Crime News

റിക്രൂട്ട്‌മെന്റ് കേസ്: തട്ടിപ്പ് നടത്തിയത് എറണാകുളത്തെ സ്ഥാപനത്തിന്റെ പേരില്‍

Posted on: 17 Jul 2015


കാസര്‍കോട്: ഓസ്‌ട്രേലിയയിലെ പ്രമുഖ ഹോട്ടലുകളില്‍ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ മുളിയാര്‍ കാട്ടിപ്പള്ളത്തെ ഷിബിനെ (19) കോടതി റിമാന്‍ഡുചെയ്തു. തൃശ്ശൂരില്‍ പിടിച്ചുപറിക്കേസിലും ഷിബിന്‍ പ്രതിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തൃശ്ശൂര്‍ പഴയന്നൂരില്‍ വീട്ടമ്മയെ തലക്കടിച്ച് പരിക്കേല്പിച്ച് രണ്ടുപവന്‍ മാല കവര്‍ന്ന കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. രണ്ടുപേരുകളില്‍ രണ്ട് സിംകാര്‍ഡുകള്‍ ഉപയോഗിച്ച് വ്യത്യസ്ത ശബ്ദത്തില്‍ സംസാരിച്ച് ഉദ്യോഗാര്‍ഥികളെ വശീകരിച്ച് തട്ടിപ്പുനടത്തിയിരുന്ന ഷിബിന്‍ തന്റെ കുടുംബവേരുകള്‍ ഓസ്‌ട്രേലിയയിലാണെന്നും പ്രചരിപ്പിച്ചിരുന്നു.

ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ എറണാകുളത്തെ ജോബ് കണ്‍സള്‍ട്ടന്‍സിയുടെ പേരാണ് തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. കാസര്‍കോട് ഇന്റര്‍വ്യൂ നടത്തിയ ഹോട്ടലില്‍ കോണ്‍ഫറന്‍സ്ഹാള്‍ ബുക്ക് ചെയ്യുന്നതിന് ഷിബിന്‍ നല്കിയ വിസിറ്റിങ് കാര്‍ഡില്‍ 'വിസ്‌കോ ജോബ് കണ്‍സള്‍ട്ടന്‍സി', എറണാകുളം എന്ന അഡ്രസ്സാണുള്ളത്. എന്നാല്‍, ഇത്തരത്തിലൊരു സ്ഥാപനമുണ്ടോ എന്ന് സംശയിക്കുന്നതായും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി എറണാകുളത്ത് കൊണ്ടുപോയി അന്വേഷിച്ചാല്‍മാത്രമേ സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകൂ എന്നും പോലീസ് പറഞ്ഞു. വിസ വാഗ്ദാനത്തില്‍ വഞ്ചിതരായതില്‍ നല്ലൊരു ശതമാനവും തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലായതിനാല്‍ ഇവിടങ്ങളില്‍ റിക്രൂട്ടിങ് സംഘത്തിന്റെ ശൃംഖല വ്യാപിപ്പിച്ചിട്ടുണ്ടാകുമെന്നും സംശയിക്കുന്നുണ്ട്.

തന്റെ മാതാപിതാക്കള്‍ ഓസ്‌ട്രേലിയയില്‍ ഡോക്ടര്‍മാര്‍ ആണെന്നും താന്‍ അവിടെയാണ് പഠനം നടത്തിയതെന്നും ഷിബിന്‍ പ്രചരിപ്പിച്ചിരുന്നു. തന്റെ സഹോദരി മംഗലാപുരത്തെ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണെന്ന് പറഞ്ഞ ഷിബിന്‍ താന്‍ ഇപ്പോള്‍ ചലച്ചിത്രമേഖലയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുകയാണെന്നും പറഞ്ഞിരുന്നു. വിസ തട്ടിപ്പ് നടത്താന്‍ ഷിബിന്‍ കൃത്യമായ ആസൂത്രണങ്ങള്‍ നടത്തിയിരുന്നതായും തെളിഞ്ഞിട്ടുണ്ട്.

കഴിഞ്ഞദിവസങ്ങളില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത ബാര്‍ ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് ഇന്റര്‍വ്യു നടത്തുന്നതിനിടെയാണ് ഷിബിന്‍ പോലീസ് പിടിയിലാകുന്നത്. ഷിബിന്റെ പക്കല്‍നിന്ന് 19 ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളടങ്ങിയ രേഖകള്‍ പോലീസ് കണ്ടെത്തി. ഒരു ലക്ഷത്തോളം രൂപ ഷിബിന്‍ കാസര്‍കോട് നടത്തിയ ഇന്റര്‍വ്യൂവിലൂടെ മാത്രം കൈപ്പറ്റിയിരുന്നു.

 

 




MathrubhumiMatrimonial