Crime News

ലോക്കപ്പ് വേണ്ടെന്ന നിര്‍ദ്ദേശം ഇന്നും കടലാസില്‍

Posted on: 16 Jul 2015

പി.കെ. ജയചന്ദ്രന്‍



കൊച്ചി: പോലീസ് സ്റ്റേഷനുകളില്‍ ലോക്കപ്പ് മര്‍ദ്ദനവും മരണവും തുടരുമ്പോള്‍, അതൊഴിവാക്കാന്‍ പത്ത് വര്‍ഷം മുമ്പ് ജസ്റ്റിസ് കെ.ടി. തോമസ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം കടലാസില്‍ ഉറങ്ങുന്നു. പോലീസ്സ്‌റ്റേഷനിലെ ലോക്കപ്പുകളില്‍ കൊടിയ മര്‍ദ്ദനത്തിന് ഇരയായി മരിച്ചവര്‍ അനേകമാണ്. മരിച്ചതിനു തുല്യം ജീവിച്ചവരും ധാരാളം. ഈ പശ്ചാത്തലത്തിലാണ് എല്ലാ സ്റ്റേഷനിലും ലോക്കപ്പ് എന്നതിനു പകരം പൊതുലോക്കപ്പ് എന്ന ആശയം ജസ്റ്റിസ് കെ.ടി. തോമസിന്റെ പോലീസ് പരിഷ്‌കരണ കമ്മീഷന്‍ മുന്നോട്ടുവച്ചത്. എന്നാല്‍, ലോക്കപ്പ് ഇഷ്ടപ്പെടുന്ന കേരള പോലീസോ പോലീസിനെ പിണക്കാന്‍ താല്പര്യമില്ലാത്ത സര്‍ക്കാരോ അത് നടപ്പാക്കാന്‍ കൂട്ടാക്കിയിട്ടില്ല.

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ കോട്ടയം ജില്ലയിലെ മണര്‍കാട്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കിയെങ്കിലും പിന്നീടൊന്നും നടന്നില്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് കേന്ദ്രീകൃത ലോക്കപ്പ് സംവിധാനമേര്‍പ്പെടുത്തുമെന്ന് അന്നദ്ദേഹം നിയമസഭയില്‍ പറഞ്ഞതുമാണ്. കസ്റ്റഡിയിലെടുക്കുന്നവരോടുള്ള പോലീസിന്റെ സമീപനം അതിരുകടക്കുന്നു എന്ന് ബോധ്യമായതിനാലാണ് ഓരോ സ്റ്റേഷനിലും ലോക്കപ്പ് വേണ്ടെന്നും കുറെയേറെ സ്റ്റേഷനുകള്‍ക്കായി പൊതുലോക്കപ്പ് ആകാമെന്നും ജസ്റ്റിസ് തോമസ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. സ്റ്റേഷന്‍, പോലീസുകാര്‍ക്ക് എന്തും ചെയ്യാന്‍ സ്വാതന്ത്ര്യം കൊടുക്കുന്ന ഇടമാണ്. അവിടത്തെ ലോക്കപ്പില്‍ കിടക്കുന്ന പ്രതിയെ എന്തുചെയ്താലും തടയാന്‍ ആരും ഉണ്ടാവില്ല. ആരും അറിയുകയുമില്ല. പൊതുലോക്കപ്പ് ആകുമ്പോള്‍ അതിന്റെ ചുമതലക്കാര്‍ സ്റ്റേഷനില്‍ നിന്നുള്ളവരല്ല, പ്രതിയെ പിടിച്ചുകൊണ്ടുവരുന്നവരുമല്ല. രാത്രി ഒന്‍പത് മുതല്‍ പിറ്റേന്ന് രാവിലെ ഏഴ് വരെ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ട പ്രതികളെയാണ് ഇവിടെയെത്തിക്കുന്നത്. പ്രതികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പൂര്‍ണ ഉത്തരവാദിയായിരിക്കും.

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പോലീസ് പരിഷ്‌കരണത്തിനായി ജസ്റ്റിസ് തോമസ് കമ്മീഷനെ നിയോഗിച്ചത്. 2006ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 2007ല്‍ ഇതു സംബന്ധിച്ച് കരടുരേഖ തയ്യാറാക്കി പല തലങ്ങളില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. നിര്‍ദ്ദേശങ്ങളില്‍, ജനമൈത്രി പോലീസ് രൂപവത്കരണമാണ് കുറച്ചെങ്കിലും മുന്നോട്ടുപോയത്. സെന്‍ട്രല്‍ ജയിലുകളില്‍ തടവുകാരുടെ എണ്ണം കൂടുകയും സബ്ജയിലുകള്‍ ഇല്ലാതിരിക്കുകയും ചെയ്ത കാലത്താണ് ഒരു മാസത്തില്‍ താഴെ തടവ് ലഭിക്കുന്ന കുറ്റവാളികളെ പാര്‍പ്പിക്കാന്‍ പോലീസ് സ്റ്റേഷനുകളില്‍ ലോക്കപ്പ് തുടങ്ങിയത്. പിന്നീട് സബ്ജയില്‍ തുടങ്ങിയപ്പോഴും ലോക്കപ്പ് നിലനില്‍ക്കുകയായിരുന്നു.

 

 




MathrubhumiMatrimonial