
വിദ്യാര്‍ഥിനികളുടെ മരണം: കോന്നി എസ്.ഐ. സംഭവസ്ഥലം പരിശോധിച്ചു
Posted on: 16 Jul 2015

ഒറ്റപ്പാലം: റെയില്‍വേട്രാക്കില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണസംഘം ജില്ലയിലെ വിവിധയിടങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കോന്നി എസ്.ഐ. ബി. വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം എത്തിയത്.
ഒറ്റപ്പാലം എസ്.ഐ. കെ. കൃഷ്ണനൊപ്പം സംഭവനടന്ന പൂക്കാട്ടുകുന്നില്‍ ബുധനാഴ്ച രാവിലെ പരിശോധന നടത്തി. മൃതദേഹം ആദ്യം കണ്ടവരുടെയും ഗാങ്മാന്‍ മുഹമ്മദലിയുടെയും മൊഴികള്‍ രേഖപ്പെടുത്തി. ഇതിനുശേഷം ലക്കിടി, മങ്കര റെയില്‍വേസ്റ്റേഷന്‍ അധികൃതരില്‍നിന്ന് സംഭവദിവസം രാവിലെ കടന്നുപോയ തീവണ്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഈ റെയില്‍വേസ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവസ്ഥലം.
പാലക്കാട് ഒലവക്കോട് റെയില്‍വേസ്റ്റേഷനിലെത്തിയ പോലീസ് സംഘം സംഭവദിവസം ഈ സമയത്ത് കടന്നുപോയ തീവണ്ടികളുടെ ലോക്കോപൈലറ്റുമാരുടെയും ഗാര്‍ഡുമാരുടെയും വിവരങ്ങള്‍ ശേഖരിച്ചു.
മൂന്നുപേരുടെ മൊഴിയെടുത്തു. ആരും കണ്ടില്ലെന്നാണ് നല്‍കിയ വിവരം. പത്തനംതിട്ട കോന്നി ഐരവണ്‍ തിരുമല ആതിര ആര്‍. നായര്‍ (17), കോന്നി തെങ്ങുംകാവ് പുത്തന്‍പറമ്പില്‍ എസ്. രാജി (16) എന്നിവരാണ് മരിച്ചത്. ആര്യ കെ. സുരേഷ് (16) ഗുരുതരപരിക്കേറ്റ് ചികിത്സയിലാണ്. തീവണ്ടിയില്‍നിന്ന് ചാടിയതാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്സില്‍നിന്നാണ് വിദ്യാര്‍ഥിനികളുടെ ബാഗ് ലഭിച്ചത്. എന്നാല്‍, തിങ്കളാഴ്ച രാവിലെ ഏഴോടെ കേരള എക്‌സ്പ്രസ് കടന്നുപോയതിനുശേഷമാണ് കുട്ടികളെ കണ്ടെത്തുന്നത്. കേരള എക്‌സ്പ്രസ്സിനേക്കാള്‍ രണ്ടുമണിക്കൂര്‍മുമ്പ് കടന്നുപോകുന്ന വണ്ടിയാണ് ഐലന്‍ഡ് എക്‌സ്പ്രസ്.
