Crime News

ഫ്ലൂറ്റിലെ ആത്മഹത്യ: വീട്ടമ്മയ്‌ക്കൊപ്പം കഴിഞ്ഞിരുന്നയാള്‍ അറസ്റ്റില്‍

Posted on: 14 Jul 2015


കൊച്ചി: ഇടപ്പള്ളിയില്‍ ഫ്ലൂറ്റിനകത്ത് ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അമ്മയും ആറു വയസ്സുകാരി മകളും മരിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി പ്രശാന്തി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ റാല്‍ക്കണ്‍ റിട്രീറ്റില്‍ താമസിച്ചിരുന്ന വേണി, മകള്‍ കിരണ്‍ എന്നിവരാണ് ശനിയാഴ്ച ഫ്ലൂറ്റിനുള്ളില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് മരിച്ചത്. ആത്മഹത്യയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതേപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് വേണിക്കൊപ്പം താമസിച്ചിരുന്ന പത്തനംതിട്ട വലിയകാലയില്‍ സിബു ജോര്‍ജിനെ (36) എളമക്കര എസ്.ഐ. വി.സി. സൂരജിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.

കൊച്ചിയിലെ ഒരു സ്വകാര്യ ബാങ്കിന്റെ മാനേജരാണ് സിബു. ഇദ്ദേഹത്തിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ ജോലി ചെയ്യുമ്പോഴാണ് സിബു ജോര്‍ജ് വേണിയുമായി പരിചയം സ്ഥാപിക്കുന്നത്. തുടര്‍ന്ന് വേണി ഭര്‍ത്താവിനെയും മകനെയും വിട്ട് സിബുവിനൊപ്പം താമസം തുടങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സിബു വേണിയെ ശാരീരികമായി പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സിബുവിന് മറ്റ് സ്ത്രീകളുമായുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലിയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു.

ഈ പ്രശ്‌നങ്ങളാണ് വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പാചകവാതക സിലിന്‍ഡര്‍ കിടപ്പുമുറിയില്‍ കൊണ്ടുവെച്ച് വീട്ടമ്മ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആത്മഹത്യക്ക് കാരണക്കാരനായ സിബു ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വേണിയുടെ ബന്ധുക്കള്‍ ഞായറാഴ്ച മൃതദേഹങ്ങളുമായെത്തി എളമക്കര പോലീസ് സ്റ്റേഷനു മുമ്പില്‍ പ്രതിഷേധിച്ചിരുന്നു.

 

 




MathrubhumiMatrimonial