കാര്‍ഡ് നല്കുകയായിരുന്നു. കാര്‍ഡില്‍ പണമില്ലാത്തതിനാല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെക്ക് നല്കി. ചെക്ക് മടങ്ങിയതിനെത്തുടര്‍ന്ന് കടയുടമ തട്ടിപ്പിനിരയായ സംഭവം വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം നല്കി. സന്ദേശം ലഭിച്ച കല്ലറ സ്വദേശിയായ മറ്റൊരു മൊബൈല്‍ ഷോപ്പുടമയുടെ കടയില്‍ രണ്ട് ഫോണുകള്‍ വില്കുന്നതിനായി ഒരാള്‍ കൊണ്ടുവന്നിരുന്നതായി അറിയിച്ചു. സി.സി.ടി.വി. ക്യാമറയില്‍ ആളെ തിരിച്ചറിഞ്ഞ ഇവര്‍ വെഞ്ഞാറമൂട് പോലീസിന് പരാതി നല്കി. ഒരുമാസംമുമ്പ് വെഞ്ഞാറമൂട്ടിലെ ജ്വല്ലറിയില്‍നിന്ന് ഒന്നരലക്ഷം രൂപയുടെ ചെക്ക് നല്കിയ സംഭവവും വെഞ്ഞാറമൂട് സ്റ്റേഷനില്‍ പരാതിയായുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബാങ്ക് ഓഫ് ഇന്ത്യ നെടുമങ്ങാട് ശാഖയില്‍ ചെക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും സംഘം സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും കാണിച്ച് ബാങ്ക് അധികൃതര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി. സംഘം സഞ്ചരിക്കുന്ന കാര്‍, വസ്ത്രങ്ങള്‍, നാല് ടയറുകള്‍, രണ്ട് നിലവിളക്ക്, അലങ്കാരവിളക്കുകള്‍, ഫോണുകള്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, ഫാന്‍, ചെക്ക് ബുക്ക്, എ.ടി.എം. കാര്‍ഡുകള്‍, ബാങ്ക് പാസ് ബുക്കുകള്‍ തുടങ്ങിയവ പോലീസ് പിടികൂടി. ഇവയെല്ലാം കൂടി നാലുലക്ഷത്തിലേറെ രൂപ വിലമതിക്കുന്നതാണ്. മാഹി സബ് ഇന്‍സ്‌പെക്ടര്‍ മുരുകാനന്ദന്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ബിജോയികുമാര്‍, സരോഷ്, പ്രസാദ്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് രണ്ടംഗസംഘത്തെ അറസ്റ്റുചെയ്തത്.
