Crime News

സഫിയ വധക്കേസ് : ഹംസയും ഭാര്യയുമുള്‍പ്പെടെ മൂന്ന് പേര്‍ കുറ്റക്കാര്‍, രണ്ട് പേരെ വെറുതെ വിട്ടു

Posted on: 15 Jul 2015


കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച സഫിയ വധക്കേസില്‍ ഒന്നാം പ്രതി കാസര്‍കോട് മുളിയാര്‍ മാസ്തികുണ്ടിലെ കെ.സി.ഹംസ (50) ഉള്‍പ്പെടെ മൂന്ന് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പതിമ്മൂന്ന് കാരിയായിരുന്ന സഫിയയെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ടു എന്ന കുറ്റം ഹംസക്കെതിരെ തെളിയിക്കപ്പെട്ടു. ഹംസയുടെ ഭാര്യയും മൂന്നാം പ്രതിയുമായ മൈമുന (37), നാലാംപ്രതിയും ഹംസയുടെ ബന്ധുവുമായ കുമ്പള ആരിക്കാടി കുന്നില്‍ എം.അബ്ദുല്ല (58) എന്നിവരും കുറ്റക്കാരാണെന്ന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. കേസിലെ രണ്ടാം പ്രതിയായ ദൊഡ്ഡപ്പിള്ളി മൊയ്തു ഹാജി, അഞ്ചാം പ്രതി റിട്ട.എ.എസ്.ഐ പി.എന്‍.ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്ന കാരണത്താല്‍ കോടതി വെറുതെവിട്ടു.

ഒരു ദൃക്‌സാക്ഷി പോലും ഇല്ലാതെ പൂര്‍ണമായും ശാസ്ത്രീയ-സാഹചര്യത്തെളിവുകളിലൂടെയാണ് കേസ് തെളിയിച്ചത്. ഇത്തരത്തില്‍ തെളിയിക്കപ്പെട്ട് കോടതിയില്‍ വിധി പറയുന്ന കേരളത്തിലെ രണ്ടാമത്തെ കേസാണ് സഫിയ കേസ്. ആദ്യകേസ് എറണാകുളം കോതമംഗലത്ത് 2009-ല്‍ നടന്ന അജാസ് കൊലക്കേസാണ്.

ഒന്നാം പ്രതി ഹംസക്കെതിരെ കൊലക്കുറ്റത്തിന് (ഐ.പി.സി. 302), കുറ്റകൃത്യം മറച്ചുവെച്ചു (ഐ.പി.സി. 201)എന്ന കുറ്റവും നിയമപരമായ രക്ഷാകര്‍തൃത്വത്തില്‍ നിന്നും തട്ടി എടുക്കല്‍ (ഐ.പി.സി. 361) കുറ്റവും തെളിയിക്കപ്പെട്ടിട്ടുണ്ട്. മൈമുനയ്‌ക്കെതിരെ ഐ.പി.സി. 201, 361 കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. നാലാംപ്രതി അബ്ദുള്ളക്കെതിരെ ഐ.പി.സി. 201ഉം തെളിയിക്കപ്പെട്ടു. പ്രതികള്‍ക്കെതിരെ ചുമത്തിയ ബാലപീഡനം തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോടതി വിധിച്ചു.

കുറ്റക്കാര്‍ക്കെതിരെയുള്ള ശിക്ഷയുടെ കാര്യത്തില്‍ ബുധനാഴ്ച വീണ്ടും വാദം നടക്കും. പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എം.ജെ.ശക്തിധരനാണ് പ്രതികള്‍ കുറ്റക്കാരെന്ന് വിധച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ സി.ഷുക്കൂറാണ് വാദിഭാഗത്തിന് വേണ്ടി ഹാജരായത്.

ഗോവയിലെ കരാറുകാരനായ മുളിയാര്‍ മാസ്തികുണ്ടിലെ കെ.സി.ഹംസയുടെ വീട്ടുജോലിക്കാരിയായിരുന്ന സഫിയയെ 2006 ഡിസംബറിലാണ് കാണാതാകുന്നത്. ഒന്നരവര്‍ഷത്തിനുശേഷം ലോക്കല്‍ പോലീസില്‍ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് അന്വേഷണം മാറ്റിയതോടെയാണ് സഫിയ കൊല്ലപ്പെട്ടതായി തെളിയുന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തിയത് . 2008 ജൂലായ് ഒന്നിനാണ് കേസിലെ ഒന്നാം പ്രതി ഹംസയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 2008 ജൂലായ് ആറിന് ഗോവയില്‍ നിന്ന് സഫിയയുടെ അസ്ഥികൂടം കുഴിച്ചെടുത്തു.

കേസിലെ ഒന്നാം പ്രതി ഹംസക്കെതിരെ കൊലപാതകം, കുറ്റകൃത്യം മറച്ചു വെക്കല്‍, അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍, വ്യാജ മൊഴി നല്‍കി കേസ് രജിസ്റ്റര്‍ ചെയ്യല്‍, ബാലപീഡനം എന്നിവയാണ് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നത്. കുടകിലായിരുന്ന സഫിയയെ കാസര്‍കോട് എത്തിച്ച ദൊഡ്ഡപ്പള്ളി മൊയ്തു ഹാജിക്കെതിരെ ബാലപീഡനമാണ് ചുമത്തിയിരുന്നത്. മൈമുനയ്‌ക്കെതിരെ ബാലപീഡനം, അന്യായമായി തടങ്കലില്‍ വെക്കല്‍, കുറ്റകൃത്യം മറച്ചു വെക്കല്‍ എന്നിവയും അബ്ദുള്ളയ്‌ക്കെതിരെ സഫിയയുടെ ശരീരം മറച്ചു വെക്കുന്നതിനു സഹായം ചെയ്തു എന്നുമാണ് ആരോപിച്ചിരുന്നത്. എ.എസ്.ഐ. ആയി വിരമിച്ച ഗോപാലകൃഷ്ണനെതിരെ കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നത്.

 

 




MathrubhumiMatrimonial