Crime News

വിദേശികളെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത്്: പിന്നില്‍ അച്ഛനും മകനും

Posted on: 17 Jul 2015


നെടുമ്പാശ്ശേരി: വിദേശികളെ ഉപയോഗപ്പെടുത്തി ദുബായില്‍ നിന്ന് വന്‍ തോതില്‍ സ്വര്‍ണം കടത്തുന്നത് എറണാകുളം ഇടപ്പള്ളി സ്വദേശി മുഹമ്മദ് താരിഖും പിതാവ് അക്ബറുമാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തിങ്കളാഴ്ച 10 കിലോ സ്വര്‍ണവുമായി പിടിയിലായ അയര്‍ലന്‍ഡുകാരന്‍ എഡ്വിന്‍ ആന്‍ഡ്രുവിനെ ചോദ്യം ചെയ്തപ്പോഴാണ് മുഹമ്മദ് താരിഖ്, പിതാവ് അക്ബര്‍ എന്നിവരെ കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചത്. ഇവര്‍ ദുബായില്‍ ബിസിനസ് നടത്തുകയാണ്. അക്ബര്‍ കള്ളക്കടത്ത് കേസില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പിടിക്കപ്പെട്ടിട്ടുള്ള ആളാണ്.

മുഹമ്മദ് താരിഖിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ ബുധനാഴ്ച അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. അപ്പോള്‍, മാതാവും സഹോദരനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വീട്ടില്‍ നിന്ന് ഏതാനും രേഖകള്‍ കണ്ടെടുത്തിട്ടുള്ളതായാണ് സൂചന. അച്ഛനെയും മകനെയും നാട്ടിലെത്തിക്കുന്നതിനായി നടപടികള്‍ തുടങ്ങി. ഇരുവര്‍ക്കുമെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കും. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇവരെ പിടികൂടാനുള്ള നടപടികളും സ്വീകരിക്കും.

ഇതിനിടെ അയര്‍ലന്‍ഡ് സ്വദേശി എഡ്വിന്‍ ആന്‍ഡ്രു ഡല്‍ഹിയിലും വിമാനമിറങ്ങിയിരുന്നതായി കണ്ടെത്തി. ഡല്‍ഹിയില്‍ എത്തിയ ശേഷം ആഭ്യന്തര വിമാനത്തില്‍ കൊച്ചിയിലേക്ക്്് പോരും. മറ്റേതെങ്കിലും വിമാനത്താവളങ്ങളില്‍ ഇയാള്‍ വന്നിറങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്്. ഇന്ത്യയിലെ സമ്പന്നര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം സ്വര്‍ണമാക്കി മാറ്റി നാട്ടിലേയ്ക്ക്്് കടത്തുന്നതായി സൂചന ലഭിച്ചിട്ടുണ്ട്്. അതുകൊണ്ടുതന്നെ അയര്‍ലന്‍ഡ് സ്വദേശിയുടെ ഡല്‍ഹി സന്ദര്‍ശനം അതീവ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. ഡല്‍ഹിയില്‍ ഇയാള്‍ക്ക്് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തത് ആരാണെന്നതുള്‍പ്പെടെയുള്ള വിവരങ്ങളും അന്വേഷിക്കുന്നു. അയര്‍ലന്‍ഡ് സ്വദേശി പതിവായി ഇന്ത്യയില്‍ വന്നുപോകുന്നത് സംബന്ധിച്ച്്് രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയിരുന്നു. എന്നാല്‍ ആദ്യം അതത്ര ഗൗരവത്തില്‍ എടുത്തില്ല. കൊച്ചിയില്‍ പിടിയിലായപ്പോഴാണ് ഇയാളുടെ പിന്നില്‍ ദുബായ് കേന്ദ്രീകരിച്ച്് വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന്്് തിരിച്ചറിയുന്നത്. 20 തവണയായി 125 കിലോ സ്വര്‍ണം കൊച്ചിയിലെത്തിച്ചിട്ടുണ്ടെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം മാത്രം ഇയാള്‍ 12 തവണ കൊച്ചിയില്‍ വന്നുപോയിരുന്നു.

 

 




MathrubhumiMatrimonial